Sorry, you need to enable JavaScript to visit this website.

ചിത്രലേഖയുടെ ജീവിതവും പോരാട്ടവും   


എത്രയോ വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് ചിത്രലേഖ. കണ്ണൂരിൽ പയ്യന്നൂർ സ്വദേശിനിയായ ദളിത് യുവതി. ജാതീയ പീഡനത്തിന്റെ ????സാക്ഷി. പീഡനം നടന്നതാകട്ടെ പ്രധാനമായും സി.പി.എം എന്ന പ്രസ്ഥാനത്തിൽ നിന്നും. എന്നാൽ ഒരു ഭീഷണിക്കു മുന്നിലും പതറാതെ അവർ പോരാട്ടം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസമാകട്ടെ, അവർ വാർത്തകളിൽ നിറഞ്ഞത് ഇസ് ലാമിലേക്ക് മതം മാറിയതിന്റെ പേരിലാണ്. ഇന്നോളം നേരിട്ട പീഡനങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മതംമാറ്റമെന്നാണ് ചിത്രലേഖ പറയുന്നത്.

കേരളത്തിൽ നിലനിൽക്കുന്നില്ല എന്നു പലരും അവകാശപ്പെടുന്ന  ജാതിവ്യവസ്ഥ എങ്ങനെയാണ് ഇടതുപക്ഷ രാഷ്ട്രീയവുമായി പോലും ചേർന്നു കിടക്കുന്നതെന്നു തിരിച്ചറിയാൻ സാധിക്കുന്ന സംഭവ പരമ്പരയാണ് ചിത്രലേഖയുടെ ജീവിതവും പോരാട്ടവും.  2002 ൽ തീയ സമുദായത്തിൽ പെട്ട ശ്രീഷ്‌കാന്ത് എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.  ശ്രീഷ്‌കാന്ത് സി.പി.എം കുടുംബാംഗമാണ്. വിവാഹ ശേഷം ചിത്രലേഖ പി.എം.ആർ.വൈ സ്‌കീം പ്രകാരം ലോണെടുത്ത് ഒരു ഓട്ടോ റിക്ഷ വാങ്ങുകയായിരുന്നു. 2004 ൽ  ഓട്ടോയുമായി തെരുവിലെത്തിയതോടു കൂടിയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.  എടാട്ട് സ്റ്റാൻഡിൽ ഓട്ടോ പാർക്ക് ചെയ്യാൻ സി.ഐ.ടി.യുവിന്റെ മെമ്പർഷിപ്പ് വേണമായിരുന്നു. അപേക്ഷ സമർപ്പിച്ചു മൂന്ന് മാസത്തിനു ശേഷമാണ് മെമ്പർഷിപ്പ് അനുവദിച്ചത്. ചിത്ര ലേഖയെ ഓട്ടോ ഡ്രൈവർമാർ ''പുലച്ചിയും ഓട്ടോ ഓടിക്കുകയോ?'' എന്ന് പറഞ്ഞാണത്രേ സ്വീകരിച്ചത്.  

2005 ഒക്ടോബർ 11 നു സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഓട്ടോ സ്റ്റാൻഡിൽ നവമി പൂജ നടന്ന ദിവസമാണ് ആദ്യമായി ചിത്രലേഖക്കെതിരെ അക്രമം നടന്നത്. റക്സിൻ കീറി നശിപ്പിക്കുകയായിരുന്നു.  തർക്കമായപ്പോൾ  ''വേണ്ടിവന്നാൽ നിന്നെയും കത്തിക്കും'' എന്നായിരുന്നു മറുപടി. ചിത്രലേഖ  പോലീസിൽ പരാതിപ്പെട്ടു. എന്നാൽ പഞ്ചായത്തംഗമടക്കമുള്ളവർ ചിത്രലേഖയെ സ്വഭാവ ദൂഷ്യം ആരോപിച്ച് ഒപ്പുശേഖരണം നടത്തി പോലീസിൽ പരാതി നൽകി. പോലീസ് ചിത്രലേഖയുടെ പരാതിയിൽ നടപടിയെടുത്തില്ല. പിന്നീട് ചിത്രലേഖയുടെ ഓട്ടോ, സ്റ്റാൻഡിലിടുവാൻ സമ്മതിച്ചില്ല. ഒരു ദിവസം  ഡ്രൈവർമാർ  അവരെ മർദിച്ചു. ഒരാൾ ഓട്ടോ ചിത്രലേഖയുടെ നേരെ ഓടിച്ചു കയറ്റി.  അയാൾക്ക് പിന്നീട്  ഒരു മാസം കഠിനതടവും 25,000 രൂപ പിഴയും ലഭിച്ചു.  