Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപകർക്ക് 'മുതലാളി പട്ടം' നൽകി യു.എ.ഇ

യു.എ.ഇ വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. പുതുപുത്തൻ ആശയങ്ങളും തീരുമാനങ്ങളും, അവ നടപ്പാക്കുന്നതിലെ കാര്യക്ഷമതകൊണ്ടും യു.എ.ഇ ഭരണകർത്താക്കൾ എന്നും ലോകത്തെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ്. നിക്ഷേപം നടത്തുന്നവർക്ക് ഉടമസ്ഥാവകാശം പരിപൂർണമായും സ്വന്തം കൈകളിൽ നിക്ഷിപ്തമായിരിക്കുകയെന്നത് ഏതു സംരംഭകന്റെയും ആഗ്രഹമാണ്. വിദേശത്താകുമ്പോൾ ആഗ്രഹം മാത്രമല്ല, അതൊരു സ്വപ്‌നം കൂടിയാണ്. അതാണിപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ മുതൽമുടക്കിന് താൽപര്യമുള്ളവർ നിരവധിയാണ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരും ലോക പ്രശസ്ത കമ്പനികളും ഗൾഫിൽ നിക്ഷേപം ഇറക്കുന്നതിന് താൽപര്യം പ്രകടിപ്പിക്കുന്നവരാണ്. സ്‌പോൺസർഷിപ് സമ്പ്രദായം നിലനിൽക്കുമ്പോഴും അതിനു സന്നദ്ധമായി യു.എ.ഇയിലേക്കു കടന്നുവന്നവർ ഒട്ടേറെയാണ്. യു.എ.ഇയുടെ വികസനത്തിൽ അവരുടെ പങ്ക് വളരെ വലുതുമാണ്. ഇക്കാര്യം യു.എ.ഇ ഭരണകർത്താക്കൾക്കും നന്നായി അറിയാം. അതുകൊണ്ടു തന്നെ ഏതു സംരംഭകർക്കും വളരാൻ സഹായകമായ ഒട്ടേറെ നിലപാട് യു.എ.ഇ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളും പരിസ്ഥിതി സംരക്ഷണവും പാലിക്കുന്നതിൽ വിമുഖത കാണിക്കാത്തവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിലും അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലും യു.എ.ഇ ഒരു പിശുക്കും കാണിച്ചിട്ടില്ല. ഫ്രീ സോണുകളിൽ മാത്രമല്ല, അതിനു പുറത്തും സംരംഭങ്ങൾ തഴച്ചു വളരാൻ സഹായിച്ചതും ഈ നിലപാടാണ്. അതിൽനിന്നു ഒരു പടി കൂടി മുന്നോട്ടു കടന്നിരിക്കുകയാണിപ്പോൾ. 


വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തോടെ കമ്പനി തുടങ്ങാമെന്ന യു.എ.ഇ സർക്കാരിന്റെ തീരുമാനത്തെ വിപ്ലവാത്മക തീരുമാനം എന്നു വേണം വിശേഷിപ്പിക്കാൻ. രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് ഇതു വഴിയൊരുക്കുമെന്നതിൽ ഒരു സംശയവുമില്ല. കൊറോണ തീർത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിക്ഷേപ മേഖല പൊതുവെ മാന്ദ്യം നേരിടുമ്പോൾ അതിനെ മറികടക്കാൻ ഈ തീരുമാനം വഴിയൊരുക്കുമെന്നു തന്നെയാണ് യു.എ.ഇ ഭരണകർത്താക്കളെ പോലെ ലോക വ്യവസായ രംഗത്തു പ്രവർത്തിക്കുന്നവരും വിലയിരുത്തുന്നത്. വിദേശികൾക്ക് അവരുടെ നിക്ഷേപത്തിൽ നൂറു ശതമാനവും ഉടമസ്ഥാവകാശം കൈവരികയെന്നാൽ അതു നിക്ഷേപകരിൽ ഉണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതാണ്. നിലവിൽ ഫ്രീ സോണുകളിൽ മാത്രമാണ് 100 ശതമാനം ഉടമസ്ഥാവകാശം പ്രവാസികൾക്ക് ലഭിക്കുന്നത്.

