ജിദ്ദ - നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സൗദി ഫുഡ് ആന്റ് ഡ്രഗ് അഥോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനകൾക്കിടെ നിരോധിത കീടനാശിനികളും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത കീടനാശിനികളും പിടികൂടി. കീടനാശിനികൾ വിൽപന നടത്താൻ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ കീടനാശിനികൾ വിൽപന നടത്തുന്നതായും പരിശോധനകൾക്കിടെ കണ്ടെത്തി. വ്യാജ കീടനാശിനികളും നിരോധിത കീടനാശിനികളും ഉറവിടമറിയാത്ത വിത്തുകളും വിൽപന നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകി സഹകരിക്കണമെന്ന് കർഷകരോട് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ സഈദ് അൽഗാംദി ആവശ്യപ്പെട്ടു.