Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ മുസ്‌ലിം സ്ഥാനാർഥികൾ

തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏതെല്ലാം മുസ്‌ലിം സ്ഥാനാർഥികൾ വിജയിക്കുന്നുവെന്നതിനേക്കാൾ വരുംനാളുകളിൽ അവർ ബി.ജെ.പിയിൽ തുടരുമോ എന്നതാണ് പ്രധാനം. എതിർത്തു നിൽക്കുന്നവരെ അണച്ചുനിർത്താനുള്ള രാഷ്ട്രീയ തന്ത്രം കേരളത്തിൽ ബി.ജെ.പിക്ക് വിജയകരമായി പയറ്റാൻ കഴിയുമോ? വരാനിരിക്കുന്ന തെരഞ്ഞെടുപ്പു നാളുകൾക്ക് ശേഷം അതിനുള്ള ഉത്തരം തെളിയും. 

ഈ തെരഞ്ഞെടുപ്പിൽ മലബാറിൽ ചർച്ചയായി മാറുന്ന ഒരു കാര്യം, ബി.ജെ.പിയുടെ മുസ്‌ലിം സ്ഥാനാർഥികളാണ്. മുസ്‌ലിം വനിതകൾ ഇത്തവണ ബി.ജെ.പി സ്ഥാനാർഥികളായി രംഗത്തു വരുന്നുവെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി മാറുന്നു. 
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുസ്‌ലിം സമുദായത്തിൽ നിന്നുള്ള സ്ത്രീകൾ ഉൾെപ്പടെയുള്ളവർ ബി.ജെ.പിക്ക് വേണ്ടി രംഗത്തു വരുന്നത് വലിയ രാഷ്ട്രീയ മാറ്റമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ തെരഞ്ഞെടുപ്പിലും ഭാവി രാഷ്ട്രീയത്തിലും ഇത് അനുകൂല ഘടകമായാണ് ബി.ജെ.പി കാണുന്നത്. മുൻകാലങ്ങളിൽ ഏത് സമുദായത്തിൽ നിന്നായാലും കേരളത്തിൽ പല പഞ്ചായത്തുകളിലും സ്ഥാനാർഥിയെ കിട്ടാതിരുന്ന പാർട്ടിയിലേക്കാണ് മുസ്‌ലിം സമുദായത്തിൽ നിന്നടക്കം സ്ഥാനാർഥികൾ കടന്നു വരുന്നത്.
സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിലായി 16 മുസ്‌ലിം വനിതകൾ ബി.ജെ.പി സ്ഥാനാർഥികളായി മൽസരിക്കുന്നുണ്ടെന്നാണ് പാർട്ടി നൽകുന്ന കണക്കുകൾ. പുരുഷൻമാരും സ്ത്രീകളുമടക്കം മുസ്‌ലിം സമുദായത്തിൽ പെട്ട അറുപതിലേറെ പേർ ബി.ജെ.പിക്ക് വേണ്ടി മൽസര രംഗത്തുണ്ട്. ന്യൂനപക്ഷ മോർച്ചയുടെ ഭാരവാഹികൾക്ക് പുറമെ അവരുടെ ബന്ധുക്കളും ഇതിൽ ഉൾപ്പെടും. സംഘടനയുമായി ഏറെ കാലമായി അടുപ്പമുള്ളർക്ക് പുറമെ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുമായി ചേർന്നു പ്രവർത്തിക്കാൻ താൽപര്യവുമായി വരുന്നവരുമുണ്ട്. ദേശീയ തലത്തിൽ ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധത മറനീക്കി പുറത്തു വരുമ്പോഴും മുസ്്‌ലിം സമുദായത്തിൽ നിന്നുള്ളവർ എങ്ങനെ ആ പാർട്ടിക്കൊപ്പം നിൽക്കാൻ താൽപര്യപ്പെടുന്നുവെന്നത് രാഷ്ട്രീയ കേരളം ചർച്ച ചെയ്യാനിരിക്കുന്ന കാര്യമാണ്.


