നഴ്‌സിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം: സൗദി പൗരനുവേണ്ടി ഊര്‍ജിത അന്വേഷണം

ജിസാന്‍ - മുന്‍ ഭാര്യയായ നഴ്‌സിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച സൗദി പൗരനു വേണ്ടി സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിതമായ അന്വേഷണം തുടരുന്നു.
ജിസാന്‍ പ്രവിശ്യയില്‍ പെട്ട ദമദിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്  സംഭവം. ഹെല്‍ത്ത് സെന്ററില്‍ യന്ത്രത്തോക്കുമായെത്തിയ പ്രതി മുന്‍ ഭാര്യക്കു നേരെ പലതവണ നിറയൊഴിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ നഴ്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുന്‍ ഭാര്യയുടെ ജോലി സ്ഥലത്ത് എത്തിയ സൗദി പൗരന്‍ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ തടഞ്ഞു. ഇതോടെ സ്ഥലം വിട്ട പ്രതി പത്തു മണിയോടെ മറ്റൊരു കാറില്‍ എത്തി ലബോറട്ടറി വിഭാഗത്തില്‍ പ്രവേശിച്ച് മുന്‍ ഭാര്യക്കു നേരെ നിറയൊഴിക്കുകയായിരുന്നു.

കൃത്യത്തിനു ശേഷം യന്ത്രത്തോക്ക് സംഭവസ്ഥലത്തു ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നഴ്‌സിനു രണ്ടു തവണയാണ് വെടിയേറ്റത്. ഇതിലൊന്ന് കൈയിലായിരുന്നു. നഴ്‌സിന്റെ പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ പറഞ്ഞു.  

 

Latest News