കോട്ടയം - പാലാ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് കോവിഡ്. തെരഞ്ഞെടുപ്പിൽ ഇരുപതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോഷി ജോൺ വട്ടക്കുന്നേലിന് കോവിഡ് സ്ഥിരീകരിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും യുഡിഎഫ് യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ബുധനാഴ്ച പാലാ നഗരസഭയിൽ റിട്ടേണിംഗ് ഓഫീസർ വിളിച്ചു ചേർത്ത നഗരസഭയിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തിലും കോവിഡ് പോസിറ്റീവായ ജോഷി വട്ടക്കുന്നേൽ പങ്കെടുത്തിരുന്നു. ജോഷിയുമായി നിരവധി പേർ സമ്പർക്കത്തിൽ വന്നതായാണ് വിവരം.
ഈ യോഗത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് വരണാധികാരിയുടെ പക്കലുണ്ട്. ഈ സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കപ്പെടുന്ന പ്രചാരണ പരിപാടികൾ 30 വരെ നിർത്തിവെക്കുകയാണെന്ന് യുഡിഎഫ് നേതാക്കളായ കുര്യാക്കോസ് പടവനും സതീഷ് ചൊള്ളാനിയും അറിയിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥികളും കുടുംബാംഗങ്ങളും അടിയന്തരമായി നിരീക്ഷണത്തിൽ ആവുകയും ഞായറാഴ്ച വരെ നിരീക്ഷണത്തിൽ തുടരുകയും ചെയ്യും. പരിശോധനയ്ക്ക് വിധേയരായ ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിൽ മാത്രമേ നേരിട്ടുള്ള പ്രചാരണ പരിപാടികൾ യുഡിഎഫ് സ്ഥാനാർഥികൾ പുനരാരംഭിക്കുകയുള്ളൂവെന്നും നേതാക്കൾ അറിയിച്ചു.
അതേ സമയം നഗരസഭയിൽ ഇടതു സ്ഥാനാർഥികൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾ എല്ലാവരും പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.
തിങ്കളാഴ്ച രോഗ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രമേ ജനങ്ങളുമായി സമ്പർക്കപ്പെടുന്ന പ്രചാരണ പരിപാടികളിൽ പങ്കാളികൾ ആകുകയുള്ളൂ എന്ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തതാണ്.
നഗരസഭയിലെ തെരഞ്ഞെടുപ്പ് വരണാധികാരി വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗത്തിലും, ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലും, നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനാ വേളയിലും, നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിലും രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ സ്ഥാനാർത്ഥികൾ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതാണ്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കി ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുകയാണ് ഇടതുമുന്നണി.