Sorry, you need to enable JavaScript to visit this website.

നാഷണൽ പ്രസിഡന്റ് ഉൾപ്പെടെ ജിദ്ദയിൽനിന്ന്  14 കെ.എം.സി.സി പ്രവർത്തകർ മത്സരരംഗത്ത്


ജിദ്ദ- ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനവിധി തേടുന്ന പ്രവാസി സ്ഥാനാർഥികൾ നിരവധിയാണ്. പ്രവാസി സംഘടനാ രംഗത്തെ പരിചയ സമ്പത്തും സ്വീകാര്യതയുമാണ് പലർക്കും സ്ഥാനാർഥി നറുക്കു വീഴാൻ കാരണം. ഇക്കാര്യത്തിൽ കെ.എം.സി.സി പ്രവർത്തകരാണ് മുന്നിൽ. ജിദ്ദ കെ.എം. സി.സിയിൽനിന്നു മാത്രം 14 പേർ മത്സര രംഗത്തുണ്ട്. ഇതിൽ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം മുസ്‌ലിം ലീഗ് ടിക്കറ്റിൽ കോണി ചിഹ്നത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും നിലവിൽ പ്രവാസികളാണ്. വിജയം അനുകൂലമായാൽ പ്രവാസം അവസാനിപ്പിക്കുകയോ, അതല്ലെങ്കിൽ പ്രവാസത്തോടൊപ്പം ജനപ്രതിനിധിയായി തുടരുകയോ ചെയ്യാമെന്ന ഉദ്ദേശ്യത്തോടെയാണ് സ്ഥാനാർഥികളായിട്ടുള്ളത്. ചിലരെ പാർട്ടിയും നാട്ടുകാരും വിളിച്ചു വരുത്തി സ്ഥാനാർഥികളാക്കുകയായിരുന്നു. അവരുടെ ജനകീയത കണക്കിലെടുത്താണ് നാട്ടുകാർ ക്ഷണിച്ചു വരുത്തിയത്. കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയതോടെ സ്ഥാനാർഥികളായി നറുക്കു വീണവരുമുണ്ട്. 


ജിദ്ദ കെ.എം.സി.സിയെ സംബന്ധിച്ചിടത്തോളം ഇത്രയും പേർ സ്ഥാനാർഥികളായതിൽ ഏറെ അഭിമാനമുണ്ടെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പറഞ്ഞു. ഇവരുടെ വിജയത്തിനായി നാട്ടിലും പ്രവാസ ലോകത്തും പ്രവർത്തകർ പ്രചാരണ രംഗത്താണെന്നും അവർ കൂട്ടിച്ചേർത്തു. അവധിക്കു നാട്ടിൽ പോയി കോവിഡ് മൂലം കുടുങ്ങിയ നിരവധി പ്രവർത്തകർ സജീവമായി യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രചാരണ രംഗത്തുണ്ട്. തെരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പഴയപോലെ ആയാൽ നാട്ടിൽ പോയി വോട്ടു ചെയ്യാൻ ഒരുങ്ങി നിൽക്കുന്നവരും നിരവധിയാണ്. 


ജിദ്ദ കെ.എം.സി.സിയിൽനിന്നുള്ളവരിൽ പ്രധാനി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയാണ്. തിരൂരങ്ങാടി പതിമൂന്നാം ഡിവിഷനിൽനിന്നുമാണ് ഇദ്ദേഹം ജനവിധി തേടുന്നത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ ആകാനുള്ള സാധ്യതയും ഇദ്ദേഹത്തിനുണ്ട്. കെ.എം.സി.സിയുടെ അമരക്കാരനെന്ന നിലയിൽ ഏറെ പ്രാധാന്യത്തോടെയാണ് ഇദ്ദേഹത്തെ പാർട്ടി ഇവിടെ സ്ഥാനാർഥിയാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ പലതവണയും ഇ്‌ദ്ദേഹത്തെ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം തള്ളിപ്പോവലാണ് പതിവ്. എന്തായാലും ഇക്കുറി നേരത്തെ തന്നെ പാർട്ടി ഇദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു. നാട്ടിൽനിന്ന് ജനവിധി തേടുകയെന്ന കെ.പി മുഹമ്മദ് കുട്ടിയുടെ ഏറെക്കാലത്തെ ആഗ്രഹം കൂടിയാണ് ഇപ്പോൾ സഫലമായിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാൻ കെ.എം.സി.സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. 


