Sorry, you need to enable JavaScript to visit this website.

ജിദ്ദ നവോദയയുടെ ആറു പ്രവർത്തകർ തെരഞ്ഞെടുപ്പ് ഗോദയിൽ

ജിദ്ദ - സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജിദ്ദ നവോദയയിൽ പ്രവർത്തിച്ചിരുന്ന ആറ് പേർ ഇടതു മുന്നണി സ്ഥാനാർഥികളായി മത്സര രംഗത്തുണ്ട്. ഇത് ജിദ്ദ നവോദയ പ്രവർത്തകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവരുടെയും മറ്റു ഇടതു മുന്നണി സ്ഥാനാർഥികളുടെയും വിജയത്തിനായി പ്രചാരണ രംഗത്ത് നവോദയ പ്രവർത്തകർ സജീവമാണ്.  നവോദയയിലൂടെ പൊതു പ്രവർത്തന രംഗത്ത് കാഴ്ചവെച്ച പ്രവർത്തന പാരമ്പര്യവും പരിചയവുമാണ് ആറു പേർക്കും സ്ഥാനാർഥികളാകുന്നതിനുള്ള യോഗ്യതയായി പരിഗണിക്കപ്പെട്ടത്. ജീവകാരുണ്യ രംഗത്തും സാമൂഹിക രംഗത്തും നവോദയയിലും നവോദയ കുടുംബ വേദിയിലും പ്രവർത്തിച്ചിരുന്ന ഇവരിൽ ചിലർ പ്രവാസം അവസാനിപ്പിച്ചും മറ്റു ചിലർ അവധിയിൽ പോയുമാണ് സ്ഥാനാർഥികളായത്. 


പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അരീക്കാട്ട് ബഷീർ എന്ന ബാവയാണ് ഇവരിൽ ഒരാൾ. കുട ചിഹ്നത്തിലാണ് ബാവ മത്സരിക്കുന്നത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് സ്ഥാനാർഥിയായ ലത്തീഫ് ക്വോറി, കാരശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡ് ഇടതു സ്ഥാനാർഥി കെ.കെ നൗഷാദ് എന്നിവർ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. മാവൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് സ്ഥാനാർഥി മുഹമ്മദ് കോയ പുതിയോട്ടിൽ ആണ് മറ്റൊരു സ്ഥാനാർഥി. ഇടതു മുന്നണി സ്വതന്ത്രനായി മൊബൈൽ ഫോൺ ചിഹ്നത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന നുഹ്മാൻ പാറമ്മൽ കരുവാരക്കുണ്ട് ഒൻപതാം വാർഡിൽനിന്നുമാണ് ജനവിധി തേടുന്നത്. മങ്കട പഞ്ചായത്ത് ഒന്നാം വാർഡിൽ മത്സരിക്കുന്ന ബുഷൈറ കോയയാണ് മറ്റൊരു സ്ഥനാർഥി. ഇടതുമുന്നണി സ്വതന്ത്രയായാണ് ബുഷൈറ കോയ മത്സരിക്കുന്നത്.   


തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നവോദയ അംഗങ്ങളെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നവോദയ തുടക്കം കുറിച്ചതായി നവോദയ രക്ഷാധികാരി വി.കെ റഊഫ്, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ പറഞ്ഞു. ഡിസംബർ മൂന്നിന് നവോദയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ വെബ്ബിനാറിലൂടെ ഉദ്ഘാടനം ചെയ്യും. വികസനത്തിനും മതമൈത്രിക്കും ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതു മുന്നണി സ്ഥാനാർഥികൾക്കായിരിക്കും ഇത്തവണ പ്രവാസി കുടുംബങ്ങളുടെ വോട്ടെന്ന്  ജിദ്ദ നവോദയ നേതാക്കൾ പറഞ്ഞു. ജിദ്ദ നവോദയ അംഗങ്ങളും അതോടൊപ്പം നവോദയ അംഗങ്ങൾ ആയിരിക്കെ പ്രവാസം മതിയാക്കി നാട്ടിൽ പോയവരും ആയ ഒട്ടനവധിപേർ സംസ്ഥാനത്തിന്റെ വിവിധ സഥലങ്ങളിൽ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. എല്ലാ സ്ഥാനാർഥികൾക്കും വിജയസാധ്യതയാണുള്ളത്. ഞങ്ങളുടെ സാമൂഹിക സുരക്ഷക്കും ക്ഷേമത്തിലും പുതിയ അധ്യായം എഴുതി ചേർത്തുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ നാലു വർഷത്തെ ഇടതുമുന്നണി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും, ഉയർത്തിപ്പിടിച്ച മതനിരപേക്ഷ മൂല്യവും മുതൽകൂട്ടാണ്. ഈ കാലയളവിൽ അപ്രതീക്ഷിതമായി കടന്നുവന്ന ഓഖി, പ്രളയം, നിപ്പ, കോവിഡ് 19 ഇതൊക്കെ പ്രതിരോധിക്കുന്നതിൽ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ മറന്നിട്ടില്ല.

ഇടതുമുന്നണിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പത്രികയിലും പ്രവാസികൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ലോക കേരളസഭ മാതൃകയിൽ പ്രവാസികൾക്ക് തങ്ങളുടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമായി വർഷത്തിൽ ഒരിക്കൽ നേരിട്ട് സംവദിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. പുനരധിവാസം എന്ന പ്രവാസികളുടെ ചിരകാലസ്വപ്‌നം സാക്ഷാത്കരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംവിധാനം ഉണ്ടാക്കുമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്. സമസ്ത മേഖലകളിലും വികസനത്തിന്റെ പുത്തൻ പാതവെട്ടിത്തുറന്നു മുന്നോട്ട് നീങ്ങുന്ന ഇടതു മുന്നണിക്കാവും ഇത്തവണ പ്രവാസി കുടുംബങ്ങൾ വോട്ടു രേഖപ്പെടുത്തുകയെന്ന് നവോദയ നേതാക്കൾ പറഞ്ഞു. 

Latest News