Sorry, you need to enable JavaScript to visit this website.

നമ്മുടെ അയൽ ഗ്രഹത്തിലെ മഹാപ്രളയം  

ക്യൂരിയോസിറ്റി റോവർ ശേഖരിച്ച ചിത്രങ്ങളിലൂടെ പുതിയ കണ്ടെത്തലുകൾ 

ചൊവ്വ വലിയ പ്രളയദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന സൂചന നൽകുന്നതാണ്  വലിയ ചാനലുകളുടെ ചിത്രങ്ങളും ഉപരിതലത്തിലെ മെഗാറിപ്പിൾസ് എന്ന ഭീമൻ തരംഗദൈർഘ്യ സവിശേഷതകളും.  400 കോടി വർഷങ്ങൾക്കു മുമ്പ് ഗെയ്ൽ ഗർത്തത്തിന് കുറുകെ മഹാ പ്രളയങ്ങളുണ്ടായെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞർ. ക്യൂരിയോസിറ്റി റോവർ ശേഖരിച്ച വിവരങ്ങളും  വിശദമായ അവശിഷ്ട ഡാറ്റകളും ഉപയോഗിച്ചാണ് ആദ്യമായി പ്രളയം തിരിച്ചറിഞ്ഞതെന്ന് നേച്ചർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ സഹരചയിതാവ് ആൽബർട്ടോ ജി. ഫെയറോൺ പറഞ്ഞു. മഹാപ്രളയങ്ങൾ ഉപേക്ഷിച്ച നിക്ഷേപങ്ങൾ മുമ്പ് ഓർബിറ്റർ ഡാറ്റ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
ജാക്‌സൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കോർനെൽ, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഹവായ് യൂണിവേഴ്‌സിറ്റി എന്നിവയിലെ ശാസ്ത്രജ്ഞർ അടങ്ങുന്ന സംഘം ക്യൂരിയോസിറ്റി റോവറിലെ മാർസ് ഹാൻഡ് ലെൻസ് ഇമേജും മാസ്റ്റ്ക്യാം ക്യാമറകളും എടുത്ത ചിത്രങ്ങളാണ് ഗേൽ ഗർത്തത്തിലെ പാറകളും ധാതുക്കളും നിരീക്ഷിക്കാൻ ഉപയോഗിച്ചത്.  ഷാർപ്പും ഗെയ്ൽ ഗർത്തവും രൂപപ്പെട്ട ശേഷമുണ്ടായ  വെള്ളപ്പൊക്കം അവശിഷ്ടങ്ങൾ നിക്ഷേപിച്ചുവെന്നാണ് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്. 


ഗ്രഹത്തിൽ വൻതോതിൽ ഐസ് ഉരുകാൻ ആവശ്യമായ താപം സൃഷ്ടിച്ച ഒരു വലിയ ഉൽക്കാപതനമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും ശാസ്ത്രജ്ഞർ  വിശ്വസിക്കുന്നു. പുറത്തുവിട്ട കാർബൺ ഡൈ ഓക്‌സൈഡും മീഥെയ്‌നും ജലബാഷ്പവുമായി ചേർന്ന് ചെറിയ സമയത്തേക്ക് ചൂടും ആർദ്രവുമായ കാലാവസ്ഥ സൃഷ്ടിച്ചു. ഇത് ഗ്രഹത്തിലുടനീളം പേമാരിയായി പെയ്തു. കനത്ത മഴയിലുണ്ടായ  വെള്ളവും അവശിഷ്ടങ്ങൾക്കൊപ്പം  ഗേൽ ഗർത്തത്തിൽ ശക്തമായ വെള്ളപ്പൊക്കത്തിനു കാരണമായി.  
ജലത്തിൻെറ സാന്നിധ്യം ജീവിത സാന്നിധ്യത്തെ അർത്ഥമാക്കുന്നു. ഇതു കാരണമാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ സംഘടനയായ നാസയും മറ്റ് ബഹിരാകാശ ഏജൻസികളും സൗരയൂഥത്തിലെ മറ്റു ഗോളങ്ങളിലും ജലത്തിന്റെ തെളിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നത്. ജീവനെ പിന്തുണക്കാൻ ഉപരിതലത്തിൽ ദ്രാവക ജലത്തിന്റെ സാന്നിധ്യം ആവശ്യമാണ്.  വെള്ളമുള്ളിടത്ത് ജീവനുണ്ട്. അതാണ് ഭൂമി.  2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുന്ന റോവറിന്റെ ദൗത്യത്തിൽ സുപ്രധാനമാണ് നമ്മുടെ ഗ്രഹ അയൽവാസിയിൽ പുരാതന ജീവിതത്തിന്റെ തെളിവുകൾ കണ്ടെത്താനുള്ള ശ്രമം.

Latest News