Sorry, you need to enable JavaScript to visit this website.

പുതുവർഷത്തിൽ ട്വിറ്ററിൽ പുതിയ വെരിഫിക്കേഷൻ

അടുത്ത വർഷം ആദ്യം മുതൽ ബ്ലൂ ചെക്ക് ബാഡ്ജുകൾ വീണ്ടും ഏർപ്പെടുത്താൻ പദ്ധതിയിടുകയാണ് ട്വിറ്റർ. ഉപയോക്താക്കൾക്ക് സ്ഥിരീകരണത്തിന് അപേക്ഷ നൽകാനുള്ള സൗകര്യം തുടങ്ങുമെന്ന് കുറേക്കാലമായി ട്വിറ്റർ നൽകുന്ന വാഗ്ദാനമാണ്. ബ്ലൂ ചെക്ക് വെരിഫിക്കേഷൻ ബാഡ്ജുകൾ പുനരാരംഭിക്കുന്നതിനു മുമ്പായി  പുതിയ നയത്തെക്കുറിച്ചുള്ള ഉപയോക്താക്കളുടെ  ഫീഡ്ബാക്ക് തേടുകയാണ് കമ്പനി. ഈ അഭിപ്രായങ്ങൾ പൊതുവായി പരിശോധിച്ച ശേഷമാണ് തീരുമാനം കൈക്കൊള്ളുക.  
വെള്ളക്കാരായ വംശീയ മേധാവിത്വ വാദികൾക്കും നിയോനാസികൾക്കും വെരിഫിക്കേഷൻ നൽകിയതിന് 2017 ൽ വെബ്‌സൈറ്റിനെതിരെ രൂക്ഷ വിമർശം ഉയർന്നിരുന്നു. തുടർന്ന് കാര്യങ്ങൾ വെരിഫൈ ചെയ്യുന്നതുവരെ  പൊതുവായ പരിശോധന താൽക്കാലികമായി നിർത്താൻ കമ്പനിയെ നിർബന്ധിതമാക്കി.  ഐഡന്റിറ്റിയും ശബ്ദവും ഉറപ്പുവരുത്തുന്നതിനും സാധൂകരിക്കുന്നതിനുമാണ് സ്ഥിരീകരണം ഉദ്ദേശിച്ചതെങ്കിലും അംഗീകാരമോ പ്രാധാന്യത്തിന്റെ സൂചകമോ ആയാണ് വ്യാഖ്യാനിക്കപ്പെട്ടത്.  ആശയക്കുഴപ്പം തങ്ങൾ തന്നെയാണ് സൃഷ്ടിച്ചതെന്നും അത് പരിഹരിക്കേണ്ടതുണ്ടെന്നും തിരിച്ചറിയുന്നുവെന്നാണ് ട്വിറ്റർ ആ സമയത്ത് പോസ്റ്റുചെയ്തിരുന്നത്.
കോവിഡ് 19 ഉമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി കമ്പനി ഈ വർഷം ആദ്യം ആയിരം ആരോഗ്യ വിദഗ്ധരെ വെരിഫൈ ചെയ്തിരുന്നു.  ഈ പ്രക്രിയ അവ്യക്തമായി തുടർന്നുവെങ്കിലും സ്ഥിരീകരിക്കുന്ന  പരിപാടി ഔദ്യോഗികമായി  നിർത്തിവെക്കുകയും ചെയ്തു. എല്ലാം സുഗമമായി നടന്നാൽ അടുത്ത വർഷം ഇത് മാറുമെന്നാണ് ട്വിറ്റർ നൽകുന്ന സൂചന. 
വെരിഫിക്കേഷൻ അല്ലെങ്കിൽ സ്ഥിരീകരണം കൊണ്ട് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്, ആരാണ് പരിശോധിച്ചുറപ്പിക്കാൻ യോഗ്യൻ, ചില അക്കൗണ്ടുകൾക്ക് അവരുടെ ചെക്ക് മാർക്ക് നഷ്ടപ്പെടുന്നത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങൾ പുതിയ നയത്തിൽ വ്യക്തമായി നിർണ്ണയിക്കുമെന്ന് ട്വിറ്റർ പറയുന്നു. 
2017 ലെ വിവാദം ആവർത്തിക്കുന്നത് തടയാനാണ് പുതിയ നയം നടപ്പിലാക്കുന്നതിന് മുമ്പ് ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ തേടുന്നത്. നയത്തിന്റെ കരട്  പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഉപയോക്താക്കൾക്ക് ട്വിറ്റർ സർവേയ്ക്ക് ഉത്തരം നൽകാനും  #ഢലൃശളശരമശേീിഎലലറയമരസ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഫീഡ്ബാക്ക് ട്വീറ്റ് ചെയ്യാനും കഴിയും.
