Sorry, you need to enable JavaScript to visit this website.
Monday , January   25, 2021
Monday , January   25, 2021

സ്ത്രീപീഡനങ്ങൾ തുടർക്കഥയാവുമ്പോൾ

സ്ത്രീകളുടെ അവകാശ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമാക്കി സ്ഥാപിതമായ ദേശീയ വനിതാ കമ്മീഷൻ മുതൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന ഭരണകൂടങ്ങളും സംഘ്പരിവാർ നേതൃത്വവും 'ലൗ ജിഹാദ്' മുഖ്യ വിഷയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ജീവിത പങ്കാളിയെ ജാതി, മത പരിഗണനകൾക്ക് അതീതമായി തെരഞ്ഞെടുക്കാനുള്ള സ്ത്രീ പുരുഷന്മാരുടെ സ്വാതന്ത്ര്യത്തെ കുറ്റകൃത്യമാക്കി മാറ്റാനുള്ള കാട്ടാള നീതിക്കു വേണ്ടി മാത്രമുള്ള മുറവിളിയല്ല ഇത്. വർഗീയത ആളിക്കത്തിച്ച് അധികാരം അരക്കിട്ടുറപ്പിക്കാനുള്ള ഫാസിസ്റ്റ് തന്ത്രമാണ് ഇതിലൂടെ മറ നീക്കി പുറത്ത് വരുന്നത്.

 

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന അരുംകൊലകളുടെയും തലസ്ഥാനമായി മാറുകയാണ് ഇന്ത്യ. അങ്ങനെ വിശ്വസിക്കാൻ സാമാന്യ ബോധമുള്ള ആരെയും നിർബന്ധിതമാക്കുന്ന വാർത്തകളാണ് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച ഉത്തർപ്രദേശിലെ കാൺപുരിൽ കാണാതായ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കരളും ശ്വാസകോശവും നീക്കം ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റവാളികളിൽ ഒരാളുടെ ഉറ്റ ബന്ധുക്കളായ ദമ്പതിമാർക്ക് കുട്ടികളുണ്ടാവാൻ കരൾ ഭക്ഷണമാക്കാനായിരുന്നുവത്രേ ക്രൂരകൃത്യം. സംസ്ഥാനത്തെ ബസ്തി ജില്ലയിൽ കാണാതായ ദളിത് ബാലികയും ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു. രക്ഷിതാക്കൾ പരാതിപ്പെട്ടിട്ടും പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചു. ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ പന്ത്രണ്ടും എട്ടും വയസ്സുള്ള രണ്ട് ദളിത് പെൺകുട്ടികളെ പരാജയപ്പെട്ട ബലാത്സംഗ ശ്രമത്തിനിടെ കുളത്തിലെറിഞ്ഞു കൊന്ന വാർത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.

ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും അരുംകൊലകളും സംബന്ധിച്ച വാർത്തകൾ ദിനംപ്രതിയെന്നോണം പെരുകി വരികയാണ്. അത്തരം സംഭവങ്ങളിൽ ഇരകളിൽ ഏറെയും ദളിതരും മറ്റ് അധഃസ്ഥിത ജനവിഭാഗങ്ങളുമാണെന്നത് ശ്രദ്ധേയമാണ്. ദളിതർക്കും ആദിവാസികൾക്കും മതന്യൂനപക്ഷങ്ങൾക്കും എതിരായ വ്യാപകമായ അക്രമങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും പോലെ ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയുടെ ഇരുണ്ട വശത്തെയാണ് ഇത് തുറന്നുകാട്ടുന്നത്. 'നിർഭയ' സംഭവത്തെ തുടർന്ന് നിലവിൽ വന്ന കർക്കശ നിയമങ്ങൾക്കും നിയന്ത്രിക്കാനോ തടയാനോ കഴിയാതെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും കൊലപാതക പരമ്പരകളും നിർബാധം തുടരുന്നത് സമൂഹത്തിന്റെ മാത്രമല്ല ഭരണകൂടത്തിന്റെ തന്നെ കിരാത മുഖമാണ് അനാവരണം ചെയ്യുന്നത്.
അനിയന്ത്രിതമായി തുടരുകയും പെരുകിവരികയും ചെയ്യുന്ന കിരാത പ്രവണതകൾക്ക് അറുതി വരുത്താൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും എതിരാണ് തങ്ങളെന്ന് യാഥാസ്ഥിതിക ശക്തികൾ ആവർത്തിച്ചു തെളിയിക്കുന്നു. ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് ഉൾപ്പെട്ട ഉന്നാവോ കേസും ഹഥ്‌റാസിൽ ദളിത് യുവതിക്ക് നേരിടേണ്ടിവന്ന ബലാത്സംഗവും ദാരുണാന്ത്യവുമെല്ലാം വിരൽ ചൂണ്ടുന്നത് യോഗി ഭരണകൂടവും പുരുഷാധിപത്യ ശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ്. രാജ്യത്തെ നടുക്കുകയും ലോകത്തിന്റെ മുന്നിൽ അപമാനിതമാക്കുകയും ചെയ്ത സംഭവങ്ങളോട് പ്രതികരിക്കാൻ പോലും മോഡി ഭരണകൂടം വിസമ്മതിക്കുന്നു. ഈ കിരാത വാഴ്ചയ്ക്ക് അറുതി വരുത്താനല്ല മറിച്ച,് പെൺകുട്ടികളുടെ 'മതപരമായ വിശുദ്ധി' സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചാണ് അവർ തല പുകഞ്ഞ് ആലോചിക്കുന്നത്.
'ലൗ ജിഹാദ്' പോലുള്ള സാങ്കൽപിക ഭീഷണികൾക്കെതിരായ നിഴൽ യുദ്ധത്തിലാണ് സംഘ്പരിവാർ ഏർപ്പെട്ടിരിക്കുന്നത്. പലപ്പോഴും വഴിവിട്ടും അധികാര കേന്ദ്രങ്ങളെ പ്രീണിപ്പിക്കാൻ മടി കാണിക്കാത്ത പരമോന്നത നീതിപീഠം പോലും അംഗീകരിക്കാൻ വിസമ്മതിച്ച ലൗ ജിഹാദിനെതിരെ നിയമ നിർമാണത്തിനാണ് ബിജെപി-സംഘ്പരിവാർ കേന്ദ്രങ്ങൾ കോപ്പുകൂട്ടുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സ്വതന്ത്രമായി തീരുമാനമെടുക്കാനുളള സ്ത്രീകളുടെ അവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടുകയാണ് അവരുടെ ലക്ഷ്യം.
സ്ത്രീകളുടെ അവകാശ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമാക്കി സ്ഥാപിതമായ ദേശീയ വനിതാ കമ്മീഷൻ മുതൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന ഭരണകൂടങ്ങളും സംഘ്പരിവാർ നേതൃത്വവും 'ലൗ ജിഹാദ്' മുഖ്യ വിഷയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ജീവിത പങ്കാളിയെ ജാതി, മത പരിഗണനകൾക്ക് അതീതമായി തെരഞ്ഞെടുക്കാനുള്ള സ്ത്രീ പുരുഷന്മാരുടെ സ്വാതന്ത്ര്യത്തെ കുറ്റകൃത്യമാക്കി മാറ്റാനുള്ള കാട്ടാള നീതിക്കു വേണ്ടി മാത്രമുള്ള മുറവിളിയല്ല ഇത്. വർഗീയത ആളിക്കത്തിച്ച് അധികാരം അരക്കിട്ടുറപ്പിക്കാനുള്ള ഫാസിസ്റ്റ് തന്ത്രമാണ് ഇതിലൂടെ മറ നീക്കി പുറത്ത് വരുന്നത്.


 

Latest News