ഇന്ത്യയിലേക്കു കടന്ന റോഹിംഗ്യകളെന്നു സംശയിക്കുന്ന 14 വിദേശികള്‍ ട്രെയ്‌നില്‍ അറസ്റ്റിലായി

ഗുവാഹത്തി- ബംഗ്ലദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുവെന്നാരോപിച്ച് റോഹിംഗ്യ അഭയാര്‍ത്ഥികളെന്ന് സംശയിക്കുന്ന 14 വിദേശികളെ അറസ്റ്റ് ചെയ്തു. അഗര്‍ത്തല-ന്യൂദല്‍ഹി സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് നോര്‍ത്തീസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വെ അറിയിച്ചു. സെക്യൂരിറ്റി ഹെല്‍പ്‌ലൈന്‍ നമ്പറിലേക്ക് വന്ന കോള്‍ ആണ് ഇവരുടെ അറസ്റ്റിന് വഴിയൊരുക്കിയതെന്ന് റെയില്‍വെ വക്താവ് പറഞ്ഞു. ഒരു യാത്രക്കാരാണ് ഈ വിദേശ യാത്രക്കാരെ കുറിച്ച് റെയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്‌സിന്റെ ഹെല്‍പ് ലൈനിലേക്ക് വിളിച്ചു പരാതിപ്പെട്ടത്. ട്രെയ്ന്‍ ന്യൂ ജല്‍പയ്ഗുരി സ്റ്റേഷനിലെത്തിയപ്പോള്‍ ഇവിടെ വച്ച് റെയില്‍വെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

പരിശോധനയില്‍ ഇവര്‍ പേരുമാറ്റിയാണ് യാത്ര ചെയ്യുന്നതെന്ന് കണ്ടെത്തിയതായി റെയില്‍വെ പോലീസ് പറഞ്ഞു. ബംഗ്ലദേശിലെ ഏറ്റവും വലിയ റോഹിംഗ്യ അഭയാര്‍ത്ഥി ക്യാമ്പായ കോക്‌സ് ബസാര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ടവരാണ് ഇവരെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായും റെയില്‍വെ വക്താവ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

Latest News