Sorry, you need to enable JavaScript to visit this website.

തുരുമ്പെടുക്കുന്ന തൂണുകൾ

വീണ്ടുമൊരു ഭരണഘടനാ ദിനം കഴിഞ്ഞുപോകുമ്പോൾ വാഴ്ത്തിപ്പാടലുകൾ പോലും ശുഷ്‌കമാകുന്നു. ഓരോ ദിനം കഴിയുന്തോറും ഭരണഘടനയുടെ മൂല്യങ്ങളെ റദ്ദ് ചെയ്യാനാണ് ശ്രമം. ഭരണഘടനയെ സംരക്ഷിച്ചുനിർത്താൻ ബാധ്യതപ്പെട്ട നിയമ നിർമാണ സഭകളും ജുഡീഷ്യറിയും പോലും നിർദയം ഈ ശ്രമങ്ങൾക്ക് അരികു ചേർന്ന് നീങ്ങുകയാണ്.

 

കൊറോണക്കാലമായതുകൊണ്ടാവാം, ഭരണഘടനാ ദിനത്തിൽ വാഴ്ത്തിപ്പാടലുകൾ കാര്യമായൊന്നും കണ്ടില്ല. പതിവു വാചോടാപങ്ങൾക്ക് ക്ഷാമമൊട്ടില്ലതാനും. 1949 നവംബർ 26 നാണ് കരടു ഭരണഘടന കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി സമർപ്പിക്കുന്നത്. അതിന് ഒരു ദിവസം മുമ്പ് ഭരണഘടനാ ശിൽപിയായ അംബേദ്കർ ചോദിച്ചു, ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനക്ക് എന്തു സംഭവിക്കുമെന്ന്. ആശങ്കാകുലമായ ആ ചോദ്യത്തിന് ഇന്ത്യ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്ന സവിശേഷ സന്ദർഭത്തിലാണ് വീണ്ടും ഒരു ഭരണഘടനാ ദിനം കൂടി കൊഴിഞ്ഞുപോയത്.
ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് സി.പി.ഐ നേതാവ് ഡി. രാജ പറയുന്നത്, ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരേയുള്ള ഭീഷണിയാണ് അതെന്നാണ്. രാജ്യത്തെ താങ്ങിനിർത്തുന്നുവെന്ന് നാം വിശേഷിപ്പിക്കുന്ന എല്ലാ തൂണുകളിൽനിന്നും ഭരണഘടന ഭീഷണി നേരിടുന്നു. ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഭരണഘടനാതീതമായി പ്രവർത്തിക്കാനുള്ള ത്വര കാട്ടുന്നു. നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് നരേന്ദ്ര മോഡി സർക്കാരാണ്. എന്നാൽ ഭരണഘടനാ മൂല്യങ്ങൾക്ക് ഏറ്റവുമധികം വെല്ലുവിളി ഉയർത്തുന്നത് സംഘ്പരിവാറാണ്.


നിയമനിർമാണ സഭകളുടെ കാര്യം തന്നെയെടുക്കാം. രാജ്യത്ത് പാസാക്കുന്ന ഓരോ നിയമവും ഭരണഘടനയുടെ ചൈതന്യം ഉൾക്കൊള്ളണമെന്നാണ് നമ്മുടെ സങ്കൽപം. എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്. പാർലമെന്റിൽ വേണ്ടത്ര ചർച്ചകൾ പോലും ഇല്ലാതെയാണ് നിയമങ്ങൾ ചുട്ടെടുക്കുന്നത്. 
കർഷക വിരുദ്ധ ബില്ലുകൾ തന്നെ ഏറ്റവും സമീപകാലത്തെ ഉദാഹരണം. രാജ്യത്തെ കർഷക മനസ്സുകൾ ഈ നിയമങ്ങളെച്ചൊല്ലി പുകയുകയാണ്. പ്രക്ഷോഭം കാർഷിക സംസ്ഥാനങ്ങളെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. ലേബർ കോഡ് നിയമങ്ങളുടെ അവസ്ഥയും ഇതു തന്നെ. കർഷകരേയും തൊഴിലാളികളേയും ദ്രോഹിക്കുന്ന നിയമങ്ങൾ അവരുടെ ഇംഗിതങ്ങൾക്ക് വിരുദ്ധമായി പാർലമെന്റ് പാസാക്കുമ്പോൾ അത് ഭരണഘടനയെ വെല്ലുവിളിക്കലാണ്. പാർലമെന്റ് നോക്കുകുത്തിയാകുമ്പോൾ ജനാധിപത്യം അപകടത്തിൽ പെടുന്നു.