പിന്നീട് പക്ഷേ അതിക്രമങ്ങൾ വർധിച്ചു. 2005 ഡിസംബർ 30 നു രാത്രി ചിത്രലേഖയുടെ ഏക വരുമാന മാർഗമായ ഓട്ടോ ആരൊക്കെയോ ചേർന്ന് കത്തിച്ചു. നിരാലംബയായ ഒരു ദളിത് സ്ത്രീയുടെ തൊഴിൽ ചെയ്തു ജീവിക്കുവാനുള്ള അവകാശമാണ്   ഇല്ലാതാക്കിയത്. തുടർന്നാണ് വാർത്തകൾ പുറംലോകം അറിയുന്നത്. ചിത്രലേഖ നിയമ യുദ്ധം തുടങ്ങി.  സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്നുവന്ന സാമൂഹിക ബഹിഷ്‌കരണവും ജാതീയ അതിക്രമങ്ങളും സിവിൽ സമൂഹം ചർച്ച ചെയ്യാൻ തുടങ്ങി. നിരവധി ദളിത് - ഫെമിനിസ്റ്റ് - മനുഷ്യാവകാശ പ്രവർത്തകർ ചിത്രലേഖയെ പിന്തുണച്ച് രംഗത്തെത്തി. പയ്യന്നൂരിൽ അവർ സമ്മേളനം നടത്തുകയും റിലേ നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തു.   സാമൂഹ്യ മാധ്യമങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും പുതിയ ഓട്ടോ വാങ്ങാനുള്ള പണം സമാഹരിക്കപ്പെട്ടു. ഗ്രോ വാസുവിന്റെ സാന്നിധ്യത്തിൽ കെ. അജിതയുടെയും കല്ലേൻ പൊക്കുടന്റെയും മറ്റും സാന്നിധ്യത്തിൽ സി.കെ. ജാനു പുതിയ ഓട്ടോയുടെ താക്കോൽ ചിത്രലേഖക്ക് കൈമാറി. പ്ലാച്ചിമട സമര നായികയായിരുന്ന 'മയിലമ്മ'യുടെ സ്മരണാർത്ഥം  അവരുടെ പേരാണ് ഓട്ടോക്ക് നൽകിയത്. എന്നാൽ ഇതിനൊക്കെ ശേഷവും സി.ഐ.ടി.യു ഓട്ടോ ഡ്രൈവർമാർ ചിത്രലേഖയെ പേട്ടയിൽ ഓടുവാൻ അനുവദിച്ചില്ല. അയിത്തവും പുരുഷാധിപത്യവും ആന്തരവത്കരിച്ച സംഘടനാ സംവിധാനം എല്ലാ സന്നാഹങ്ങളുമുപയോഗിച്ചു അവരെ ആക്രമിച്ചു കൊണ്ടേയിരുന്നു. എന്നാലവർ തളർന്നില്ല. പക്ഷേ പോലീസിന്റെ സഹായത്തോടെയായിരുന്നു പിന്നീട് ഊരുവിലക്ക്.  വീട്ടിലേക്കുള്ള വഴി പോലും കൊട്ടിയടക്കപ്പെട്ടു. അങ്ങനെ ഓട്ടം ലഭിക്കാതെ വന്ന അവർ പായ മെടഞ്ഞു ജീവിക്കാൻ ശ്രമിച്ചു. അതിനിടയിൽ ഭർത്താവു ശ്രീഷ്‌കാന്തിനെ വെട്ടിക്കൊല്ലാൻ ശ്രമമുണ്ടായി. പക്ഷേ വെട്ടുകൊണ്ടത് അനിയത്തിയുടെ ഭർത്താവിനാണ്. പിന്നാലെ ചിത്രലേഖയുടെ വീട് തകർക്കപ്പെട്ടു. പോലീസ് കേസ് പക്ഷേ ചിത്രലേഖക്കെതിരെ ആയി.  ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി.  അതിനിടെ പലരും ഇടപെട്ടു ചിത്രലേഖക്ക് സർക്കാർ അനുവദിച്ച ടോയ്ലറ്റിന്റെ സഹായധനം തടഞ്ഞു വെച്ചു. ഇതിനെ ചോദ്യം ചെയ്തതിനു ഉദ്യോഗസ്ഥനുമായി തർക്കത്തിലായി. ഉദ്യോഗസ്ഥന്റെ പരാതിയിൽ  ചിത്രലേഖയും ജയിലിലായി. ചിത്രലേഖയെ നിലക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടു  സി.പി.എം പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. നിൽക്കക്കള്ളിയില്ലാതെ 2014 ഒക്ടോബർ 25 നു ചിത്രലേഖ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. 