Sorry, you need to enable JavaScript to visit this website.

അടൂർ ഭാസി, കുരുവിപ്പെട്ടി പിന്നെ മലയാളം ന്യൂസ് ഓഫീസും

എല്ലാ കാലത്തിനും യോജിച്ച തെരഞ്ഞെടുപ്പ് ഗാനം പാടി അഭിനയിച്ചത് ഫലിതത്തിന്റെ നിറകുടമായ അടൂർ ഭാസി. കുരുവിപ്പെട്ടി നമ്മുടെ പെട്ടി-എന്ന് തുടങ്ങുന്ന ആ പാട്ട് ഇന്ന് കേൾക്കുമ്പോഴും പുതുമ അൽപം പോലും നഷ്ടമായിട്ടില്ലെന്ന് ആർക്കും ബോധ്യപ്പെടും. കൃഷിക്കാർക്ക് കൃഷിഭൂമി, പണക്കാർക്ക് മരുഭൂമി, എൻ.ജി.ഒമാർക്കെല്ലാം  ശമ്പളം നാല് നാലിരട്ടി  എന്ന വരികൾ കാലത്തെയും അതിജീവിച്ച ജീവസുറ്റ ഇടതു പുരോഗമന മുദ്രാവാക്യമായി തോന്നാം. പണക്കാർക്ക് മരുഭൂമി എന്ന വരികളിൽ അര നൂറ്റാണ്ട് മുമ്പ് വയലാർ ഒളിപ്പിച്ചുവെച്ച മുന ഇന്നാണെങ്കിൽ ആ കമ്യൂണിസ്റ്റ് കവി കടുത്ത സൈബർ വെട്ടുകിളി ആക്രമണത്തിന് ഇരയാകുമായിരുന്നു. 

 

ബ്രിട്ടീഷ് കാലത്തിന് മുമ്പ് ഇന്ത്യൻ ഗ്രാമങ്ങൾ ഭരിച്ചത് നാട്ടുകൂട്ടങ്ങളായിരുന്നു.  ഓരോ പ്രദേശങ്ങളും നാട്ടുപ്രമാണിമാർ ഭരിച്ച ആ കാലത്ത് നിയമങ്ങളൊക്കെ അവരവരുടെ വായിൽ തോന്നിയതായത് സ്വാഭാവികം. 1919 ൽ ബ്രിട്ടീഷുകാർ അവർക്കാവും വിധം ഒരു പൊതു നിയമമുണ്ടാക്കി നോക്കി - പ്രാദേശികമായി കാര്യങ്ങൾ ഭൂരിപക്ഷ പ്രകാരം തീരുമാനിക്കാനുള്ളതായിരുന്നു ആ നിയമം. ജനാധിപത്യത്തിന്റെ ആദ്യ പാഠം. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ കാലത്ത് പഞ്ചായത്തുകളെക്കുറിച്ച് പഠിക്കാൻ കമ്മീഷൻ നിലവിൽ വന്നു - ബൽവന്ത് റായ് മേത്ത കമ്മീഷൻ. ഗ്രാമ സ്വരാജ് എന്ന ആശയത്തിന്റെ വക്താവായ മഹാത്മാഗാന്ധിയുടെ ശിഷ്യനായ നെഹ്‌റു പഞ്ചായത്ത് ഭരണ സംവിധാനത്തിൽ കാണിച്ച താൽപര്യം മുന്നോട്ടുള്ള യാത്രയിൽ ചാലക ശക്തിയായി. ബൽബന്ത്‌റായ് മേത്ത കമ്മീഷൻ 1959 ൽ  സമർപ്പിച്ച റിപ്പോർട്ടിലാണ് ത്രിതല പഞ്ചായത്ത് സംവിധാനം എന്ന ആശയം നിർദേശിക്കപ്പെട്ടത്.  അൽപം പോലും വൈകാതെ 1960 ൽ തന്നെ കേരളത്തിൽ പഞ്ചായത്ത് ആക്ട് നടപ്പിലായി.    കേരളത്തിൽ 1964 ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഭരണ സമിതികൾ പല കാരണങ്ങളാൽ ദീർഘവർഷങ്ങൾ നിലനിന്നു. 1979 ൽ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെയുള്ള നീണ്ട വർഷങ്ങൾ എല്ലാ പഞ്ചായത്തുകളിലെയും ഭരണ സമിതികൾ മാറ്റമില്ലാതെ നാടു ഭരിച്ചു.  ഇതു കാരണം  നാട്ടിൻ പുറങ്ങളിലൊക്കെ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പർമാരും സ്ഥിരം കഥാപാത്രങ്ങളായി. സിനിമയിലും കാർട്ടൂണിലും  നാടകങ്ങളിലുമൊക്കെയുള്ള കഥാപാത്രങ്ങൾ ജനിച്ചു വീണത് ഇങ്ങനെയൊക്കെയാണ്.

