ഇന്ത്യന്‍ എംബസി നീക്കം ശക്തമാക്കി; ഡിസംബറില്‍ വിമാനസര്‍വീസിന് സാധ്യത

റിയാദ്- സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ക്കായി  ഇന്ത്യന്‍ എംബസി ശ്രമം തുടരുന്നു. അംബാസഡറും ഡിസിഎമ്മും സിവില്‍ ഏവിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് പുറമെ എംബസി പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അന്‍വര്‍ കഴിഞ്ഞ ദിവസം എയര്‍ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ അലി റജബുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെയും സൗദിയിലെയും വിവിധ എയര്‍ലൈന്‍ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.


ഇന്ത്യക്കും സൗദി അറേബ്യക്കും ഇടയില്‍ എയര്‍ ബബ്ള്‍ കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്ന് അസീം അന്‍വര്‍ മലയാളം ന്യൂസിനോട് പറഞ്ഞു. ഡിസംബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെ ഏതാനും എയര്‍പോര്‍ട്ടുകളിലേക്ക് വിമാനസര്‍വീസ് ആരംഭിക്കാനുതകുന്ന വിധത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുമായി സൗദി അറേബ്യ എയര്‍ബബ്ള്‍ കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് 22 രാജ്യങ്ങളിലേക്ക് എയര്‍ബബ്ള്‍ കരാര്‍ പ്രകാരം വിമാനസര്‍വീസ് നടക്കുന്നുമുണ്ട്. സൗദി അറേബ്യയുമായി ഈ കരാറിലൊപ്പുവെക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്നദ്ധവുമാണ്.
നിലവില്‍ ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കണമെങ്കില്‍ വിദേശരാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മാലിദ്വീപ്, ദുബായ് എന്നിവിടങ്ങളില്‍ 14 ദിവസം താമസിച്ചാണ് ഇപ്പോള്‍ റീഎന്‍ട്രിയിലുള്ളവര്‍ സൗദിയിലെത്തുന്നത്. ഇന്ത്യന്‍ അംബാസഡര്‍ നേരത്തെ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് 14 ദിവസത്തെ നിബന്ധനയില്ലാതെ പ്രവേശാനാനുമതി നല്‍കിയിരുന്നു.
ഡിസംബര്‍ ആദ്യവാരം സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് എയര്‍ലൈനുകള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ജനുവരി മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ഡിസംബര്‍ ആദ്യവാരം പ്രഖ്യാപനമുണ്ടാകുമെന്ന് സൗദി ഭരണകൂടം നേരത്തെ അറിയിച്ചിട്ടുമുണ്ട്.

 

Latest News