ജുഡീഷ്യറിയുടെ അവസ്ഥയും ഇതു തന്നെയാണ്. ഭരണഘടനയുടെ 32 ാം വകുപ്പനുസരിച്ചുളള പരാതികൾ പരമോന്നത കോടതി പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ പ്രഖ്യാപിക്കുമ്പോൾ അർഥം വ്യക്തമാണ്. ഭരണഘടനക്കെതിരെ നടക്കുന്നത് കണക്കു കൂട്ടിയുള്ള നീക്കങ്ങളാണ്. മൗലികാവകാക ലംഘനത്തിനതിരെ ഒരു പൗരന് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാൻ സഹായിക്കുന്ന ഈ വകുപ്പ്, ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് എന്നാണ് അംബേദ്കർ വിശേഷിപ്പിച്ചത്. ഭരണഘടനാ ചർച്ചയിൽ അംബേദ്കർ പറഞ്ഞു: ഏതെങ്കിലും ഒരു ഭരണഘടനാ വകുപ്പിനെ ഏറ്റവും സുപ്രധാനമെന്ന് വിശേഷിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ അത് മുപ്പത്തിരണ്ടാം വകുപ്പാണെന്ന് ഞാൻ പറയും. അതില്ലാതെ ഈ ഭരണഘടനക്ക് നിലനിൽപില്ല. ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണത്. ഈ ആത്മാവിനെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രണ്ടു പ്രാവശ്യം തള്ളിപ്പറഞ്ഞത്. ഭരണഘടനാ മൂല്യങ്ങളെ പരമോന്നത കോടതി പോലും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന് വേറെയെന്തു തെളിവു വേണം?


ഭരണഘടനയെ മാനിക്കാത്തവരും അതിന്റെ ആത്മാവ് ഉൾക്കൊള്ളാത്തവരും ഭരണഘടനയെ വിശുദ്ധ പുസ്തകം എന്ന് വിളിക്കുമ്പോൾ ഡോ. അംബേദ്കറെ ഓർമ വരുന്നു. ഭരണഘടന കൈകാര്യം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണഘടനയിലെ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നവർക്കെതിരായ നിലപാട് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. 70 വർഷങ്ങൾ കഴിയുന്നു. ഈ മൂല്യബോധത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ന് ചിലർ ഭരണഘടന കത്തിക്കണമെന്ന് ആഗ്രഹിക്കുന്നത്. മറിച്ച്, ഭരണഘടന ഉയർത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങൾ ഇല്ലാതാകണമെന്ന് അദമ്യമായി ആഗ്രഹിക്കുന്നതുകൊണ്ടാണ്.
ഭരണഘടനക്ക് കോൺസ്റ്റിറ്റിയൂഷനൽ അസംബ്ലി അംഗീകാരം നൽകിയ ദിവസം അതിനെതിരെ സ്വന്തം മുഖപത്രത്തിൽ ലേഖനം എഴുതിയവരുടെ പിൻഗാമികളാണ് ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നത് എന്നത് ചരിത്രത്തിലെ വൈരുധ്യമാകാം. ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെടുമ്പോഴുള്ളതിൽനിന്നുള്ള ഒരു വ്യത്യസ്ത നിലപാടും തങ്ങൾക്കുള്ളതായി അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാഴ്‌വാക്കുകൾ കൊണ്ട് മൂടിപ്പൊതിഞ്ഞ് നടത്തുന്ന ചില പ്രസ്താവങ്ങളല്ലാതെ. രാജ്യത്തെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും ഭരണഘടനയുടെ ചൈതന്യമായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ഭീതിയുടെ റിപ്പബ്ലിക് ആയി മാറുമായിരുന്നില്ല. 


ഭരണഘടനയുടെ ആത്മാവ് മോഡി ഭരണത്തിൽ പിച്ചിച്ചീന്തപ്പെടുന്നുവെന്ന തോന്നൽ വ്യാപകമാണ്. ഒരുപക്ഷേ ഈ സർക്കാരിനെതിരായ രാഷ്ട്രീയ പ്രസ്താവനകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട വാക്കും ഭരണഘടനയെന്നാവും. അംബേദ്കർ സൂചിപ്പിച്ച പോലെ, സവിശേഷ ന്യൂനപക്ഷങ്ങൾ ഈ ഭരണത്തിന് കീഴിൽ അതിവേഗം അന്യവത്കരിക്കപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നയപരമായ പല തീരുമാനങ്ങളും ഭരണഘടനയുടെ യഥാർഥ അന്തസ്സത്തക്ക് വിരുദ്ധമാണെന്ന വിലയിരുത്തൽ ശക്തമായ സാഹചര്യത്തിലാണ് ഈ വിമർശം പ്രസക്തമാകുന്നത്. 
സാമൂഹിക നീതിയും ജനാധിപത്യവുമാണ് ഭരണഘടനയുടെ അന്തസ്സത്ത. അത് പാലിക്കാൻ കഴിയാത്തവർക്ക് ഭരണഘടനയുടെ മൂല്യങ്ങളെ അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ വ്യത്യസ്ത മത, സംസ്‌കാര, ഭാഷകൾ പിന്തുടരുന്ന ജനങ്ങളുടെ കൂട്ടായ്മയാണ്. അതിനാൽ തന്നെ ബഹുസ്വരതയാണ് ഈ രാജ്യത്തിന്റെ ആത്മാവ്. അത് നമ്മെ പഠിപ്പിക്കുന്നത് ഭരണഘടനയാണ്. ഏകശിലാരൂപമായ ഒരു സംസ്‌കാരത്തിന്റെയോ ഭാഷയുടെയോ നാടല്ല ഭാരതം. ബഹുസ്വരതയെ അംഗീകരിക്കാത്തവരാണ് ഒരു പ്രത്യേക ഭാഷയെ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുന്നത്. അവർ പ്രതിപക്ഷത്തെ മാനിക്കുന്നില്ല. പരിപൂർണമായും വിശ്വാസ്യമല്ലാത്ത ഒരു തെരഞ്ഞെടുപ്പിലൂടെ നേടിയെടുത്ത ഭൂരിപക്ഷം മാത്രമാണ് അവരുടെ ആയുധം. എന്നാൽ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ആരേയും ഭരണഘടനക്ക് അതീതരാക്കുന്നില്ല. ഈ യാഥാർഥ്യം വിസ്മരിച്ചുകൊണ്ടാണ് നാം ഭരണഘടനാ ദിനം ആചരിക്കുന്നത്. 


