ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ മാസങ്ങളായി സമരത്തിലുള്ള കര്‍ഷകരുടെ 'ചലോ ദല്‍ഹി' പ്രക്ഷോഭത്തിനു നേര്‍ക്ക് ഹരിയാനയിലെ സോനിപത്തില്‍ അര്‍ദ്ധരാത്രി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹരിയാനയിലേയും പഞ്ചാബിലേയും പതിനായിരക്കണക്കിന് കര്‍ഷകരാണ് ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ദല്‍ഹി അതിര്‍ത്തിയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ച് സമരക്കാരെ തടയുന്നുണ്ടെങ്കിലും ഇതെല്ലാം ഭേദിച്ചാണ് കര്‍ഷകരുടെ മുന്നേറ്റം. ഹരിയാനയില്‍ പലയിടത്തും കര്‍ഷകരെ പോലീസ് തടഞ്ഞു. കൊടുംതണുപ്പുള്ള കാലാവസ്ഥ അവഗണിച്ചാണ് സമരവുമായി കര്‍ഷകര്‍ മുന്നോട്ടു പോകുന്നത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ കൂട്ടത്തിനു നേര്‍ക്ക് സോനിപത്തില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇവരെ ബാരിക്കേഡും ട്രഞ്ചും സ്ഥാപിച്ച് മണിക്കൂറുകളോളം പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാല്‍ കടത്തിവിടണമെന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറിയില്ല. അതിര്‍ത്തിയില്‍ പലയിടത്തും റോഡ് ഉപരോധം തുടരുകയാണ്.
ദല്‍ഹി അതിര്‍ത്തിയിലെത്തിച്ചേര്‍ന്ന പതിനായിരക്കണക്കിന് കര്‍ഷകര്‍ ഇന്ന് ദല്‍ഹിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. പാനിപത്ത്, സിര്‍സ, കുരുക്ഷേത്ര, ഫതെഹ്ബാദ്, ജിന്ധ് എന്നീ ദല്‍ഹിക്കു സമീപത്തുള്ള പ്രദേശങ്ങളില്‍ വന്‍തോതില്‍ കര്‍ഷകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ ബാരിക്കേഡുകളും കലാപ സന്നാഹങ്ങളുമായി പോലീസ് തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാരിക്കേഡുകള്‍ മറിച്ചിട്ടും തടസ്സങ്ങള്‍ ഭേദിച്ചും ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹി ലക്ഷ്യമാക്കി നീങ്ങിയിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. രാജ്യത്തുടനീളം കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഹരിയാനയിലേയും പഞ്ചാബിലേയും കര്‍ഷകര്‍ മൂന്നു മാസമായി ശക്തമായ സമരത്തിലാണ്. ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ദല്‍ഹി ചലോ സമരം പ്രഖ്യാപിച്ചത്. രണ്ടു മാസത്തേക്കുള്ള ഭക്ഷണങ്ങളും താമസസൗകര്യങ്ങളുമായാണ് ദല്‍ഹിയില്‍ അനിശ്ചിതകാല സമരത്തിന് എത്തുന്നതെന്ന് നേരത്തെ കര്‍ഷക നേതാക്കള്‍ പറഞ്ഞിരുന്നു. ദല്‍ഹിയിലും പോലീസ് വന്‍ സന്നാഹങ്ങളോടെയാണ് സമരക്കാരെ നേരിടാന്‍ ഒരുങ്ങുന്നത്.