 

പവറും പത്രാസുമല്ലാതെ വലിയ നേട്ടമൊന്നും പഞ്ചായത്ത് ഭാരവാഹികൾക്കില്ലായിരുന്നു.  എന്ത്  കാര്യത്തിനും പ്രസിഡന്റിംഗ് എത്തട്ടെ എന്നൊരു മുൻഗണന മാത്രം. മൂന്ന് രൂപയായിരുന്നു അന്നത്തെ  പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച സിറ്റിങ് ഫീസെന്ന കാര്യം കഴിഞ്ഞ ദിവസം,  1964 ൽ ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ജി.ആർ. ഉണ്ണിത്താൻ  ദൂരദർശൻ പരിപാടിയിൽ പറയുകയുണ്ടായി.. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉണ്ണിത്താൻ സാറിനിപ്പോൾ 92  വയസ്സായി. അത്രയും പ്രായമുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ മറ്റാരെങ്കിലും കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. 


92 ന്റെ നിറവിലും ആരും വീണ്ടും വീണ്ടും കാണാൻ കൊതിച്ചു പോകുന്ന വ്യക്തിത്വം. (കവി ഒ.എൻ.വി കുറുപ്പ് ഇ.കെ. നായനാരെപ്പറ്റി പറഞ്ഞ വാക്കുകൾ). ഉണ്ണിത്താൻ സാറിന്റെ മകൾ സിന്ധു ഉണ്ണിത്താൻ തിരുവനന്തപുരത്തെ ജേണലിസ്റ്റ് ഫ്‌ളാറ്റിലാണ് താമസം. ഭർത്താവ്  സോഷ്യൽ മീഡിയയിൽ സജീവമായ ടി.സി. രാജേഷ്. കെ.ജി.ആർ. ഉണ്ണിത്താനെപോലുള്ള  പ്രൗഢ വ്യക്തിത്വങ്ങൾക്കപ്പുറം   പഞ്ചായത്ത് ഭാരവാഹികൾ കഥാപാത്രങ്ങളായി തുടങ്ങിയത് തെരഞ്ഞെടുപ്പ് വഴി അധികാരത്തിൽ വന്ന ഭരണ സമിതി കാലത്താണെന്ന് സ്ഥനാർഥി സാറാമ്മ (1966) എന്ന സിനിമയുടെ കഥ കേരളീയർക്ക് പറഞ്ഞു തരുന്നുണ്ട്.
മുട്ടിന് മുട്ടിന് പാലങ്ങൾ, വിളക്കുമരങ്ങൾ, പാർക്കുകൾ, റോഡുകൾ, തോടുകൾ എന്നു വേണ്ട തോട്ടുംകരയിൽ വിമാനത്താവളമുൾപ്പെടെ വാഗ്ദാനം ചെയ്യുന്ന പാട്ട് രചിച്ചത് വയലാർ രാമവർമ്മയായിരുന്നുവെന്ന് പറഞ്ഞാൽ  ഇന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും.


എല്ലാ കാലത്തിനും യോജിച്ച തെരഞ്ഞെടുപ്പ് ഗാനം പാടി അഭിനയിച്ചത് ഫലിതത്തിന്റെ നിറകുടമായ  അടൂർ ഭാസി. കുരുവിപ്പെട്ടി നമ്മുടെ പെട്ടി- എന്ന് തുടങ്ങുന്ന ആ പാട്ട് ഇന്ന് കേൾക്കുമ്പോഴും പുതുമ അൽപം പോലും നഷ്ടമായിട്ടില്ലെന്ന് ആർക്കും ബോധ്യപ്പെടും. കൃഷിക്കാർക്ക് കൃഷിഭൂമി, പണക്കാർക്ക് മരുഭൂമി, എൻ.ജി.ഒമാർക്കെല്ലാം  ശമ്പളം നാല് നാലിരട്ടി  എന്ന വരികൾ കാലത്തെയും അതിജീവിച്ച ജീവസുറ്റ 'ഇടതു പുരോഗമന' മുദ്രാവാക്യമായി തോന്നാം.   പണക്കാർക്ക് മരുഭൂമി എന്ന വരികളിൽ അര നൂറ്റാണ്ട് മുമ്പ് വയലാർ ഒളിപ്പിച്ചുവെച്ച മുന ഇന്നാണെങ്കിൽ ആ കമ്യൂണിസ്റ്റ് കവി  കടുത്ത സൈബർ വെട്ടുകിളി ആക്രമണിത്തിന് ഇരയാകുമായിരുന്നു. 


