Sorry, you need to enable JavaScript to visit this website.
Monday , January   25, 2021
Monday , January   25, 2021

ന്യായീകരണ തൊഴിലാളികൾ

ഒരു മറയും ഇല്ലാതെ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെയും നേതാക്കളെയും ന്യായീകരിക്കുന്നവരെയാണ് ന്യായീകരണത്തൊഴിലാളികൾ എന്ന് വിവക്ഷിക്കുന്നത്.  ഏതു വിധത്തിലുള്ള  ന്യായവാദങ്ങളും  ഉയർത്താനും ആരോപണങ്ങൾ ഉന്നയിക്കാനും അതിനെ സാധൂകരിക്കാനും ഒരു മനഃസ്താപവുമില്ലാതെയും കരുണയില്ലാതെയും ഇക്കൂട്ടർക്കു കഴിയുന്നു. നയിക്കുന്നവർ ചെയ്യുന്നതെല്ലാം ശരിയെന്ന് വരുത്തിത്തീർക്കാനുള്ള ന്യായീകരണ വാദികളുടെ ശ്രമം സാമൂഹിക തിന്മയാണ്. സത്യം തുറന്നുപറയലാണ് ഏറ്റവും വലിയ വിപ്ലവം. അതിന് അനന്യസാധാരണ മായ മനക്കരുത്ത് വേണം. സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ''സത്യഗ്രഹ''ത്തെ ഒരു സമര മാർഗമായി അവതരിപ്പിച്ചത്. സത്യഗ്രഹമെന്നാൽ സത്യം ജനത്തെ ഗ്രഹിപ്പിക്കൽ. സത്യം ബോധ്യപ്പെടുന്ന ജനം സത്യത്തോടൊപ്പം നിലകൊള്ളും. അങ്ങനെയാണ് സത്യഗ്രഹ സമരം വിജയിക്കുന്നത്. ''സത്യമേവ ജയതേ'' എന്ന മുദ്രാവാക്യം നാം സ്വീകരിക്കാൻ കാരണം സത്യത്തിനാണ്  ആത്യന്തികമായ വിജയം എന്നുള്ളതിനാലാണ്. സത്യം ഒരു നാൾ മറനീക്കി പുറത്തു വരും എന്ന് എല്ലാവരും വിശ്വസിക്കുന്നു. ന്യായീകരണ തൊഴിലാളികൾ പലപ്പോഴും ശ്രമിക്കുന്നത് സത്യത്തെ മൂടിവെയ്ക്കാനും പുകമറ സൃഷ്ടിച്ച് ജനത്തെ സംശയ നിഴലിൽ കൊണ്ടെത്തിക്കുവാനുമാണ്. 


മുല്ല നസ്‌റുദ്ദീന്റെ ഒരു കഥയുണ്ട്. മുല്ല നസ്‌റുദ്ദീൻ താൻ മരിച്ചുവെന്ന് എപ്പോഴും പറയും. ഒരു ദിവസം ഭാര്യ അദ്ദേഹത്തെ ഡോക്ടറുടെ അടുക്കൽ കൊണ്ടുപോയി. ഡോക്ടർ വേറൊരുളുടെ കൈയിൽ സൂചി കൊണ്ട് കുത്തി. രക്തം വന്നു. മുല്ല പറഞ്ഞു; ഇയാൾ മരിച്ചിട്ടില്ല. ഇപ്പോൾ കാര്യം മനസ്സിലായില്ലേ എന്ന് ചോദിച്ച് ഡോക്ടർ മുല്ലയുടെ വിരലിൽ മൊട്ടുസൂചി കൊണ്ട് കുത്തി. രക്തം വന്നപ്പോൾ ഡോക്ടർ ചോദിച്ചു. ഇപ്പോൾ മനസ്സിലായില്ലേ താങ്കളും മരിച്ചിട്ടില്ലെന്ന്. അപ്പോൾ മുല്ല പറഞ്ഞു; ഇപ്പോൾ മനസ്സിലായി മരിച്ചയാളുടെ കൈയിൽ നിന്നും രക്തം ഒഴുകുമെന്ന്. എന്ത് പറയാൻ?. ഇതാണ് ന്യായീകരണ തൊഴിലാളികളുടെ വാദമുഖം. യാഥാർത്ഥ്യങ്ങളോട് പെരുത്തപ്പെടാത്തവരെ ''മരിച്ചവർ'' എന്ന് വിളിക്കേണ്ടിവരും. സത്യത്തെ നിഷേധിച്ച് തങ്ങൾ സൃഷ്ടിക്കുന്ന ഭാവനാ ലോകത്തിന്റെ സ്രഷ്ടാക്കളാകുന്ന ന്യായീകരണ തൊഴിലാളികളും ഒരർത്ഥത്തിൽ ''മരിച്ചവർ'' തന്നെ. സ്വന്തം സത്യബോധം പണയം വെച്ച് ഒരിനം ''തത്തമ്മേ പൂച്ച, പൂച്ച'' എന്ന് ആവർത്തിക്കുകയാണവർ. ടി.വി ചർച്ചകളിൽ ഉരുളക്കിഴങ്ങ് വായിലിട്ട പോലെ ''ബ ബ്ബ ബ്ബ'' കളിക്കുകയാണ് പലരും. അവരുടെ ശരീര പ്രകടനങ്ങളിൽ നിന്നും മുഖഭാവത്തിൽ നിന്നും പറയുന്നത് ശുദ്ധ നുണയും അസംബന്ധവുമെന്ന് തിരിച്ചറിയാനാകും. പലരും ''അരിയെത്ര'' എന്നതിന് ''പയർ അഞ്ഞാഴി'' എന്നാണ് മറുപടി പറയുന്നത്. ചിലർ പ്രകോപിപ്പിച്ചും തടസ്സവാദങ്ങൾ ഉന്നയിച്ചും ഉത്തരം പറയാതെയും പറയിപ്പിക്കാതെയും സമയം കളയുന്നു. ചിലർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു. ഇറങ്ങിപ്പോകുന്നു. ഒരിനം കോമാളി വേഷങ്ങൾ. 


