കോഴിക്കോട്- നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിന്റെ ഭൂമിയിടപാടിലെ വെട്ടിപ്പുകളുടെ കൂടുതല്‍ രേഖകള്‍ പുറത്തായി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ കാണിച്ചിട്ടുള്ള ഭൂമിയില്‍ മിക്കതിനും അദ്ദേഹം നികുതി ഒടുക്കുന്നില്ലെന്ന് തൃക്കലങ്ങോട് വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തന്റെ കൈവശമെന്ന് ഇദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞ പല ഭൂമിയും മറ്റ് വ്യക്തികളുടെ കൈവശമാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകനായ പെരിന്തല്‍മണ്ണയിലെ ലോഹിതാക്ഷന് തൃക്കലങ്ങോട് വില്ലേജ് ഓഫീസില്‍ നിന്നു ലഭിച്ച രേഖയിലാണ് എം.എല്‍.എ. യുടെ കൂടുതല്‍ നിയമ ലംഘനങ്ങള്‍ വ്യക്തമാവുന്നത്.
2011, 2014, 2016 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച മൂന്ന് സത്യവാങ്മൂലങ്ങളിലും തൃക്കലങ്ങോട് വില്ലേജിലെ 62/241 സര്‍വ്വേ നമ്പറില്‍ 199.782 ഏക്കര്‍ ഭൂമി തന്റെ പേരിലുള്ളതായി ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വില്ലേജ് ഓഫീസില്‍ നിന്നും ലോഹിതാക്ഷന് ലഭിച്ച വിവരാവകാശ രേഖയില്‍, ഈ സര്‍വ്വേ നമ്പറില്‍ 45.56 ഏക്കര്‍ (18.4200 ഹെക്ടര്‍) ഭൂമി മാത്രമേയുള്ളൂ എന്നും, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം 6.49 ഏക്കര്‍ ഭൂമിക്കു മാത്രമേ നികുതി ഒടുക്കിയിട്ടുള്ളൂ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 377 നമ്പര്‍ തണ്ടപ്പേരിലുള്ള ഈ ഭൂമിയില്‍ ബാക്കി വരുന്നവ ചൂണ്ടയില്‍ ജോണ്‍ ഫ്രാന്‍സിസ്, കമലാ ചന്ദ്രന്‍, എല്‍സി സ്ഫടികം, തെമീന കൃപ റാവു, എബി ഫ്രാന്‍സിസ് എന്നിവരുടെ ഉടമസ്ഥതയിലാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എം.എല്‍.എ. സത്യവാങ്മൂലത്തില്‍ ഈ ഭൂമിയിലെ ഒരുഭാഗം കാര്‍ഷിക ഭൂമിയായാണ് കാണിച്ചിട്ടുളളത്. എന്നാല്‍ വിവരാവകാശ രേഖയില്‍ ഇത് കാര്‍ഷികേതരഭൂമിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വില്ലേജ് ഓഫീസിലെ നികുതി ഒടുക്കു റജിസ്റ്റര്‍ പ്രകാരം 201718 സാമ്പത്തിക വര്‍ഷത്തിലെ ഭൂനികുതി ഒടുക്കിയത് 27.04.17നാണെന്നും, അതുപ്രകാരം എം.എല്‍.എ. യുടെ പേരില്‍ മൂന്നു ഭാഗങ്ങളായി 0.2894, 0.3307, 2.0114 ഹെക്ടര്‍ വീതം ഭൂമിയുണ്ടെന്നുമാണ് പറയുന്നത്. എന്നാല്‍, വിവരാവകാശ മറുപടിയില്‍ 2.0114 അളവില്‍ നികുതി ഒടുക്കിയ ഭൂമിയുടെ അളവ് 0.0114 എന്ന് കുറച്ചാണ് കാണിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ഭൂമിയിടപാടുകള്‍ ദുരൂഹമാണെന്നാണ് ഇവ വ്യക്തമാക്കുന്നത്.
മൂന്നു തവണ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും, രേഖകള്‍ ഒത്തുനോക്കി 62/241 എന്ന സര്‍വ്വേ നമ്പറില്‍ 199.782 ഏക്കര്‍ ഭൂമി ഇദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അങ്ങിനെയെങ്കില്‍, നോട്ടറിയെ കാണിച്ച് സാക്ഷ്യപ്പെടുത്തിയത് കൃത്രിമ രേഖയാണെന്ന് അനുമാനിക്കേണ്ടി വരും. ഇത് ഗുരുതരമായ ക്രമിനല്‍ കുറ്റമാണ്.സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ നോട്ടറി പബ്ലിക്കും എം.എല്‍.എ.യും ഇക്കാര്യത്തില്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരും.
എം.എല്‍.എ. ക്കു വേണ്ടി നടക്കുന്ന പ്രചാരണങ്ങളില്‍, തൃക്കലങ്ങോട് വില്ലേജില്‍ 62/243 സര്‍വ്വേ നമ്പറില്‍ 2009ല്‍ വാങ്ങിയ 20.18 സെന്റ് ഭൂമി മാധ്യമങ്ങള്‍ 201 ഏക്കറായി തറ്റായി വ്യാഖ്യാനിക്കുന്നു എന്ന ആരോപണമാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഈ ന്യായീകരണത്തിനും സാധുതയില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 2009ല്‍ ഈ സര്‍വ്വേ നമ്പറിലെ ഭൂമി അദ്ദഹം വാങ്ങിയിട്ടുണ്ടെങ്കില്‍ 2011, 2014, 2016 വര്‍ഷങ്ങളില്‍ എം.എല്‍.എ. സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നും ഈ സര്‍വ്വേ നമ്പറില്‍ ഭൂമിയുള്ളതായി വ്യക്തമാക്കിയിട്ടേയില്ല. അങ്ങിനെയെങ്കില്‍, ഈ ഭൂമിയുടെ വിവരവും സത്യവാങ്മൂലങ്ങളില്‍ നിന്നു മറച്ചുവെച്ചു എന്ന് അനുമാനിക്കേണ്ടി വരും.
തുഛമായ അഡ്വാന്‍സ് നല്‍കി, പിന്നീട് ഭൂ ഉടമകളെ ഭീഷണിപ്പെടുത്തിയാണ് എം.എല്‍.എ. ഇത്രയും ഭൂമി സ്വന്തമാക്കിയിട്ടുള്ളത് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ ആരോപണം ശരിവെക്കുന്നതാണ് പുതുതായി ലഭ്യമായ വിവരാവകശ രേഖകള്‍ വ്യക്തമാക്കുന്നത്. ഇത്രയും ഗുരതരമായ ആരോണങ്ങള്‍ ഉയര്‍ന്നിട്ടും എം.എല്‍.എ. സ്വന്തം നിലയ്ക്ക് ഒരു വിശദീകരണവും നല്‍കുന്നില്ല എന്നതും ദുരൂഹമാണ്.
(വിവരാവകാശ പ്രവര്‍ത്തകന്‍ കെ.വി ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്)