Sorry, you need to enable JavaScript to visit this website.

പിണറായിയെ പിഴുതെറിയും വരെ യു.ഡി.എഫ് സമരം -എം.എം.ഹസൻ

കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനവിധി-2020 സംവാദത്തിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ സംസാരിക്കുന്നു.

കൊല്ലം- തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അഴിമതിയുടെ പത്മവ്യൂഹത്തിലിരിക്കുന്ന മുഖ്യമന്ത്രി രാജിവെക്കും വരെ യു.ഡി.എഫ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. പിണറായിയെ പിഴുതെറിയും വരെ യു.ഡി.എഫ് സമരം ചെയ്യും. കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനവിധി-2020 സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 
വികസനത്തിനൊരു വോട്ടെന്നാണ് എൽ.ഡി.എഫിന്റെ മുദ്രാവാക്യം. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കീഴിലുള്ള എല്ലാ ഭരണ സ്ഥാപനങ്ങളിലും  വികസനം നടത്തിയത് തന്നെ അഴിമതിയ്ക്ക് വേണ്ടിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്തയെ തകർത്ത എൽ.ഡി.എഫ് സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ മറുപടി വോട്ടർമാർ നൽകുമെന്നും എൽ.ഡി.എഫിന്റെ വികസനത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രത്തിലെ എല്ലാ ഏജൻസികളും കേരളത്തിൽ വട്ടമിട്ടു പറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 


സ്പ്രിംഗഌ ഇടപാടിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചത് മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ റിപ്പോർട്ട് അട്ടിമറിക്കാനാണ്. 
സർക്കാരിന്റെ മുഖം നഷ്ടപ്പെടുന്നതിനാലാണ് ആ റിപ്പോർട്ട് പുറത്ത് കാണിക്കാതെ മറ്റൊരു കമ്മിറ്റിയെ വെച്ചത്. കേരളത്തിൽ എന്തുമാകാമെന്നതാണ് ഇതിനെ കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ സി. രവീന്ദ്രൻ ആശുപത്രി വാസം തുടരും. സി. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുമെന്ന ഭയമുള്ളതുകൊണ്ട് ആശുപത്രി വാസവും നീളും. പല കേസുകളിലും ചികിത്സയിലിരിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള അനുമതി അന്വേഷണ ഏജൻസികൾക്ക് നേരത്തെ കോടതി കൊടുത്തിട്ടിട്ടുള്ളതു പോലെ ഈ കേസിലും അനുമതി കൊടുക്കുമെന്ന് കരുതുന്നു. ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ ഒരു മുന്നേറ്റവും നടത്താൻ പോകുന്നില്ല. ജോസ് കെ.മാണിയുടെ വരവ് എൽ.ഡി.എഫിന് ഗുണം ചെയ്യില്ല. മാണി സാറിനെ സ്‌നേഹിക്കുന്നവർ യു.ഡി.എഫിനേ വോട്ട് ചെയ്യുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.ഷാനവാസ്ഖാൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


 

Latest News