Sorry, you need to enable JavaScript to visit this website.

കോവിഡ് മരണം കൂടുന്നു; ദല്‍ഹിയിലെ ഏറ്റവും വലിയ ഖബറിസ്ഥാനില്‍ ഇടമില്ല

ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ച ദല്‍ഹിയില്‍ മരണ സംഖ്യയും വര്‍ധിച്ചതോടെ ദല്‍ഹിയിലെ ഏറ്റവും വലിയ മുസ്‌ലിം ശ്മശാനമായ ഐടിഒക്കടുത്തുള്ള 50 ഏക്കര്‍ വരുന്ന ഖബറിസ്ഥാന്‍ ഏതാണ്ട് നിറഞ്ഞു. ദല്‍ഹി സ്വദേശികള്‍ക്കു പുറമെ ഇവിടെ മരിക്കുന്ന തലസ്ഥാന മേഖലാ പ്രദേശങ്ങളില്‍ നിന്നുള്ളവരേയും ഇവിടെയാണ് അടക്കം ചെയ്തു വരുന്നത്. ഇതാണ് ഖബറിസ്ഥാന്‍ നിറയാന്‍ കാരണമെന്ന് അഹ്‌ലെ ഇസ്‌ലാം ഖബറിസ്ഥാന്‍ സെക്രട്ടറി ഹാജി മിയാന്‍ ഫൈസുദ്ധീന്‍ പറയുന്നു.  കോവിഡ് ബാധിച്ച് മരിക്കുന്നവരെ അവരുടെ സമീപ പ്രദേശങ്ങളിലെ ഖബറിസ്ഥാനുകളില്‍ തന്നെ അടക്കം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ആവശ്യമാണ്, ഇവിടെ സ്ഥല പരിമിത കാരണം വീര്‍പ്പുമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മറ്റിടങ്ങളില്‍ നിന്നുള്ളവരെ ഈ ഖബറിസ്ഥാനിലേക്ക് അയക്കാതിരിക്കാന്‍ സഹായം തേടി സര്‍ക്കാരിന് കത്തു നല്‍കുമെന്നും മാനേജ്‌മെന്റ് പറഞ്ഞു. ദല്‍ഹിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിക്കുന്ന നോയ്ഡ, ഗാസിയാബാദ്, മീറത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഖബറടക്കത്തിന് ഇവിടെ സ്ഥലം നല്‍കണമെന്നതാണ് പ്രശ്‌നം. ഇവരെ ഖബറടക്കുന്നതിന് പ്രശ്‌നങ്ങളില്ല, എന്നാല്‍ ഇവിടെ ഇടമില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. 

നിലവിലെ ഖബറടക്ക നിരക്ക് തുടരുകയാണെങ്കില്‍ അടുത്ത രണ്ടു മാസത്തിനകം സാധാരണ ഖബറടക്കത്തിനു പോലും ഇവിടെ സ്ഥലം ലഭ്യമല്ലാത്ത സ്ഥിതി വരുമെന്നും ഫൈസുദ്ദീന്‍ പറയുന്നു. ദിവസവും കോവിഡ് ബാധിച്ച് മരിച്ച നാലോ അഞ്ചോ പേരെ ഇവിടെ അടക്കം ചെയ്തു വരുന്നു. സെപ്തംബറില്‍ മാത്രം 67 പേരേയാണ് ഖബറടക്കിയത്. ഒക്ടോബറില്‍ 57. നവംബര്‍ ഇതുവരെ 50 പേരെ ഖബറടക്കിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് മരണങ്ങള്‍ക്കു വേണ്ടി മാത്രം ഖബറിസ്ഥാന്‍ മാനേജ്‌മെന്റ് ആറു ഏക്കറോളം ഭൂമി പ്രത്യേകം സജ്ജീകരിച്ചിരുന്നു. ദല്‍ഹിയില്‍ ദിവസവും 100നു മുകളിലാണ് കോവിഡ് മരണങ്ങള്‍.
 

Latest News