122 ദിവസം നീണ്ടുനിന്ന സമരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ടതിനെ തുടർന്ന്   പിൻവലിച്ചു. ചിത്രലേഖക്കെതിരെ ചാർജ് ചെയ്ത 3 കേസുകൾ റദ്ദാക്കലും ചിത്രലേഖക്കും കുടുംബത്തിനും താമസിക്കാൻ സ്ഥലവും വീടുവെക്കുവാനുള്ള ധനസഹായവും ആയിരുന്നു മുഖ്യമന്ത്രി  വാഗ്ദാനം ചെയ്തത്. വാഗ്ദാനങ്ങൾ നടക്കാതായതോടെ പിന്നീട് സെക്രട്ടറിയേറ്റ് പടിക്കലേക്ക് സമരം മാറ്റി. 45 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ സർക്കാർ അവർക്ക് 5 സെന്റ് ഭൂമിയും വീടുവെക്കാനായി 5 ലക്ഷം രൂപയും  അനുവദിച്ചു. വീടിന്റെ നിർമാണം ആരംഭിച്ചു.

എന്നാൽ പിന്നീട് പിണറായി സർക്കാർ ഭൂമിയും ധനസഹായവും  നൽകാനുള്ള മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കി. വീടു നിർമാണം പകുതിയിൽ വെച്ച് നിർത്തി വെക്കേണ്ടിവന്നു.  ഇത്തരത്തിൽ ഗതി കെട്ടപ്പോഴാണ് മതം മാറാനുള്ള തീരുമാനം. ഏതാനും മുസ്‌ലിം സംഘടനകളുടെ സഹായ വാഗ്ദാനം അവർക്ക് ലഭിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ നൈതികതയും ലംഘിച്ചാണ് ഒരു മാധ്യമം അവരുമായി സംസാരിച്ചത്. എന്നാൽ തനിക്ക്  ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതിൽ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയിരുന്നെന്നും  പകുതിയോളം വീട് കെട്ടി ഉയർത്താൻ സഹായിച്ചത് മുസ്‌ലിം ലീഗിന്റെ കെ.എം. ഷാജിയും  സുഹൃത്തുക്കളുമായിരുന്നു എന്നും പറയുന്നു ചിത്രലേഖ. ജാതീയ പീഡനങ്ങളിൽ നിന്നു രക്ഷപ്പെടാനാണ് മതംമാറ്റമെന്നും അവർ കൂട്ടിച്ചേർക്കുന്നു. കേരള ചരിത്രം പരിശോധിച്ചാൽ ഇക്കാരണം കൊണ്ടു തന്നെയാണ് ഏറെ മതംമാറ്റവും നടന്നിട്ടുള്ളത് എന്നു കാണാം. അതിപ്പോഴും തുടരുന്നു. പരമാവധി ദ്രോഹിക്കുകയും സർക്കാർ അനുവദിച്ച സഹായം പോലും തടഞ്ഞവരാണ് ഇപ്പോൾ അവരെ അധിക്ഷേപിക്കുകയും തീവ്രവാദി പട്ടം ചാർത്തിക്കൊടുക്കുകയും ചെയ്യുന്നത് എന്നതാണ് കൗതുകകരം.  ഹാദിയ നേരിട്ടതു പോലെയുള്ള എല്ലാവിധ വെല്ലുവിളികളും മുൻകൂട്ടി കാണുന്നുണ്ട്, എന്തായാലും നേരിടാൻ തയാറാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഇസ്‌ലാമോഫോബിയ നിലനിൽക്കുന്ന ഒരു പ്രദേശം  ഇന്നു കേരളമാണ്. ഈ സംഭവവും അതിനായി ഉപയോഗിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സംഘപരിവാറുകാർ മാത്രമല്ല, മറ്റു പല വിഭാഗങ്ങളും ഇക്കാര്യത്തിൽ ഒന്നിക്കുന്ന കാഴ്ച കേരളത്തിൽ പുതുമയുള്ളതല്ല.  