മറ്റൊരു ശ്രദ്ധേയനായ സ്ഥാനാർഥി രായിൻകുട്ടി നീറാടാണ്. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം സൗദി കെ.എം.സി.സി  നാഷണൽ കമ്മിറ്റി മുൻ സെക്രട്ടറിയാണ്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ നൂഞ്ഞല്ലൂർ ഡിവിഷനിൽനിന്നുമാണ് ഗ്രന്ഥകാരനും പത്രപ്രവർത്തകനുമൊക്കെയായ ഇദ്ദേഹം ജനവിധി തേടുന്നത്. 
കോവിഡ് കാലത്ത് ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരിക്കെ നാട്ടിലേക്ക് ക്ഷണിച്ചു വരുത്തി സ്ഥാനാർഥിയാക്കപ്പെട്ടയാളാണ് ജലീൽ ഒഴുകൂർ എന്ന കുഞ്ഞിപ്പ. ജിദ്ദ കെ.എം. സി.സി വെൽഫയർ വിംഗ് ചെയർമാനായ ഇദ്ദേഹം കോവിഡ് കാലത്ത് കോവിഡ് ബാധിച്ച് മരിച്ചവരുൾപ്പെടെ നിരവധിപേരുടെ ഖബറടക്കത്തിനും മറ്റും രംഗത്തുണ്ടായിരുന്നു. മൊറയൂർ പഞ്ചായത്തിലെ 18ാം വാർഡിൽ നിന്നുമാണ് ജലീൽ മത്സരിക്കുന്നത്. 


വേങ്ങര ഗ്രാമ പഞ്ചായത്ത് 16ാം വാർഡിൽ മത്സരിക്കുന്ന കുറുക്കൻ മുഹമ്മദാണ് മറ്റൊരു സ്ഥാനാർഥി. ഇദ്ദേഹം  ജിദ്ദ വേങ്ങര പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റും ജിദ്ദ പിലിപ്‌സ് ഏരിയ കെ. എം.സി.സി കമ്മിറ്റി പ്രസിഡന്റുമാണ്. ഇതേ പഞ്ചായത്തിൽനിന്ന് മറ്റൊരാൾ കൂടി മത്സരിക്കുന്നുണ്ട്. വേങ്ങര പഞ്ചായത്ത് 22 ാം വാർഡിലെ സ്ഥാനാർഥി സിപി.അബ്ദുൽ ഖാദർ എന്ന കുഞ്ഞിബാവയാണിത്.  വേങ്ങര പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹിയാണ് കുഞ്ഞിബാവ. 


ജിദ്ദ പുൽപ്പറ്റ പഞ്ചായത്ത് കെ.എം. സി.സി വൈസ് പ്രസിഡന്റായ കെ.പി.മുഹമ്മദ് പുൽപറ്റ പഞ്ചായത്തിലെ എട്ടാം വാർഡിൽനിന്നുമാണ് മത്സരിക്കുന്നത്. മഞ്ചേരി മുനിസിപ്പാലിറ്റി 22ാം ഡിവിഷനിൽനിന്ന് ജനവിധി തേടുന്ന സി.പി. മുഹമ്മദ് അഷ്‌റഫ് എന്ന മാനു ജിദ്ദ നെല്ലിക്കുത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ചുകൊണ്ടിരിക്കെയാണ് സ്ഥാനാർഥിയായിട്ടുള്ളത്. ജിദ്ദ തൃക്കലങ്ങോട് പഞ്ചായത്ത് കെ.എം.സി.സി ട്രഷർ കളത്തിങ്ങൽ സാബിരി തൃക്കലങ്ങോട് പഞ്ചായത്ത് പതിനേഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയാണ്.

വെട്ടത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽനിന്നു മത്സരിക്കുന്ന കെ.എം. ഉബൈദുള്ള ജിദ്ദ വെട്ടത്തൂർ പഞ്ചായത്ത് കെ.എം. സി.സി പ്രസിഡന്റാണ്.  ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സിയുടെയും ജിദ്ദ റുവൈസ് ഏരിയ കെ.എം.സി.സിയുടെയും ഭാരവാഹിയായ ഇ. സലാം താനൂർ നഗരസഭ 32ാം ഡിവിഷനിൽനിന്നുമാണ് ജനവിധി തേടുന്നത്. മൊറയൂർ പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹി ആയിരുന്ന സി.കെ. അനീസ് ബാബുവാണ് മറ്റൊരു സ്ഥാനാർഥി. ഇദ്ദേഹം മൊറയൂർ ഗ്രാമ പഞ്ചായത്തിലെ മോങ്ങം വാർഡ് ആറിൽനിന്നുമാണ് മത്സരിക്കുന്നത്. ജിദ്ദ ചീക്കോട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റും ഖാലിദ് ബിൻ വലീദ് ഏരിയ കെ.എം.സി.സി സെക്രട്ടറിയുമായ കെ.കെ അസീസ് വാവൂർ ചീക്കോട് പഞ്ചായത്തിൽ മൂന്നാം വാർഡിലെ സ്ഥാനാർഥിയാണ്. 


മങ്കട ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മത്സരിക്കുന്ന അബ്ബാസ് അലി ജിദ്ദ അൽസാമിർ ഏരിയ കെ.എം.സി.സി സെക്രട്ടറിയാണ്. ഇദ്ദേഹം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സര രംഗത്തുള്ളത്. 
കുറുവ പഞ്ചായത്തിലെ ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന സൈഫുദ്ദീൻ പറമ്പൻ ജിദ്ദ കുറുവ പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറിയാണ്. 
 

Latest News