ന്യായീകരണ വാദികൾക്കായി പ്രത്യേകം തയാറാക്കിയ ന്യായീകരണ ''കാപ്‌സ്യൂൾ'' നൽകുന്നു എന്നതും ഒരേ നുണ പലർ ആവർത്തിക്കുന്നു എന്നതും ഒരു ഗീബൽസിയൻ തന്ത്രമാണ്. വ്യാജ ആരോപണങ്ങൾ, വ്യാജ തെളിവുകൾ, വ്യാജ രേഖകൾ തയാറാക്കൽ, നിരന്തരം ഗൂഢപ്രവൃത്തികൾ ചെയ്യാൻ ഒരു സംഘത്തെ നിയോഗിക്കൽ തുടങ്ങിയ കുതന്ത്രങ്ങൾ സത്യത്തെ നിഗ്രഹിക്കലാണ്. കാടടച്ച് വെടിവെയ്ക്കുന്ന ഇക്കൂട്ടർ പലപ്പോഴും ആദർശത്തിന്റെയും സത്യത്തിന്റെയും മേലങ്കി ധരിച്ചാണ് പ്രത്യക്ഷപ്പെടുക. നീതി, നീതി എന്ന് നിരന്തരം പറയും. ആട്ടിൻതോലണിഞ്ഞ ഇക്കൂട്ടർ പരസ്പര വിശ്വാസം നഷ്ടപ്പെട്ട് സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യും. എഴുത്തുകാരനായ ഡിഹാൻ പറയുന്നു; ''വിമർശനം നല്ല ഒരു ഗുരുവാണ്. അതിൽനിന്ന് പഠിക്കാൻ നാം സന്നദ്ധമാണെങ്കിൽ.'' സ്വയം വിലയിരുത്താനും തിരുത്താനും വിമർശനം വഴി സാധിക്കും. വിമർശനത്തിൽ കഴമ്പുണ്ടോ എന്നു നോക്കുന്നത് നമുക്ക് നേർവഴി തിരിച്ചറിയാൻ അവസരം നൽകും. സത്യത്തെ കണ്ടെത്താനാകണം വിമർശനം. ഭാരതീയ ദർശനത്തിലും സംസ്‌കാരത്തിലും സത്യത്തിന് വലിയ സ്ഥാനം നൽകിയിട്ടുണ്ട്. സത്യമാണ്, സത്യസ്വരൂപനാണ് ഈശ്വരൻ എന്ന് മതസിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നു. ഭരണകർത്താക്കൾ സത്യത്താൽ സംരക്ഷിക്കപ്പെടുന്നു വെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. സത്യനിഷ്ഠയാണ് നേതാക്കൾക്കു വേണ്ട പ്രധാന ഗുണ സവിശേഷത. സത്യം പോയാൽ സർവം പോയി.     


സ്തുതിപാഠകരെയാണ് പലരും ഇഷ്ടപ്പെടുക. സൃഷ്ടിപര വിമർശനമാണ് എപ്പോഴും ഗുണകരം. ''കാക്കവായിലും പൊന്നിരിക്കും''. എന്ന നാടൻ ചൊല്ല് ആരുടെയും അഭിപ്രായത്തെ അവഗണിക്കുകയോ പുഛിക്കുകയോ ചെയ്യരുതെന്നും കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും നമുക്ക് കഴിയണമെന്നും നമ്മെ പഠിപ്പിക്കുന്നു. സ്വയം വിലയിരുത്താനും തിരുത്താനും നേതാക്കൾക്കും പ്രസ്ഥാനത്തിനും കഴിയണം. കാലം ഏറെ കഴിഞ്ഞ് ''ഞങ്ങൾക്കു തെറ്റു പറ്റി'' എന്ന് പറഞ്ഞിട്ടെന്തു കാര്യം. അനുസരണം അടിമത്തമല്ല; വിധേയത്വം ദാസ്യവൃത്തിയുമല്ല. അനുസരണം നല്ലതാണ്. അടിമത്തം അപകടകരവും. തെറ്റ് പറ്റുന്നതിനേക്കാൾ വലിയ തെറ്റ്,  ആ തെറ്റിനെ മഹത്വപ്പെടുത്തുവാനോ പുതിയ ശരിയായി അവതരിപ്പിക്കാനോ ഉള്ള ശ്രമമാണ്. ന്യായീകരണ തൊഴിലാളികൾ ഇത് മനസ്സിലാക്കുക. സ്വന്തം തലച്ചോറ് പണയപ്പെടുത്താതിരിക്കുക. പുനർവിചിന്തനങ്ങൾക്കും തിരുത്തലുകൾക്കും സൗമനസ്യത്തിനും ഇടം കൊടുക്കാത്ത രാഷ്ട്രീയം കൊണ്ട് ഒരു പ്രയോജനവുമില്ല. സ്വന്തം തെറ്റുകളെ മറ്റുള്ളവർ പുകഴ്ത്തിപ്പാടുമ്പോഴും അവ തെറ്റാണെന്ന് സ്വയം അംഗീകരിക്കാൻ തയാറുള്ളവർക്ക് മാത്രം അവകാശപ്പെട്ടതാണ് നേതൃത്വം എന്ന് നേതാക്കളും തിരിച്ചറിയുക.

Latest News