പൊതുതാൽപര്യമുള്ള ഒരു അക്കൗണ്ട് ആധികാരികമാണെന്ന് ആളുകളെ അറിയിക്കുന്നതിനുള്ള മാർഗമായാണ് നിർദ്ദിഷ്ട നയം ട്വിറ്ററിലെ നീല സ്ഥിരീകരിച്ച ബാഡ്ജ് സ്വീകരിക്കുന്നത്.  ഇതിനായി അക്കൗണ്ടുകൾ ശ്രദ്ധേയവും സജീവവുമായിരിക്കണം. നീല ബാഡ്ജിന് അപേക്ഷിക്കാൻ കഴിയുന്ന അക്കൗണ്ടുകളുടെ ഇനങ്ങളും കരട് നയത്തിൽ നിർവചിക്കുന്നുണ്ട്.  സർക്കാർ, കമ്പനികൾ, ബ്രാൻഡുകൾ, ലാഭേച്ഛയില്ലാത്ത ഓർഗനൈസേഷനുകൾ; വാർത്ത, വിനോദം, സ്‌പോർട്‌സ്, പ്രവർത്തകർ, സംഘാടകർ, മറ്റ് സ്വാധീനമുള്ള വ്യക്തികൾ എന്നിങ്ങനെയുള്ള അക്കൗണ്ടുകൾക്ക് അർഹതയുണ്ട്. ഇവ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് ആഴത്തിലുള്ള വിശദീകരണമാണ് കരട് നയത്തിലുള്ളത്. ഉദാഹരണത്തിന്, ആർട്ടിസ്റ്റുകൾക്കും പ്രകടനം നടത്തുന്നവർക്കും അവരുടെ അക്കൗണ്ടിലേക്ക് ലിങ്കുചെയ്യുന്ന വെബ്‌സൈറ്റുകൾ ഉണ്ടായിരിക്കണം. കൂടാതെ ഐഎംഡിബിയിൽ അഞ്ച് പ്രൊഡക്്ഷൻ ക്രെഡിറ്റുകൾ ഉണ്ടായിരിക്കണം അല്ലെങ്കിൽ ആറ് മാസത്തിനിടെ മൂന്നോ അതിലധികമോ വാർത്താ ഭാഗങ്ങളിൽ പരാമർശിക്കപ്പെടണം.
 ആക്ടിവിസ്റ്റുകൾ, സംഘാടകർ, മറ്റ് സ്വാധീനമുള്ള വ്യക്തികൾ എന്നിവ നിർവചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, പുതിയ നയം ഈ അക്കൗണ്ടുകളെ സ്ഥിരീകരണത്തിന് യോഗ്യമല്ലാത്തവയാക്കുന്നത് എന്താണെന്ന് വ്യക്തമാക്കുന്നു. ഈ അക്കൗണ്ടുകൾ പ്രാഥമികമായി ഏതെങ്കിലും വ്യക്തിയെയോ ഗ്രൂപ്പിനെയോ ഉപദ്രവിക്കുന്നതോ  അപമാനിക്കുന്നതോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യരുത്.  വംശം,  ദേശീയത, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം, മതപരമായ ബന്ധം, പ്രായം, വൈകല്യം, മെഡിക്കൽ / ജനിതക എന്നിവയുടെ അടിസ്ഥാനത്തിലുള്ള അവസ്ഥ ഇതിൽ പ്രധാനമാണ്.  ഒരു വെറ്ററൻ എന്ന നില, ഒരു അഭയാർത്ഥി എന്ന നില, അല്ലെങ്കിൽ ഒരു കുടിയേറ്റക്കാരനെന്ന പദവി അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിലെ അംഗങ്ങളുടെ മേധാവിത്വം അല്ലെങ്കിൽ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം എന്നിവ ഈ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ അപമാനിക്കപ്പെടുന്നതായി വിലയിരുത്തും.
സ്ഥിരീകരണത്തിനായി അപേക്ഷിക്കുന്ന എല്ലാ അക്കൗണ്ടുകളിലും കഴിഞ്ഞ ആറുമാസത്തിനിടെ, ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിന് 12 മണിക്കൂർ അല്ലെങ്കിൽ ഏഴ് ദിവസത്തെ ലോക്കൗട്ട് ഉണ്ടായിരിക്കരുത്. അപ്പിൽ നേടിയ നേടിയ കേസുകൾക്ക് ഇത് ബാധകമല്ല.  ഒരു അക്കൗണ്ട് കൃത്രിമ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുവെന്ന് തെളിയിക്കപ്പെടുകയോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുകയോ ചെയ്യാനും പാടില്ല. ഏത് സമയത്തും ട്വിറ്ററിന് സ്ഥിരീകരണ നില അസാധുവാക്കാൻ കഴിയും. വിദ്വേഷകരമായ പ്രവർത്തനം, അധിക്ഷേപകരമായ പെരുമാറ്റം, അക്രമത്തെ മഹത്വവൽക്കരിക്കുക, സ്വകാര്യ വിവര നയം എന്നിവക്കെതിരായ ട്വിറ്ററിന്റെ നിയമങ്ങൾക്ക് കീഴിലുള്ള ലംഘനങ്ങൾ നീല ചെക്ക് മാർക്ക് നഷ്ടപ്പെടാൻ ഇടയാക്കും.
പുതിയ അക്കൗണ്ടുകളിൽ തരങ്ങളും ലേബലുകളും അവതരിപ്പിക്കുന്നത് ഉൾപ്പെടെ ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ സ്വയം തിരിച്ചറിയുന്നതിനുള്ള കൂടുതൽ വഴികൾ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ട്വിറ്റർ പറയുന്നു. വരും ആഴ്ചകളിൽ ഇതേ കുറിച്ചുള്ള  കൂടുതൽ വിശദാംശങ്ങൾ പുറത്തിറക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി. 

Latest News