സർക്കാർ മാത്രമല്ല, നമ്മുടെ ജുഡീഷ്യറിയും ഭരണഘടനാ ധാർമികതയെ പലപ്പോഴും മറന്നുപോകുന്നു. ഒരു തർക്കമുണ്ടാകുമ്പോൾ അത്, ഭരണഘടനയുടെ മൂല്യങ്ങളോട് എത്രമാത്രം അടുത്തു നിൽക്കുന്നു അല്ലെങ്കിൽ അകന്നു നിൽക്കുന്നു എന്ന് നിശ്ചയിക്കാനാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചുകൾക്ക് രൂപം നൽകുന്നത്. കൃത്യമായ നിയമ വ്യവസ്ഥകൾക്കപ്പുറത്തേക്ക് കടന്ന് ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടി വരുമ്പോഴാണ് നാം ഭരണഘടനയുടെ അന്തസ്സത്തെയെക്കുറിച്ച് അന്വേഷിക്കുന്നത്. എന്നാൽ, ഭരണകൂടത്തിന്റെ സ്വാധീനം കൊണ്ടോ അല്ലാതെയോ, പരമോന്നത കോടതി പോലും വിധിപ്രസ്താവങ്ങളിൽ ഈ ധാർമിതകയെ ഉയർത്തിപ്പിടിക്കാൻ മറക്കുന്നു. അയോധ്യാ ഭൂമി തർക്കത്തിലും ശബരിമല സ്ത്രീപ്രവേശത്തിലും സുപ്രീം കോടതി നൽകിയ വിധികൾ ഭരണഘടനയുടെ മൂല്യങ്ങൾക്കാണോ ചില പ്രത്യേക വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കാണോ പ്രാധാന്യം നൽകുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഈ രണ്ട് കാര്യങ്ങളിലും ഭരണഘടനക്കപ്പുറം, വിശ്വാസം എന്ന മാനദണ്ഡത്തിന് സുപ്രീം കോടതി ഊന്നൽ കൊടുക്കുന്നതായി കാണാം. ഇത് വാസ്തവത്തിൽ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്. 


ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ഒരു ദളിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു. രാജ്യം അതിൻമൽ തിളച്ചു മറിയുമ്പോൾ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ ഒരാളെ പോലീസ് അന്യായമായി തടങ്കലിലാക്കുന്നു. നമ്മുടെ പരമോന്നത കോടതിക്ക് ഒന്നും പറയാനില്ല. കർഷകരും തൊഴിലാളികളും അന്യായ നിയമങ്ങൾക്കെതിരെ സമര പാതയിലാണ്. ദേശീയ പണിമുടക്ക് കഴിഞ്ഞതേയുള്ളൂ. ദൽഹിയിൽ കർഷകർക്കെതിരെ പോലീസ് അതിക്രമത്തിന്റെ വാർത്തകളാണ് ഇതെഴുതുമ്പോൾ പുറത്തു വരുന്നത്. സ്വേഛാധികാര പ്രവണതയുള്ള ഭരണകൂടം, ഭരണഘടനാ മൂല്യങ്ങളെയും മൗലികാവകാശങ്ങളെയും അപ്രസക്തമാക്കാൻ ശ്രമിക്കുമ്പോൾ, ഉണർന്നു പ്രവർത്തിക്കാനുള്ള ബാധ്യത ലെജിസ്ലേച്ചറിനും എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കുമുണ്ട്. ജനങ്ങളെ ശക്തിപ്പെടുത്താനും നീതി ഉറപ്പാക്കാനും ഭരണഘടനയുടെ മാർഗനിർദേശക തവ്വങ്ങൾ നടപ്പിലാക്കാൻ സമയമായെന്ന ഓർമപ്പെടുത്തലുകൾ പല കോണുകളിൽനിന്ന് വരുന്നത് വെറുതെയല്ല. 

Latest News