 

ഫ്രീസോണുകൾക്കു പുറത്ത് ഏതു സംരംഭം തുടങ്ങിയാലും 51 ശതമാനം ഉടമസ്ഥാവകാശം സ്‌പോൺസർമാരായ സ്വദേശികൾക്കായിരിക്കണം. എന്നാൽ ഡിസംബർ ഒന്നു മുതൽ തന്ത്രപ്രധാനമായ കേന്ദ്രങ്ങളൊഴികെ രാജ്യത്ത് എവിടെ തുടങ്ങുന്ന സംരംഭങ്ങളുടെയും പൂർണ ഉടമസ്ഥാവകാശം പ്രവാസികൾക്ക് കൈവശം വെക്കാനാവും. ഏതു സ്ഥാപനത്തിന്റെയും 70 ശതമാനം ഓഹരി മറ്റുള്ളവർക്ക് വിൽക്കാൻ സാധിക്കും എന്നതും ഇതിന്റെ മറ്റൊരു ആകർഷക ഘടകമാണ്.  പങ്കാളിത്തത്തോടെ പ്രവാസികൾക്ക് കൂടുതൽ സ്ഥാപനങ്ങൾ തുറക്കാൻ ഇത് സഹായിക്കും. ഉടമസ്ഥാവകാശം സ്വന്തമാകുന്നതോടെ വിദേശികൾക്ക് സ്ഥാപനത്തിന്റെ ചെയർമാനാകുന്നതിനും തടസ്സമുണ്ടാവില്ലെന്നതും നിക്ഷേപകർക്ക് കൂടുതൽ കരുത്തേകും. ഇതു പ്രവാസികളെ കൂടുതൽ ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കും. നിലവിൽ വിദേശികൾക്ക് ഓഹരിയുള്ള സ്ഥാപനങ്ങൾക്കും പുതിയ നിയമത്തിലേക്ക് മാറാൻ കഴിയുമെന്നതും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. ചില നിയന്ത്രണങ്ങളും നിബന്ധനകളുമെല്ലാം പുതിയ നിയമത്തിനുണ്ടെങ്കിലും അതു പാലിച്ച് കമ്പനികൾ തുറക്കാൻ ശേഷിയുള്ളവർ നിരവധിയാണ്. ഇന്ത്യക്കാർ ഇതിൽ മുൻപന്തിയിലാണെന്നു വേണം പറയാൻ. 


