Sorry, you need to enable JavaScript to visit this website.

യുവതിയുടെ മൃതദേഹം ബന്ധുക്കളറിയാതെ ഭര്‍ത്താവ് ഖബറടക്കി; പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

കണ്ണൂര്‍- ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കളറിയാതെ ഖബറടക്കി. പരാതിയെത്തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ ഫാത്തിമാസില്‍ താഹിറ (36) യുടെ മൃതദേഹമാണ് ഖബറിടം തുറന്ന് പരിശോധന നടത്തിയത്.

മാനസിക അസ്വസ്ഥതകളെത്തുടര്‍ന്ന് കര്‍ണാടക സിദ്ധാപുരത്തെ ശിഫാ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം യുവതി മരിച്ചത്. എന്നാല്‍ ഭര്‍ത്താവ് മത്സ്യത്തൊഴിലാളിയായ നാസര്‍
ആംബുലന്‍സില്‍ മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കളെ അറിയിക്കാതെ കണ്ണുര്‍സിറ്റി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുകയായിരുന്നു.

സംഭവത്തില്‍ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ കണ്ണൂര്‍ സിറ്റി പോലീസിനെ സമീപിച്ചു. യുവതിയുടെ അമ്മാവന്‍ പനങ്കാവ് ശങ്കരന്‍ കടക്കടുത്തെ പുത്തന്‍പുരയില്‍ മുഹമ്മദാണ് പരാതി നല്‍കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത സിറ്റി പോലീസ് സി.ഐയുടെ നേതൃത്വത്തിലാണ് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. കോവിഡ് പരിശോധനക്ക് ശേഷമായിരുന്നു പോസ്റ്റുമോര്‍ട്ടം. യുവതിയുടെ തലയ്ക്ക് മുറിവുണ്ടായിരുന്നതായും, ചോര വാര്‍ന്നിറങ്ങിയ പാടുകളുണ്ടായിരുന്നതായും ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും നടപടിയെടുക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി.

 

Latest News