സുഖ്‌യാ:ജിദ്ദയില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു; ഭയപ്പെടാനില്ലെന്ന് കാലാവസ്ഥാ വിദഗ്ധന്‍

ജിദ്ദ- ജിദ്ദയില്‍ അടുത്ത മണിക്കൂറുകളില്‍ വര്‍ഷിക്കുമെന്ന് കരുതുന്ന കനത്ത മഴ മൂലം 2009 ലെതിനു സമാനമായ പ്രളയദുരന്തമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ധന്‍ സ്വാലിഹ് അല്‍ശൈഖി പറഞ്ഞു.


ജിദ്ദയില്‍ ശക്തമായ മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.  ജിദ്ദയിലും റാബിഗിലും നാളെ പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനിയും അല്‍ഖസീം യൂനിവേഴ്‌സിറ്റി കാലാവസ്ഥാ വിഭാഗം പ്രൊഫസറും സൗദി കാലാവസ്ഥാ സമിതി പ്രസിന്റുമായ ഡോ. അബ്ദുല്ല അല്‍മുസ്‌നദ് പറഞ്ഞു.


വരും ദിവസങ്ങളില്‍ സൗദിയില്‍ പ്രതീക്ഷിക്കുന്ന മഴയവസ്ഥക്ക് 'സുഖ്‌യാ' എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 'സുഖ്‌യാ' ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

മഴ സീസണ്‍ നേരിടുന്നതിന് ജിദ്ദ നഗരസഭ മുന്‍കൂട്ടി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വെള്ളം ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുകയും മഴവെള്ളം തിരിച്ചുവിടുന്ന ഡ്രൈനേജ് ശൃംഖലകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും  വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാന റോഡുകളിലും ഇന്റര്‍സെക്ഷനുകളിലും വെള്ളം ഉയരുന്ന പക്ഷം വേഗത്തില്‍ ഒഴിവാക്കുന്നതിന് മോട്ടോറുകളും ഉപകരണങ്ങളും ജീവനക്കാരെയും ഒരുക്കിനിര്‍ത്തിയിട്ടുണ്ട്.

ജിദ്ദക്കും പശ്ചിമ, ദക്ഷിണ മേഖലക്കും ശേഷമാണ് റിയാദില്‍ കനത്ത മഴക്ക് തുടക്കമാവുക. റിയാദില്‍ വെള്ളി മുതലാണ് മഴ ആരംഭിക്കുക. മധ്യസൗദിയിലും റിയാദിലും ഈ വാരാന്ത്യം മുതല്‍ അടുത്ത വാരാദ്യം വരെ മഴക്കു സാധ്യതയുണ്ട്. ഇവിടങ്ങളില്‍ അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി മുതല്‍ റിയാദില്‍ താപനില ഗണ്യമായി കുറയും. ഉയര്‍ന്ന താപനില 20 ഡിഗ്രിക്കു സമീപവും കുറഞ്ഞ താപനില 15 ഡിഗ്രിയുമാകുമെന്നാണ് കരുതുന്നത്.

 

Latest News