ഉൽപാദന, കാർഷിക, സേവന മേഖലകളെ കേന്ദ്രീകരിച്ച് 122 മേഖലകളിലുള്ള സ്ഥാപനങ്ങൾക്കാണ് പൂർണമായും വിദേശ നിക്ഷേപം അനുവദിക്കുകയെന്നാണ് വിവരം. സംരംഭങ്ങളുടെ വ്യത്യസ്തത അനുസരിച്ച് നിശ്ചിത തുകക്ക് മുകളിൽ മുതൽമുടക്കു വേണം എന്നതാണ് നിബന്ധന.  കുറഞ്ഞത് 20 ലക്ഷം ദിർഹം മുതൽമുടക്കെങ്കിലും നടത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംഗീതോപകരണ ഉൽപന്ന നിർമാണ സ്ഥാപനങ്ങളാണ് ഏറ്റവും കുറവ് നിക്ഷേപ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. 30 ലക്ഷം ദിർഹമുണ്ടെങ്കിൽ ഗെയിംസ്, കളിപ്പാട്ടം നിൽമാണ യൂനിറ്റുകൾ സ്ഥാപിക്കാം. കാർഷിക മേഖലയിലാണ് താൽപര്യമെങ്കിൽ കുറഞ്ഞത് 75 ലക്ഷം ദിർഹമെങ്കിലും നിക്ഷേപമിറക്കണം. ഇതു ആരോഗ്യ മേഖലയിലേക്കാവുമ്പോൾ 100 ദശലക്ഷം ദിർഹമായി മാറും. കംപ്യൂട്ടർ ഉൽപന്നങ്ങൾ, പാൽ, ബേക്കറി, ഫർണിച്ചർ, പ്ലാസ്റ്റിക്, സിന്തറ്റിക്, പെയിന്റ,് വാർണിഷ്, സോപ്പ്, ഡിറ്റർജന്റ്‌സ് ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാവുമ്പോൾ ഉടമസ്ഥാവകാശം ലഭിക്കാൻ ഒന്നര കോടി ദിർഹമെങ്കിലും മുതൽ മുടക്കേണ്ടിവരും. മെഡിക്കൽ ഉപകരണ നിർമാണ കമ്പനികളാണെങ്കിൽ കുറഞ്ഞത് രണ്ടു കോടി ദിർഹത്തിന്റേതായിരിക്കണം നിക്ഷേപം. ഇനിയും മുതൽമുടക്ക് പരിധി നിശ്ചയിച്ചിട്ടില്ലാത്ത മേഖലകളാണ് വിദ്യാഭ്യാസം, ലീഗൽ കൺസൾട്ടൻസി തുടങ്ങിയ മേഖലകൾ. താമസിയാതെ അതിന്റെ പ്രഖ്യാപനവും ഉണ്ടാവും. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, ഊർജോൽപാദനം, എണ്ണ ഖനനം തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണം തുടരും. 


വിശ്വസ്തരായ സ്‌പോൺസർമാരും അവരുടെ സഹകരണവുമാണ്  ഇത്രയും കാലം യു.എ.ഇയിലെ ബിസിനസ് മേഖലക്ക് കരുത്ത് പകർന്നിരുന്നത്. എന്നിരുന്നാലും മുതൽമുടക്ക് നടത്തുന്നവരിൽ ആശങ്ക നിലനിന്നിരുന്നു. സ്‌പോൺസർഷിപ് ഫീ ഇനത്തിലും വലിയ തുക ചെലവഴിക്കേണ്ടി വന്നിരുന്നു. ഇത്തരം ആശങ്കകളും അധിക ചെലവുകളുമെല്ലാം ഇല്ലാതാവുന്നുവെന്നതാണ് പുതിയ നിയമത്തെ ശ്രദ്ധേയമാക്കുന്നത്. നിലവിലെ നിക്ഷേപകർക്കു തന്നെ തങ്ങളുടെ സ്ഥാപനങ്ങളെ തങ്ങളുടെ സ്വന്തം ഉടമസ്ഥാവകാശത്തിലേക്കു മാറ്റാനുള്ള അവസരം കൂടി കൈവന്നിരിക്കുന്നുവെന്നതും നിലവിലെ നിക്ഷേപകർക്കും ആശ്വാസം പകരുന്നതാണ്. പുതിയ തീരുമാനത്തോടെ മധ്യപൂർവദേശത്തെ നിക്ഷേപത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായി യു.എ.ഇ മാറുമെന്നാണ് വ്യവസായ ലോകത്തിന്റെ വിലയിരുത്തൽ. കോവിഡ് മഹാമാരി തീർത്ത വെല്ലുവിളികൾ മറികടക്കാൻ ലോക രാഷ്ട്രങ്ങൾ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്ന വേളയിലുള്ള യു.എ.ഇ ഭരണാധികാരികളുടെ ഈ പ്രഖ്യാപനം സമയോചിതവും ആഗോള തലത്തിൽ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ സഹായിക്കുന്നതുമാണെന്നും വിലയിരുത്തപ്പെടുന്നു.
 

Latest News