മുസ്‌ലിം ഉന്മൂലനം അജണ്ടയാക്കിയ ആർ.എസ്.എസുമായി അടുപ്പമുള്ള ബി.ജെ.പിയുടെ നിലപാടുകളെ അംഗീകരിക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളൊന്നും ഇന്ത്യയിൽ മുസ്്‌ലിംകൾക്കിടയിൽ ഉണ്ടായിട്ടില്ല. പ്രത്യേകിച്ച്, ദേശീയ പൗരത്വ ഭേദഗതി പോലുള്ള കരിനിയമങ്ങൾ മുസ്‌ലിം അതിജീവനത്തെ തന്നെ ബാധിക്കുമെന്ന് ആശങ്കകൾ ഉയരുന്ന കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് സ്‌നേഹം കൂടാനുള്ള സാഹചര്യങ്ങളൊന്നും മുസ്‌ലിം സമുദായത്തിൽ തെളിയുന്നില്ല. എന്നിട്ടും മുസ്‌ലിംകൾക്കിടയിൽ നിന്ന് ബി.ജെ.പിക്ക് സ്ഥാനാർഥികളെ ലഭിക്കുന്നുവെന്നത് ഈ തെരഞ്ഞെടുപ്പു കാലത്ത് ചിന്തിക്കേണ്ടതാണ്. 


സി.പി.എം വിട്ട് കോൺഗ്രസിലൂടെ ബി.ജെ.പിയിൽ എത്തിയ എ.പി.അബ്ദുള്ളക്കുട്ടിയുടെ സാന്നിധ്യം ബി.ജെ.പിയുടെ മുസ്‌ലിം വിരുദ്ധ ഇമേജിനെ വെള്ളപൂശാൻ സഹായിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ന്യൂനപക്ഷങ്ങൾക്കിടിയിൽ പാർട്ടിക്ക് സ്വീകാര്യത കൂട്ടാൻ അബ്ദുള്ളക്കുട്ടിയെ കൊണ്ട് സാധിക്കുന്നുവെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് എന്ന ഉന്നത പദവി തന്നെ അബ്ദുള്ളക്കുട്ടിക്ക് നൽകിയതോടെ മുസ്‌ലിം സമുദായത്തെ ബി.ജെ.പി ഒപ്പം നിർത്തുന്നുവെന്ന സന്ദേശവുമാണ് ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തിന് നൽകിയത്. ഈ തെരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടിയുടെ കുടുംബത്തിൽ നിന്ന് കൂടുതൽ പേർ ബി.ജെ.പി സീറ്റുകളിൽ മൽസരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.


മലപ്പുറം പോലുള്ള ശക്തമായ മുസ്‌ലിം വോട്ട് ബാങ്കുകളിൽ നിന്ന് പോലും ബി.ജെ.പിക്ക് വേണ്ടി മൽസരിക്കാൻ മുസ്‌ലിം സ്ത്രീകൾ തയാറായി മുന്നോട്ടു വരുന്നുവെന്നത് മാറുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ തുടക്കമായി വേണം കാണാൻ. സ്ഥാനാർഥികളായി എത്തുന്നവർ കാരണമായി പറയുന്നത് നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കിയ ചില നയങ്ങളാണ്. മുത്തലാഖ് നിരോധനവും പെൺകുട്ടികളുടെ വിവാഹ പ്രായം വർധിപ്പിക്കുന്നതും മുസ്‌ലിം സ്ത്രീകൾക്ക് അനുകൂലമായ കാര്യങ്ങളായി കാണുന്നവരാണ് ഇവർ. പരമ്പരാഗതമായി മറ്റു പാർട്ടികളുമായി അടുപ്പമുള്ള കുടുംബങ്ങളിൽ നിന്നാണ് ബി.ജെ.പിക്ക് സ്ഥാനാർഥികളെ ലഭിക്കുന്നത് എന്നതും മലബാറിലെ രാഷ്ട്രീയ മാറ്റമാത്തിന്റെ ചെറിയ തുടക്കമായി വേണം കാണാൻ.