ടിപ്പുവിന്റെ പടയോട്ടത്തെയും  അധിനിവേശ ശക്തികൾക്കെതിരെ കുഞ്ഞാലി മരയ്ക്കാർ നടത്തിയ ചെറുത്തുനിൽപുകളെയും മലബാർ കലാപത്തെ പോലും അത്തരത്തിൽ ഉപയോഗിച്ചവർ നിരവധിയാണ്. പേരിൽ മുസ്‌ലിം ഉള്ളതിന്റെ പേരിൽ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ശൈലി ഇപ്പോഴും തുടരുന്നു. മറ്റു പാർട്ടികളെ പോലെ തന്നെ,  ആ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും ഉണ്ടാകുന്ന തെറ്റായ നയങ്ങളെയും വർഗീയമായി ചിത്രീകരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായ മഅ്ദനിയുടെ തടങ്കൽ ഇസ്‌ലാമോഫോബിയയുടെ വളർച്ചയുടെ മറ്റൊരു ഉദാഹരണം. സംസ്ഥാനത്ത് യാതൊരു അടിസ്ഥാനവുമില്ലാതെ യു.എ.പി.എ പ്രയോഗിക്കുന്നത് മുഖ്യമായും മുസ്‌ലിം വിഭാഗങ്ങൾക്കെതിരെയാണ്. വിരലിലെണ്ണാവുന്നവർ ഐ. എസിൽ ചേർന്നെന്ന പ്രചാരണത്തിന്റെ പേരിൽ മുസ്‌ലിം സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. ലോകത്തെവിടെ എന്തു സംഭവിച്ചാലും തങ്ങൾ നിരപരാധികളാണെന്നു തെളിയിക്കേണ്ട ബാധ്യത എല്ലാ മുസ്‌ലിംകൾക്കുമാകുന്നു. പുരോഗമന വാദികൾ എന്നവകാശപ്പെടുന്നവർ പോലും പ്രണയ വിവാഹത്തെ ലൗ ജിഹാദ് എന്നാക്ഷേപിക്കുന്നവരുടെ കൂടെ നിന്നു. ഇസ്‌ലാമോഫോബിയ വളർത്താൻ ഹാദിയാ സംഭവം ഉപയോഗിച്ചപ്പോഴും പല പുരോഗമന വാദികളും ഫെമിനിസ്റ്റുകളും അവർക്കൊപ്പമായിരുന്നു. ഏകീകൃത സിവിൽ നിയമവും മുത്തലാഖുമൊക്കെ മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനായി ഉപയോഗിക്കപ്പെട്ടു. ബീമാപള്ളിയിലും മറ്റും നടന്ന കിരാതമായ പോലീസ് വെടിവെപ്പു വാർത്ത പോലുമായില്ല. പച്ചനിറം പോലും തീവ്രവാദി മുദ്രയാക്കിയ കാഴ്ച കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ടല്ലോ. സാഹിത്യ - സിനിമാ മേഖലകളിലൊക്കെ ഇസ്‌ലാമോഫോബിയ വളർത്തിയെടുക്കാനുള്ള നീക്കം ശക്തമായി. ഗൾഫിൽ പോയി കഷ്ടപ്പെട്ട് കുറച്ചു പണം വാങ്ങി നാട്ടിലെത്തുന്നവർ വില്ലന്മാരും പണിയെടുക്കാതെ തളർന്നാലും ആഢ്യത്വം കൈവിടാത്ത സവർണ പ്രമാണിമാർ നായകരുമായി ചിത്രീകരിക്കപ്പെട്ടു.  ഭീകരന്മാരെല്ലാം മുസ്‌ലിംുകളുമായി. ബോംബ് നിർമാണം കൂടുതൽ നടക്കുന്നത് കണ്ണൂരിലായിട്ടും മലപ്പുറത്തു പോയാൽ ബോംബ് കിട്ടാൻ എളുപ്പമാണെന്ന ഡയലോഗ് ഏറെ കൈയടി നേടിയിരുന്നല്ലോ. അത്തരത്തിലുള്ള നിരവധി സംഭവങ്ങളുടെ തുടർച്ചയായി ഈ സംഭവവും ഉപയോഗിക്കപ്പെടാം. ഇതിനകം പലരും ഭീഷണിയുമായി എത്തിയതായി ചിത്രലേഖ പറയുന്നു. സോഷ്യൽ മീഡിയയിലും ചിത്രലേഖക്കെതിരെ അധിക്ഷേപങ്ങൾ നടക്കുന്നു. സ്വന്തം തീരുമാനപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നു എന്നതു പോലും മറന്നാണ് ഈ പ്രചാരണമെന്നതാണ് തമാശ.
 

Latest News