ജിദ്ദ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജിദ്ദ ഒ.ഐ.സി.സിക്കും സന്തോഷത്തിനു വകയേറെ. ജിദ്ദ ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആറു പേരാണ് ഇത്തവണ സ്ഥാനാർഥികളായി മത്സര രംഗത്തുള്ളത്. എല്ലാവരും യു.ഡി.എഫ് സ്ഥാനാർഥികളായി കോൺഗ്രസ് പ്രതിനിധികളെന്ന നിലയിൽ കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പ്രവാസികളായിരുന്നുകൊണ്ട് ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട് സാമൂഹിക രംഗത്ത് കാഴ്ചവെച്ച പ്രവർത്തനങ്ങളാണ് സ്ഥാനാർഥിത്വത്തിന് ഇവരെ അർഹരാക്കിയത്. പതിവിൽനിന്നു വ്യത്യസ്തമായി ഒട്ടേറെ പ്രവാസികളെ കോൺഗ്രസ് ഇക്കുറി സ്ഥാനാർഥികളായി പരിഗണിച്ചിട്ടുണ്ട്.
ജിദ്ദ ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട സ്ഥാനാർഥികളുടെയും മറ്റു യു.ഡി.എഫ് സ്ഥാനാർഥികളുടെയും വിജയത്തിനായി ജിദ്ദ ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ അതിവിപുലമായ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടത്തി വരികയാണെന്ന് പ്രസിഡന്റ് കെ.ടി.എ മുനീർ പറഞ്ഞു. ജില്ലാ തലത്തിലും മുനിസിപ്പൽ പഞ്ചായത്ത് തലത്തിലുമുള്ള കമ്മിറ്റികൾ യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തിയും നാട്ടിലുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ടുമെല്ലാം വോട്ടഭ്യർഥന നടത്തി വരികയാണ്. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തെരെഞ്ഞടുപ്പ് എന്ന നിലയിൽ ഒട്ടേറെ പ്രത്യകതകൾ ഈ തെരഞ്ഞെടുപ്പിനുണ്ടെന്നും കോവിഡ് യുവജനങ്ങൾക്ക് സ്ഥാനാർഥിത്വം ലഭ്യമാകുന്നതിന് സഹായകരമായിട്ടുണ്ടെന്നും മുനീർ പറഞ്ഞു. പ്രവാസ ലോകത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാനുള്ള അവസരം ലഭിക്കില്ലെന്ന തെറ്റിദ്ധാരണയെല്ലാം ഈ തെരഞ്ഞെടുപ്പോടെ മാറിയിരിക്കുകയാണ്. വിവിധ പാർട്ടികളുടെ ബാനറിൽ നിരവധി പ്രവാസികൾ ജനവിധി തേടുന്നുണ്ട്. ഇതു പ്രവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിനു വക നൽകുന്നതാണെന്നും മുനീർ കൂട്ടിച്ചേർത്തു.
കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂർ പഞ്ചായത്ത് 15ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാജശേഖരൻ പിള്ള ജിദ്ദ ഒ.ഐ.സി.സി റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റായിരിക്കെയാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയത്. നിലവിൽ അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറികൂടിയാണിദ്ദേഹം. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഉടൻ തന്നെ പൊതു രംഗത്തു സജീവമാവുകയും പാർട്ടി സ്ഥാനങ്ങളിൽ അവരോധിതനാവുകയും ചെയ്ത രാജശേഖരൻ പിള്ള ഏറെ പ്രതീക്ഷകളുമായാണ് മത്സര രംഗത്തുള്ളത്.
ദമാമിലെയും ജിദ്ദയിലെയും ദീർഘ കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ വേളക്കാട് ജമാൽ നാസർ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 38 ാം ഡിവിഷനിൽനിന്നുമാണ് യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഒ ഐ സിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ദമാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ ഭാരവാഹിത്വം വഹിച്ചിട്ടുള്ളയാളാണ് ജമാൽ നാസർ. ജിദ്ദ ഒഐസിസിയുടെ ആദ്യകാല പ്രവർത്തകനും ഭാരവാഹിയുമായിരുന്ന കെ.ടി സൈദലവിയാണ് മറ്റൊരു സ്ഥാനാർഥി. പട്ടാമ്പി മുനിസിപ്പാലിറ്റി ഏഴാം ഡിവിഷനിൽ (ശങ്കരമംഗലം) നിന്നുമാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. പ്രവാസിയായിരിക്കെ സാമൂഹിക, ജീവകാരുണ്യ രംഗത്തെ പ്രവർത്തന പരിചയം നാട്ടിലെ സ്ഥാനാർഥിത്വത്തിനും പൊതു പ്രവർത്തനത്തിനും മുതൽകൂട്ടാവുകയായിരുന്നു. ജിദ്ദ ഒ.ഐ.സി.സി ട്രഷറർ, പ്രിയദർശിനി കലാ കായിക വിഭാഗം കൺവീനർ, ഒ.ഐ.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പി.പി ആലിപ്പു വേങ്ങര പഞ്ചായത്തിലെ അഞ്ചാം വാർഡിൽനിന്നുമാണ് മത്സരിക്കുന്നത്. ജിദ്ദയിൽ പൊതു രംഗത്തെന്ന പോലെ ബിസിനസ് രംഗത്തും ഏറെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ആലിപ്പു. നിലവിൽ വേങ്ങര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, പ്രവാസി കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
വീയപുരം പഞ്ചായത്ത് രണ്ടാം വാർഡിൽനിന്നു മത്സരിക്കുന്ന സിയാദാണ് മറ്റൊരു സ്ഥാനാർഥി. ഒരു സാദാപ്രവർത്തകനായി ജിദ്ദ കാർ ഹരാജ് കമ്മിറ്റിയിൽകൂടി പൊതു രംഗത്തു വന്ന സിയാദ് പിന്നീട് ദമാമിലേക്ക് സ്ഥലം മാറി പോയപ്പോഴും ഒ.ഐ.സി.സിയുമായുള്ള ബന്ധം നിലനിർത്തുകയും സേവന രംഗത്ത് സജീവമായി തുടരുകയും ചെയ്തു.
ദമാമിൽനിന്ന് ഒ.ഐ.സി.സി ഹജ് വളണ്ടിയർമാരുമായി വന്ന് മിനായിൽ ഹജ് വേളയിലും ഇദ്ദേഹം സേവനനിരതനാവാറുണ്ട്. ഈ സേവന പാരമ്പര്യമാണ് ഇദ്ദേഹത്തിന് സ്ഥാനാർഥിത്വം ലഭിക്കാൻ സഹായകരമായത്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പാലാങ്കര ഡിവിഷനിൽനിന്നു ജനവിധി തേടുന്ന വാളപ്ര റഷീദ് ഒ.ഐ.സി.സി ജിദ്ദ മക്രോണ കമ്മിറ്റി പ്രസിഡന്റായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയ ഇദ്ദേഹം പൊതു രംഗത്തു സജീവമായി നിന്ന് മൂത്തേടം പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ബ്ലോക്കിലേക്ക് ജനവിധി തേടുന്നത്.