ചാവക്കാട്- പോക്‌സോ കേസിലെ റിമാന്‍ഡ് പ്രതി ചാവക്കാട് സബ് ജയിലില്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ കുരുതുകുളങ്ങര ബെന്‍സന്‍(23) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് സബ് ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്ന മുറിയിലെ ഫാനില്‍ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടത്. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പോക്‌സോ വകുപ്പ് പ്രകാരം കഴിഞ്ഞ മാസം 13ന് ഇയാള്‍ റിമാന്‍ഡിലായത്. 2019 ഒക്ടോബര്‍ 15നാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ കാണാതായത്. വിയ്യൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. എന്നാല്‍ ഇരുവരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് െ്രെകംബ്രാഞ്ചിന് കൈമാറി. ഇതിനിടെ പെണ്‍കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സി.ഡി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെയും പെണ്‍കുട്ടിയെയും കര്‍ണാടകയിലെ തുംകൂറില്‍ കണ്ടെത്തിയത്.
ചാവക്കാട് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ടു. എസ്.എച്ച്.ഒ. അനില്‍ ടി.മേപ്പിള്ളിയുടെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.മൃതദേഹം തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.






