ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍ മന്ത്രി സുവേന്ദു അധികാരി രാജിവച്ചു

കൊല്‍ക്കത്ത- മാസങ്ങളായി മുഖ്യമന്ത്രി മമത ബാനര്‍ജിയോടും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായും ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി മന്ത്രിപദവി രാജിവച്ചു. പാര്‍ട്ടി അംഗത്വവും എല്‍എല്‍എ സ്ഥാനവും ഉപേക്ഷിച്ചിട്ടില്ല. രാജിക്കത്ത് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇമെയില്‍ ആയാണ് സുവേന്ദു അയച്ചത്. ബംഗാളിലെ ഗതാഗത, ജലസേചന വകുപ്പു മന്ത്രിയായിരുന്നു. വിമതനായി നില്‍ക്കുന്ന സുവേന്ദുവിന്റെ നീക്കം തൃണമൂല്‍ കോണ്‍ഗ്രസ് വിടാനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. സുവേന്ദുവിനെ കൂടെ കുട്ടാനുള്ള അണിയറ നീക്കങ്ങള്‍ നടത്തി വരികയായിരുന്നു ബിജെപി. മൂന്നു മാസത്തോളമായി മന്ത്രിസഭാ യോഗങ്ങളിലോ പാര്‍ട്ടി യോഗങ്ങളിലോ സുവേന്ദു പങ്കെടുത്തിരുന്നില്ല. അതേസമയം പല റാലികളിലും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ റാലികളിലൊന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാകകളോ മുഖ്യമന്ത്രി മമതയുടെ ചിത്രങ്ങളോ ഉപയോഗിച്ചിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃണമൂല്‍ നേതൃത്വവുമായുള്ള തന്റെ അതൃപ്തിയെ കുറിച്ച് സുവേന്ദു അധികാരി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടുമില്ല. മമതയുടെ ബന്ധുവും ലോക്‌സഭാ എംപിയുമായ അഭിഷേക്ക ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ പ്രാമുഖ്യം നല്‍കിയതോടെയാണ് സുവേന്ദു ഇടഞ്ഞത്. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്ന ഏജന്‍സി മേധാവി പ്രശാന്ത് കിഷോര്‍ നടത്തി അനുരജ്ഞന നീക്കങ്ങളും ഇതുവരെ ഫലം കണ്ടിട്ടില്ല. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി കാര്യങ്ങളിലെ ഇടപെടലിലും സുവേന്ദു അതൃപ്തനാണ്. സുവേന്ദുവിന്റെ പിതാവ് ശിശിര്‍ അധികാരിയും സഹോദരന്‍ ദിബ്യേന്ദു അധികാരിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരാണ്. 

നന്ദിഗ്രാം എംഎല്‍എയായ സുവേന്ദു ബംഗാളില്‍ മമതയെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നന്ദിഗ്രാം കര്‍ഷക സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന നേതാവാണ്.
 

Latest News