Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നിന്ന് വിമാനസര്‍വീസ്; സന്തോഷവാര്‍ത്ത ഉടനുണ്ടാകുമെന്ന് അംബാസഡര്‍

ഇന്ത്യന്‍ എംബസിയില്‍ നടന്ന ഭരണഘടന ദിന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പ്രഭാഷണം നടത്തുന്നു.

റിയാദ്- ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്നും വൈകാതെ സന്തോഷവാര്‍ത്തയുണ്ടാകുമെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവില്‍ ഏവിയേഷന്‍ അധികൃതര്‍, വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും എയര്‍ ബബ്ള്‍ കരാറിന് ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഭരണഘടന ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ചോദിക്കാനുള്ളത് വിമാനസര്‍വീസിനെ കുറിച്ച് മാത്രമാണ്. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ട്. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ സൗദി അധികൃതര്‍ക്ക് ബോധ്യമായി. വൈകാതെ പരിഹാരമുണ്ടാകും. ചര്‍ച്ചയുടെ ഫലമായാണ് ആദ്യഘട്ടമെന്നോണം ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 14 ദിവസ ക്വാറന്റൈന്‍ ഇല്ലാതെ സൗദിയിലേക്ക് വരാന്‍ അനുമതിയായത്. പുതിയ തൊഴില്‍നിയമ ഭേദഗതിയനുസരിച്ചും മറ്റും ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നം സംബന്ധിച്ച് തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ വര്‍ഗീയ ലഹളകളും വിഭജനവുമൊക്കെ നടമാടിയിരുന്ന സമയത്താണ് ബി.ആര്‍ അംബേദ്കറിന്റെ നേതൃത്വത്തില്‍ എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ഭരണഘടന തയ്യാറാക്കിയത്. സാമൂഹി പരിഷ്‌കര്‍ത്താവ്, രാഷ്ട്രീയക്കാരന്‍, സാമ്പത്തിക വിദഗ്ധന്‍, നിയമ വിദഗ്ധന്‍ എന്നീ നിലകളിലെല്ലാം അംബേദ്കര്‍ അറിയപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു.
ഡോ. ബി.ആര്‍ അംബേദ്കറെ കുറിച്ച് ഫോട്ടോ എക്‌സിബിഷനും ഇതോടനുബന്ധിച്ചുണ്ടായിരുന്നു. ഭരണഘടന സംബന്ധിച്ച ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു. സെകന്റ് സെക്രട്ടറി അസീം അന്‍വര്‍ പരിപാടി നിയന്ത്രിച്ചു.

Latest News