Sorry, you need to enable JavaScript to visit this website.
Tuesday , January   19, 2021
Tuesday , January   19, 2021

പ്രതിപക്ഷത്തിനും കാര്യം പിടികിട്ടി 

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ തൽക്ഷണ പ്രതികരണം കാണുമ്പോൾ കേരളത്തിലെ പ്രതിപക്ഷം അവരാണെന്ന് ആരെങ്കിലും കരുതിപ്പോവുന്നുവെങ്കിൽ കുറ്റപ്പെടുത്തേണ്ടതില്ല. ഒഫീഷ്യൽ പ്രതിപക്ഷമായ കോൺഗ്രസ്-ലീഗ് കൂട്ടുകെട്ടിന്റെ സാരഥി രമേശ് ചെന്നിത്തല പലപ്പോഴും വൈകിയാണ് പ്രതികരിക്കാറുള്ളത്. ആദ്യത്തെ നാല് വർഷം കാര്യമായ ആരോപണങ്ങെളാന്നുമില്ലാതെ കടന്നു പോയ പിണറായി സർക്കാർ പ്രതിസന്ധികളെ നേരിട്ടു വരികയാണ്. ഈ വർഷാദ്യം അതിവേഗ തീവണ്ടിപ്പാത നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ വഴിയാധാരമാവുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതിഷേധമാണ് മുഴങ്ങിക്കേട്ടത്. തലസ്ഥാന നഗരയിലെ കാസർകോടുമായി അതിവേഗമെന്ന നാല് മണിക്കൂറിനകം ബന്ധിപ്പിക്കാനുള്ളതാണ് നിർദിഷ്ട പദ്ധതി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയത്തിൽ പ്രതികരിച്ചു കണ്ടു. കൺസൾട്ടൻസിക്ക് കമ്മീഷൻ അടിച്ചു മാറ്റാൻ വേണ്ടി മാത്രമാണിതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാത്രവുമല്ല, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. വിദേശ രാജ്യങ്ങൾ കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനത്തെയാണ് കൺസൾട്ടൻസി ജോലി ഏൽപിച്ചതെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി. 


പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കാൻ മാസങ്ങളേയുള്ളൂ. അടുത്തിടെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച ഇടതുമുന്നണി സർക്കാരിന്റെ പെർഫോമൻസിനെ കുറിച്ച് ഭൂരിഭാഗം മലയാളികൾക്കും മതിപ്പാണ്. രണ്ട് മഹാ പ്രളയങ്ങൾ, നിപ്പ വൈറസ് ബാധ, ഇപ്പോഴത്തെ കോവിഡ്19 സാഹചര്യങ്ങളിലെല്ലാം കെൽപുള്ള ഭരണാധികാരിയാണ് അനന്തപുരിയിലെന്ന് മലയാളികൾ തിരിച്ചറിഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേത് പോലെ എടുത്തു പറയാവുന്ന ഒരു വികസന പദ്ധതിയും നടപ്പാക്കാനായില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്സാഹം കൊണ്ടാണല്ലോ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും കൊച്ചി മെട്രോയും യാഥാർഥ്യമാക്കാൻ മുൻ സർക്കാരിന് സാധിച്ചത്. ഈ ഒരു കുറവ് നികത്താൻ പിണറായി സർക്കാർ നടപ്പാക്കാൻ പോകുന്ന ബൃഹദ് പദ്ധതിയാണ് മലയാളികൾക്ക് നെഞ്ചിലെ തീയായി മാറുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽപാത പണിയാനാണ് പദ്ധതി.

ഇതിനായി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ രൂപീകരിച്ചിട്ടുണ്ട്. 67,000 കോടി രൂപ മുതൽമുടക്കുള്ള പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ നിക്ഷേപമായിരിക്കുമിത്. 3500 ഏക്കർ  ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കേണ്ടത്. 80,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ഭവനരഹിതരാവും. 132 കിലോ മീറ്റർ പ്രദേശത്തെ നെൽവയലുകൾ അപ്രത്യക്ഷമാവും. പത്ത് റെയിൽവേ സ്റ്റേഷനുകൾ പണിയാൻ 2500 ഏക്കർ വേറെയും വേണം. 2011 മുതൽ തന്നെ ഇങ്ങനെ ഒരു ആശയമുണ്ടായിരുന്നു. ഇതിനായി രൂപീകരിച്ച കമ്പനി 2018 ൽ ഉപേക്ഷിക്കുകയും ചെയ്തു. ഖജനാവിന് നഷ്ടം 100 കോടി. ഇനി എല്ലാ തടസ്സങ്ങളും അതിജീവിച്ച് പണം സ്വരൂപിച്ച് ഈ പദ്ധതി 2035 ൽ യാഥാർഥ്യമായെന്ന് തന്നെ വെക്കുക. പരമാവധി 150 കിലോ മീറ്റർ വേഗത്തിലെ ട്രെയിനുകളാണ് ഓടുക. ഇന്ത്യയിൽ ഇപ്പോാൾ തന്നെ 160 കിലോ മീറ്റർ വേഗമുള്ള നിസാമുദ്ദീൻ-ഝാൻസി ഗതിമാൻ എക്‌സ്പ്രസ് പോലുള്ള ട്രെയിനുകളുണ്ട്. അതിന്റെയെല്ലാം വേഗം 200 കിലോ മീറ്ററിലെത്തുമ്പോഴാണ് നമ്മുടെ 150 കിലോമീറ്റർ വേഗമുള്ള ട്രെയിൻ പരിഷ്‌കാരിയെ പോലെ എത്തുക. 
തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ റെയിൽ പാതയിൽനിന്ന് മാറിയും തുടർന്ന് കാസർകോട് വരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സിൽവർ ലൈൻ നിർമിക്കുന്നത്. തിരുവനന്തപുരം - കാസർകോട് അർധ അതിവേഗ റെയിൽ പാതയുടെ (സിൽവർ ലൈൻ) വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെറെയിൽ) ബോർഡ് യോഗം അംഗീകരിച്ച ശേഷമാണ് മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയത്. 