പ്രചാരണ വേദികളിലെ പ്രൊഫഷണലുകളെയാണ് സിനിമയിലെ  ശാസ്ത്രി എന്ന അടൂർ ഭാസി ഗായക കഥാപാത്രം പ്രതിനിധീകരിക്കുന്നത്. കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്കോട്ടില്ല എന്ന് പാടുന്ന ശാസ്ത്രി കടുവാപ്പെട്ടി നമ്മുടെ പെട്ടി കുരുവിപ്പെട്ടിക്കോട്ടില്ല എന്ന് മാറ്റിപ്പാടാനും തയാറാകുന്നയാളാണ്.  തദ്ദേശ തെരഞ്ഞെടുപ്പുൽത്സവത്തിന്റെ കാലത്ത് പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ ഇതുപോലുള്ള എത്രയോ കഥാപാത്രങ്ങളെ ഇന്നും കാണാനാകും. എല്ലാ  പാർട്ടിക്കാർക്കും ഗാന രചന നടത്തിക്കൊടുക്കുന്നവരുടെയും  ഗായകരുടെയുമെല്ലാം വരുമാനമുണ്ടാക്കാനാകുന്ന കാലവുമാണിത്.
കുരുവിപ്പെട്ടി പാടി ഹിറ്റാക്കിയ അടൂർ ഭാസി തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ  മത്സരിച്ചിരുന്നുവെന്നത്  മറ്റൊരു കൗതുകം. വഴുതക്കാട് വാർഡിൽ ആർ.എസ്.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച ഭാസി അന്ന് തോറ്റു.


 പിന്നീട് രണ്ട് പതിറ്റാണ്ടിലധികം ഈ വാർഡിനെ പ്രതിനിധീകരിച്ചത് സി.പി.ഐ നേതാവ് അഡ്വ. വഴുതക്കാട് നരേന്ദ്രൻ.  തൊട്ടു മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിൽ വഴുതക്കാട്ട്  വിജയിച്ചതും ഇത്തവണ മത്സരിക്കുന്നതും  സി.പി.ഐക്കാരി തന്നെ -ഡെപ്യൂട്ടി മെയറായിരുന്ന അഡ്വ. രാഖി വിജയകുമാർ. സി.പി.ഐക്കാർക്ക് ഈ പ്രദേശവുമായുള്ള ആത്മബന്ധത്തിന് പിന്നെയും നിരവധി കാരണങ്ങളുണ്ട്. ഒ.എൻ.വി ജീവിച്ച സ്ഥലം, സുഗതൻ സ്മരകമുള്ള ഇടം അങ്ങനെ നിരവധി...മലയാളം ന്യൂസിന് വഴുതക്കാടുമായുള്ള ആത്മബന്ധം കേരളത്തിലെ മുഖ്യ ഓഫീസ് അവിടെയാണെന്നതാണ്. (അഡ്വ. തമ്പിയുടെ ഉടമസ്ഥതയിലുള്ള സായി കൃപ ബിൽഡിംഗ്). അടൂർ ഭാസിയോടൊപ്പം വഴുതക്കാട്ട് ഒരു ലോഡ്ജിൽ ഒന്നിച്ചു താമസിച്ച കാര്യം തിരുവനന്തപുരത്തെ പ്രസ് റൂമിലെ കാരണവരായിരുന്ന വി.പി. മാധവൻ നായർ (മാധവണ്ണൻ- അദ്ദേഹവും ഇന്നില്ല) പറഞ്ഞു തന്നതോർക്കുന്നു. മാധവണ്ണനുള്ളപ്പോൾ എപ്പോഴൊക്കെയോ അടൂർ ഭാസി പ്രസ് റൂമിൽ വന്നതും ഞങ്ങൾക്കൊപ്പം ചിരി തമാശകളിൽ മുഴുകിയതും  ഓർക്കുന്നു. 

 

Latest News