തിരുവനന്തപുരം- സർക്കാർ കൊണ്ടുവരുന്ന കെ-റെയിൽ പദ്ധതി (സിൽവർലൈൻ പദ്ധതി) വൻ തട്ടിപ്പ് നടത്തുന്നതിനുള്ള മറ്റൊരു മറ മാത്രമാണെന്നും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രം അനുമതി നിഷേധിച്ചിട്ടും, ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും, അതെല്ലാം കാറ്റിൽ പറത്തി ഭൂമിയേറ്റെുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കോടികൾ തട്ടിക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഈ പദ്ധതി. ഇതിന്റെ പിന്നിലും മറ്റു തട്ടിപ്പുകളുടെ സൂത്രധാരനായ ശിവശങ്കർ തന്നെയാണ്. ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലെന്ന് മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് പാരിസ്ഥിതികാഘാത പഠനമോ, സാമൂഹ്യാഘാത പഠനമോ നടത്തിയിട്ടില്ല. പദ്ധതിക്ക് പണം എവിടെ നിന്ന് കിട്ടുമെന്നും അറിയില്ല. മാത്രമല്ല കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞ് റവന്യൂ വകുപ്പ് എതിർക്കുകയും ചെയ്യുന്നു. നീതി ആയോഗ് വകുപ്പും പദ്ധതിക്ക് അനുകൂലമല്ല. എന്നിട്ടും എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി അടിയന്തരമായി സ്ഥലമെടുപ്പ് നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.
നീതി ആയോഗ്, റവന്യൂ വകുപ്പ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവ എന്തു തന്നെ പറഞ്ഞാലും ഔട്ട് സോഴ്‌സിംഗ് സമ്പ്രദായത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കാനാണ് സർക്കാർ തീരുമാനം.
ഇത് സംബന്ധിച്ച് ഫയൽ മുഖ്യമന്ത്രിക്ക് അയച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാൽ സ്ഥലമെടുപ്പ് തുടങ്ങും. കേന്ദ്ര ധനകാര്യ മന്ത്രാലയം നിരാകരിച്ച പദ്ധതിക്ക് അതോടെ സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലിന്റെ ഉദ്ഘാടനം നടത്താം. തിരുവനന്തപുരം മുതൽ കാസർകോട് വരെ 560 കി.മി സെമി ഹൈസ്പീഡ് റെയിൽ നിർമിക്കാനാണ് പദ്ധതി. ഇപ്പോൾ കണക്കാക്കിയിരിക്കുന്ന ചെലവ് 64,941 കോടി. ഈ പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോർട്ടും ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ടും അലൈൻമെന്റുമെല്ലാം സർക്കാർ അംഗീകരിച്ച് ഉത്തരവും പുറപ്പെടുവിച്ചു.
ആകെ ചെലവ് 64,941 കോടി രൂപ. ഇതിന്റെ 28 ശതമാനം (18,200 കോടി) സംസ്ഥാന സർക്കാരും, ഇരുപത് ശതമാനം തുക (13,000 കോടി രൂപ) കേന്ദ്ര സർക്കാരും നൽകണം. ബാക്കി 52 ശതമാനം തുക (34,000 കോടി രൂപ) വിവിധ വിദേശ ഏജൻസികളിൽ നിന്നും സമാഹരിക്കണം. മുഖ്യമന്ത്രി ചെയർമാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ കേരളാ റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി, പാലക്കാട്, വയനാട് ഒഴികെയുള്ള 11 ജില്ലകളിലൂടെ കടന്ന് പോകുന്ന റെയിൽപാതക്ക് 1483 ഹെക്ടർ ഭൂമി അക്വയർ ചെയ്യണം. ഇതിൽ 1298 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടേതും 185 ഹെക്ടർ റെയിൽവേ ഭൂമിയുമാണ്. സംസ്ഥാനത്തെ ഭൂമി പണയം വെച്ച് വിദേശ പണം കടമെടുക്കുന്നത് ആപത്താണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.