 യാത്രാ സമയം (532 കിലോമീറ്റർ ദൂരം) 12 ൽ നിന്ന്  4 മണിക്കൂറായി കുറക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 
അടിസ്ഥാന സൗകര്യ വികസനത്തിൽ എളുപ്പത്തിലുള്ള കണക്ടിവിറ്റി പ്രധാനമാണ്. കേരളത്തിലിത് ഇപ്പോൾ തന്നെ ലഭ്യമാണ്. അമേരിക്ക, യൂറോപ്പ് മേഖലകൾക്ക് സമാനമാണ് നമ്മുടെ കണക്ടിവിറ്റി. കേരളത്തിൽ നാല് വിമാന താവളങ്ങൾ. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ. കാസർകോടിനോട് മുട്ടിയിരുന്നി നിൽക്കുന്ന മംഗലാപരും കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് അഞ്ചാവുന്നു. കൈയിൽ പണമുള്ള അത്യാവശ്യക്കാരന് ഈ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തിൽ എവിടെയും യാത്ര ചെയ്യാം. നിർദിഷ്ട പദ്ധതിയുടെ വൻ ചെലവൊന്നുമില്ലാതെ വേണമെങ്കിൽ വയനാട്, പാലക്കാട്, ഗുരുവായൂർ, തൊടുപുഴ, കോട്ടയം എന്നിവിടങ്ങളിൽ ചെറിയ വിമാനത്താവളങ്ങൾ പണിയുകയുമാവാം. നെടുമ്പാശ്ശേരി മോഡലിൽ പണം മുടക്കാനും വ്യവസായികൾ മുന്നോട്ട് വരുമെന്നതിൽ സംശയമില്ല. കണ്ണൂരിന്റെ വേഗത്തിലാണ് നിർമിക്കുന്നതെങ്കിൽ അടുത്ത അഞ്ച് വർഷത്തിനകം ഈ എയർ സ്ട്രിപ്പുകൾ യാഥാർഥ്യമാക്കാനാവും.  തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർ കൊണ്ട് പിന്നിട്ട്  കാസർകോട്ടെത്തുന്ന സിൽവർ ലൈനിൽ 11 സ്‌റ്റേഷനുകളുണ്ടാകും. കൊച്ചി വിമാനത്താവളത്തിലും സ്‌റ്റേഷനുണ്ടാകും. 


പാരീസിലെ സിസ്ട്ര ജിസിയാണ് കെ റെയിലിനു വേണ്ടി ഡിപിആർ തയാറാക്കിയത്. കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും ചേർന്ന് രൂപം നൽകിയതാണ്  കെ റെയിൽ. എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാർ സർവേ, പല തരത്തിലുള്ള മലിനീകരണ  തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ മണ്ണു പഠനം,  രാത്രിയാത്ര, വിനോദ സഞ്ചാരം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഗതാഗത സർവേ എന്നിവയ്ക്കു ശേഷം കഴിഞ്ഞ മാസമാണ് ഡിപിആർ തയാറാക്കിയത്. സിൽവർ ലൈൻ പ്രോജക്റ്റ് പ്രകാരം 2025-26 കാലയളവിൽ പ്രതിദിനം 79,934 പേർ പ്രസ്തുത ട്രെയിനിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഈ കണക്കുകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല.  


പദ്ധതി ചെലവിന്റെ 52 ശതമാനം വായ്പയായും ബാക്കി തുക കേന്ദ്ര, സംസ്ഥാന സർക്കാരുകളും, മറ്റു ധനകാര്യ സ്ഥാപനങ്ങളും ഫണ്ട് ചെയ്യുമൊണ് കണക്കാക്കുന്നത്. നിലവിലെ കോവിഡ് പ്രതിസന്ധി സർക്കാരുകളുടെ  സമ്പദ്‌വ്യവസ്ഥയിലും വരുമാനത്തിലും വൻ ഇടിവുണ്ടാക്കുമെന്നുറപ്പാണ്. 
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് പത്രങ്ങളിൽ ഇടം പിടിച്ച ഒരു പ്രയോഗമാണ് കടുംവെട്ട്. വെട്ടി വിഴുങ്ങാനുള്ള വെപ്രാളത്തിൽ പല പദ്ധതികൾക്കും പെട്ടെന്ന് ചിറക് മുളച്ചു. ഇടതുമുന്നണി സർക്കാരിന്റെ കാലത്തും പലതും നടക്കുമെന്ന് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നു. തലസ്ഥാനത്ത് ഭരണ സിരാകേന്ദ്രത്തിലെ മുതിർന്ന ബ്യൂറോക്രാറ്റ് പോലും ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലിരുന്ന് വിയർക്കുകയാണ്. എത്രയും വേഗം അതിവേഗ റെയിൽ പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ യശസ്സ് ഉയർത്തുകയേ ഉള്ളൂ.