Sorry, you need to enable JavaScript to visit this website.

ഹിമാചലില്‍ ബിജെപി തന്ത്രം മാറ്റി; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി 'വയോധികന്‍'

ന്യൂദല്‍ഹി- മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന പറഞ്ഞ ബിജെപി ഒടുവില്‍ തിരിച്ചടി ഭയന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ഹിമാചലില്‍ തന്ത്രംമാറ്റി. പ്രായാധിക്യമുള്ളവരെ മന്ത്രി പദവികളിലേക്ക് പരിഗണിക്കില്ലെന്ന പാര്‍ട്ടിയുടെ നയത്തിനു വിരുദ്ധമായ മുതിര്‍ന്ന നേതാവ് 73-കാരനായ പ്രേമ കുമാര്‍ ധുമലിനേയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പത്തു ദിവസം നീണ്ട ചര്‍ച്ചയിലാണ് ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ, ധുമല്‍ എന്നിവരില്‍ ആരു വേണം എന്നായിരുന്നു അവസാന ചര്‍ച്ച. ജാതി സമവാക്യങ്ങളും ജനസ്വീകാര്യതയും പരിഗണിച്ചപ്പോള്‍ ഒടുവില്‍ നറുക്ക് വീണത് ധുമലിനായിരുന്നു. നിലവില്‍ ബിജെപി എംഎല്‍മാരില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് ധുമലിനേയാണ്. ഇത്തവണ ടിക്കറ്റ് ലഭിച്ചവരില്‍ ഏറെ പേരും ധുമല്‍ അനുകൂലികളുമാണ്. സംസ്ഥാനത്തെ പ്രബല വിഭാഗമായ, ജനസംഖ്യയുടെ 28 ശതമാനം വരുന്ന ഠാക്കൂര്‍ സമുദായക്കാരനാണ് ധുമല്‍. നേരത്തെ രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുമുണ്ട്.   

മുഖ്യമന്ത്രി പദവി താല്‍പര്യമുള്ള നാലു നേതാക്കളാണ് ഉണ്ടായിരുന്നത്. ബ്രാഹ്മണനായ നദ്ദയെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടിയാല്‍ ഭൂരിപക്ഷ സമുദായം തങ്ങള്‍ക്കെതിരാകുമെന്ന് ബിജെപി കണക്കു കൂട്ടി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വീര്‍ഭദ്ര സിങും ഠാക്കൂര്‍ വിഭാഗക്കാരനാണ്. പാര്‍ട്ടി സര്‍വെ പ്രകാരം നദ്ദയും ജനപ്രിയനല്ല. 

കംഗരയിലെ കരുത്തനായ നേതാവ് ശാന്ത കുമാര്‍ 83 വയസ്സിനു പിന്നിട്ടതിനാല്‍ പട്ടികയില്‍ നിന്ന് ആദ്യം പുറത്തായി. ശാന്തകുമാറിനെ പിണക്കിയത് 2012-ല്‍ ബിജെപിക്ക് ഹിമാചലില്‍ വലിയ തിരിച്ചടിയായിരുന്നു. വിമതര്‍ രംഗത്തെത്തിയതോടെ കംഗരയിലെ 15 സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് അന്ന് ബിജെപിക്ക് ജയിക്കാനായത്. ഇത്തവണയും ശാന്ത കുമാര്‍ സീറ്റു വിതരണത്തിനു മുന്നോടിയായി ചില നീക്കങ്ങളാരംഭിച്ചിരുന്നു. ഇതു മൂന്‍കൂട്ടി കണ്ട് അദ്ദേഹത്തിനും അനുകൂലികള്‍ക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ട് നല്ല പരിഗണന നല്‍കി. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സത്തിയായിരുന്നു മുഖ്യമന്ത്രി പരിഗണന പട്ടികയിലെ മറ്റൊരാള്‍. എന്നാല്‍ പാര്‍ട്ടി ആഭ്യന്തരമായി നടത്തിയ രഹസ്യ സര്‍വേയില്‍ ജനപ്രിയനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സത്തിയേയും വെട്ടി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സംഘടനാകാര്യ സെക്രട്ടറി അജയ് ജംവാള്‍ ആയിരുന്നു മറ്റൊരു നേതാവ്. ഇപ്പോള്‍ ആര്‍ എസ് എസ് പ്രചാരക് ആയി സജീവമായി രംഗത്തുള്ള ജംവാളിന് മൂന്ന് വര്‍ഷം ആര്‍ എസ് എസ് ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. ഒരു പൊതുനേതാവായി അറിയപ്പെടുന്ന ആളുമല്ല ജംവാള്‍. മാത്രമവുല്ല, സംസ്ഥാനത്തെ ഇരുത്തം വന്ന നേതാക്കളുടെ കടുത്ത എതിര്‍പ്പുകളെ പലപ്പോഴും നേരിടുകയും ചെയ്തിട്ടുണ്ട്. ഇതും അദ്ദേഹത്തിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു.  

Latest News