Sorry, you need to enable JavaScript to visit this website.

തീവ്രവാദികളിൽ ഇസ്‌ലാമില്ലെന്ന് ഡോ. ഹുസൈൻ മടവൂർ

യാമ്പു- സമാധാനത്തിന്റെ മതമായ ഇസ്‌ലാമിൽ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും ഐഎസ് പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഇസ്ലാമുമില്ല, സ്‌റ്റേറ്റുമില്ലെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ഡിസംബറിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന സൗദിതല പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ദൈവത്തെക്കുറിച്ച് യാതൊന്നും പ്രതിപാദിക്കാതെ അഹിംസയെക്കുറിച്ച് മാത്രം സംസാരിച്ച ബുദ്ധന്റെ അനുയായികളാണ് മ്യാന്മറിൽ കലാപമുണ്ടാക്കുന്നത്. 
യേശു ക്രിസ്തുവിന്റെ അനുയായികളെന്നവകാശപ്പെടുന്നവർ മധ്യ ആഫ്രിക്കയിൽ വംശഹത്യക്ക് നേതൃത്വം കൊടുക്കുമ്പോൾ ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ പേരിൽ കുറച്ചാളുകൾ സംഘർഷങ്ങളുണ്ടാക്കുന്നു. ഇത്തരമൊരു ലോകസാഹചര്യത്തിൽ മുജാഹിദ് സമ്മേളന പ്രമേയമായ മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്നത് എന്തുകൊണ്ടും കാലിക പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
കെഎൻഎം സംസ്ഥാന സെക്രട്ടറി എം. അബ്ദു റഹ്മാൻ സലഫി സമ്മേളന പ്രമേയം വിശദീകരിച്ചു. യാമ്പു ജാലിയാത്ത് മേധാവി ഡോ. ഫഹദ് അൽ ഖുറേഷി മുഖ്യാതിഥിയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഡോ.കെ.ടി ജലീൽ, ഡോ.എം.കെ മുനീർ എംഎൽഎ തുടങ്ങിയവരുടെ ആശംസാ സന്ദേശങ്ങൾ സദസ്സിനെ കേൾപ്പിച്ചു. വിവിധ സംഘടനാ നേതാക്കളായ നാസർ നടുവിൽ (കെഎംസിസി), ശങ്കർ എളങ്കൂർ (ഒഐസിസി), റഫീഖ് പത്തനാപുരം (നവോദയ), സലിം വേങ്ങര (കെഐജി), ഷൈജു എം സൈനുദ്ദീൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ജാലിയാത്ത് ദാഇ അബ്ദുൽ മജീദ് സുഹ്‌രി സമാപന പ്രസംഗം നടത്തി. സലാഹ് കാരാടൻ, ഇദ്‌രീസ് സ്വലാഹി, കബീർ സലഫി (അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികൾ), മുഹമ്മദലി ചുണ്ടക്കാടൻ, അബൂബക്കർ ഫാറൂഖി (ജിദ്ദ), ഫൈസൽ ബുഖാരി (റിയാദ്), നാസർ തിക്കോടി (മക്ക), ടി കെ മൊയ്തീൻ മുത്തന്നൂർ (യാമ്പു) തുടങ്ങി സൗദിയിലെ മുഴുവൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളും  സന്നിഹിതരായിരുന്നു. സ്വാഗത സംഘം ചെയർമാൻ കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ അബ്ബാസ് ചെമ്പൻ സ്വാഗതവും അബൂബക്കർ മേഴത്തൂർ നന്ദിയും പറഞ്ഞു.

Latest News