Sorry, you need to enable JavaScript to visit this website.

28 വർഷത്തെ പ്രവാസം, ഇപ്പോൾ നാട്ടിൽ സ്ഥാനാർഥി

റിയാദ്- രണ്ട് മാസം മുമ്പ് ഫൈനൽ എക്‌സിറ്റിൽ നാട്ടിലെത്തിയ ഷൗകത്ത് അലി പൂന്തോട്ടത്തിലിനെ സ്ഥാനാർഥിയായാണ് നാട്ടുകാർ വരവേറ്റത്. വാർഡിൽ സുസമ്മതനായ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന പാർട്ടിക്കാരുടെ നിർബന്ധമാണ് ഷൗകത്ത് അലിക്ക് പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ലഭിച്ചത്.
1992 മുതൽ സൗദി അറേബ്യയിലുണ്ടായിരുന്ന ഇദ്ദേഹം അൽഫുർസാൻ ട്രാവൽസിലായിരുന്നു ഏറെ കാലം ജോലി ചെയ്തിരുന്നത്. അതോടൊപ്പം കെ.എം.സി.സിയിലും സജീവമായിരുന്നു. കെ.എം.സി.സി പാലക്കാട് ജില്ല സെക്രട്ടറി, മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചുകൊണ്ടിരിക്കെയാണ് നാട്ടിലെത്തിയത്. റിയാദിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം നാട്ടിലും ഇക്കാലത്ത് കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിരുന്നു. നാട്ടിലെ കിഡ്‌നി, കാൻസർ രോഗികൾക്ക് 1000 രൂപ പെൻഷൻ പദ്ധതി, മറ്റു രോഗികൾക്ക് ചികിത്സാ സഹായം, പഞ്ചായത്തിൽ രണ്ട് ബൈതുറഹ്മ നിർമാണം തുടങ്ങി അശരണർക്കും പാവങ്ങൾക്കും കെ.എം.സി.സി വഴി സഹായങ്ങളെത്തിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഫൈനൽ എക്‌സിറ്റിൽ നാട്ടിലെത്തിയത്.
35 വർഷത്തോളം മുസ്‌ലിം ലീഗ് അംഗങ്ങൾ വിജയിച്ചുവരുന്ന വാർഡായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം എൽ.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.പി പിടിച്ചടക്കി. ഇക്കുറി മുസ്‌ലിം ലീഗിന് വേണ്ടി വാർഡ് തിരിച്ചുപിടിക്കുകയാണ് ഇദ്ദേഹത്തിന്റെ ദൗത്യം. ഇതിനായി എല്ലാവരും ഷൗകത്ത് അലിക്ക് പിറകിലുണ്ട്. പാർട്ടി പൂർണമായും പിന്തുണക്കുന്നുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറയുന്നു. വിജയിച്ചാൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കും. എൽ.ഡി.എഫ് ആണിപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത്. മാറി മാറി എൽ.ഡി.എഫും യു.ഡി.എഫും ഭരിക്കുന്ന ഈ പഞ്ചായത്ത് ഇക്കുറി യു.ഡി.എഫിന് തന്നെയായിരിക്കുമെന്നാണ് വിലയിരുത്തൽ.

Tags

Latest News