തെരഞ്ഞെടുപ്പു കാലത്തുണ്ടാകുന്ന താൽക്കാലിക പ്രതിഭാസമായി ഇതിനെ കാണാമെങ്കിലും ബി.ജെ.പിയോടുള്ള മുസ്്‌ലിം സമുദായത്തിന്റെ സമീപനത്തിൽ ചെറുതായെങ്കിലും മാറ്റമുണ്ടാകുന്നതിന്റെ സൂചനയാണിത്. അധികാരമുള്ള പാർട്ടിക്കൊപ്പം നിന്നാൽ ഗുണമുണ്ടാകാമെന്ന കണക്കുകൂട്ടൽ ചിലർക്കെങ്കിലുമുണ്ടാകാം. എന്നാൽ, സ്ത്രീകളിൽ വലിയൊരു പങ്കും ആ നേട്ടത്തിനായി വരുന്നവരല്ല. ബി.ജെ.പി വേദിയിലേക്ക് വരുന്നവരെ തടയാൻ ഇതുവരെ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അത്തരമൊരു എതിർപ്പിനായി ബി.ജെ.പി കാത്തിരിക്കുകയാണെന്നും അതു വഴിയൊരു മുതലെടുപ്പിന് അവസരമൊരുക്കിക്കൂടെന്നും മറ്റു പാർട്ടികൾക്കും തിരിച്ചറിവുണ്ട്.


ദേശീയ തലത്തിൽ മുസ്്‌ലിംകളെ നിശ്ശബ്്ദരാക്കി കൂടെ നിർത്തിയും ഹിന്ദു ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയും അധികാരത്തിലെത്തുന്ന ബി.ജെ.പിക്ക് കേരളത്തിലേക്ക് പ്രവേശിക്കാനുള്ള കവാടം ഏതാണ്? സംഘടനാ ശകതി കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും പെട്ടെന്ന് കേരളത്തിൽ വളരാനുള്ള സാഹചര്യമല്ല പാർട്ടിക്കുള്ളത്. ന്യൂനപക്ഷ വിരുദ്ധതയുടെ പേരിൽ ഇന്ന് ഏറ്റവുമധികം വിമർശിക്കപ്പെടുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ മറ്റു പ്രധാന പാർട്ടികളുടെ ശക്തമായ പ്രചാരണങ്ങൡലൂടെ ബി.ജെ.പിക്കെതിരായ വികാരം സംസ്ഥാനത്ത് വർധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ മുസ്്‌ലിം സമുദായത്തിലുള്ളവരെ വിശ്വാസത്തിലെടുത്ത് അവരെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. എ.പി.അബ്്ദുള്ളക്കുട്ടിക്ക് ദേശീയ പദവി നൽകിയതും ബി.ജെ.പി സ്ഥാനാർഥികളാകാൻ മുന്നോട്ടു വരുന്ന മുസ്്‌ലിംകളെ പരമാവധി പ്രോൽസാഹിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്. 


ദേശീയ പ്രസ്ഥാനത്തിലൂടെ കോൺഗ്രസിനും കർഷക സമരങ്ങളിലൂടെ കമ്യൂണിസ്റ്റ് പാർട്ടിക്കും മുസ്്‌ലിം സമുദായത്തിനിടയിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. ഇത്തരമൊരു പ്രവേശന കവാടത്തിനായാണ് ബി.ജെ.പിയും മലബാറിൽ കാത്തിരിക്കുന്നത്. വർഗീയതയുടെ തീനാളങ്ങളുയർത്തി വളരാൻ കഴിയില്ലെന്ന് തെളിയുന്നിടത്ത് എതിർപ്പുള്ളവരെ അംഗീകരിച്ച് കൂടെ നിർത്തുകയെന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ അവർ പരീക്ഷിച്ചുവരുന്നതും ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നതുമായ തന്ത്രമാണത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏതെല്ലാം മുസ്്‌ലിം സ്ഥാനാർഥികൾ വിജയിക്കുന്നുവെന്നതിനേക്കാൾ വരുംനാളുകളിൽ അവർ ബി.ജെ.പിയിൽ തുടരുമോ എന്നതാണ് പ്രധാനം. എതിർത്തു നിൽക്കുന്നവരെ അണച്ചുനിർത്താനുള്ള രാഷ്ട്രീയ തന്ത്രം കേരളത്തിൽ ബി.ജെ.പിക്ക് വിജയകരമായി പയറ്റാൻ കഴിയുമോ? വരാനിരിക്കുന്ന തെരഞ്ഞെടുപ്പു നാളുകൾക്ക് ശേഷം അതിനുള്ള ഉത്തരം തെളിയും.
 

Latest News