Sorry, you need to enable JavaScript to visit this website.

കാമുകിയുടെ വീട്ടില്‍ സി.പി.എം നേതാവിന്റെ പാതിരാ സന്ദര്‍ശനം; പിടിവീണപ്പോള്‍ ഓടിരക്ഷപ്പെട്ടു

 ഇടുക്കി-പ്രായപൂര്‍ത്തിയാകാത്ത പെണ്‍സുഹൃത്തിന്റെ വീട്ടില്‍ പാതിരാവില്‍ രഹസ്യ സന്ദര്‍ശനത്തിനെത്തിയ സി. പി. എം യുവനേതാവ് വീട്ടുകാര്‍ പിടികൂടിയപ്പോള്‍ ഓടി രക്ഷപ്പെട്ടു.


ഇയാള്‍ കൊണ്ടുവന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ  വാഹനം പോലിസ് പിടിച്ചെടുത്തു. നെടുങ്കണ്ടം കൊമ്പന്‍മല സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സി.പി.എം തലയൂരി.  


 വാഹനവും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശമനുസരിച്ച് കേസ് എടുക്കുമെന്നാണ് പോലീസ് വിശദീകരണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ അര്‍ധരാത്രിയോടെയാണ് യുവനേതാവ് എത്തിയത്. എന്നാല്‍ പുലര്‍ച്ചെയോടെ പെണ്‍കുട്ടിയുടെ അമ്മ ഇയാളെ കണ്ടെത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.


പോലീസ്  വീടിനു പുറത്ത് കിടന്നിരുന്ന വാഹനവും ഇയാളുടെ മൊബൈല്‍ ഫോണും മുണ്ടും അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച കൊടികളും പിടിച്ചെടുത്തു.  എന്നാല്‍ ഭയം മൂലം ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍  പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയാറായില്ല. അതേ സമയം പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ പോലീസ് അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും ഇയാള്‍ക്കെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.


പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പരിപാടി സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ അനുമോദനം ഏറ്റുവാങ്ങിയ ഒരാളായിരുന്നു  പെണ്‍കുട്ടി. ഈ പരിപാടി മറയാക്കി നേതാവ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയും മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയായിരുന്നു. അതേ സമയം തെരഞ്ഞെടുപ്പ് കാലത്ത് പേരുദോഷം വരുത്തിവച്ച യുവ നേതാവിനെ പാര്‍ട്ടി പുറത്താക്കി.


എന്നാല്‍ ഇയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ ഒഴിവാക്കാന്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതായി യു. ഡി. എഫ് ആരോപിക്കുന്നു.

 

Latest News