Sorry, you need to enable JavaScript to visit this website.
Friday , January   15, 2021
Friday , January   15, 2021

പല പല (തെരഞ്ഞെടുപ്പ്) നാടകങ്ങൾ

'കഷ്ടകാലം വരുമ്പോൾ ഒന്നോടെ' എന്നു പണ്ടേ പറയാറുണ്ട്. അക്കാലത്ത് പി. ചിദംബരമോ കാർത്തി ചിദംബരമോ കപിൽ സിബലോ രഞ്ജൻ ചൗധരിയോ ജനിച്ചിട്ടില്ല. എന്നിട്ടും പൂർവികർ അപകടം മണത്തറിഞ്ഞിരുന്നു. ബിഹാറിൽ പ്രകടനം മോശമായതോടെയാണ് ചിദംബരം അണ്ണാച്ചിക്ക് ഇരിക്കപ്പെറുതി ഇല്ലാതയാത്. മറ്റു പത്തു സംസ്ഥാനങ്ങളിലും മോശമാകാൻ തന്നെ തയാറെടുത്തിരുന്ന കോൺഗ്രസിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് അദ്ദേഹം അറിഞ്ഞത്. വീരപുത്രൻ കാർത്തിയാണെങ്കിൽ അപ്പൻ വാതുറക്കുന്നതു നോക്കി ഇരിപ്പായിരുന്നു. ഓനും വിട്ടില്ല, കൊടുത്തു പാർട്ടിക്കിട്ടൊരു കൊട്ട്! ആകപ്പാടെ വിമർശനത്തിന്റെ കൊട്ടിക്കലാശം. കപിൽ സിബൽ തനിക്കു കിട്ടാവുന്ന ലക്ഷക്കണക്കിനു വക്കീൽ ഫീസ് പോലും വേണ്ടെന്നു വെച്ചാണ്, മുറിയടച്ചിരുന്നു പാർട്ടിയുടെ പതനം വീക്ഷിച്ചിരുന്നത്.

 

ഐ.സി.യുവിൽ കിടക്കുന്ന രോഗിയുടെ ബന്ധുക്കൾ വിവരം അന്വേഷിക്കുന്ന മാതിരി. എല്ലാവരും ഒളിയമ്പെയ്ത്തിൽ കുറേക്കകാലമായി പരിശീലിക്കുന്നു. ഇത്തവണ ബിഹാർ. അടുത്ത ടാർഗറ്റ് പശ്ചിമ ബംഗാൾ. അവിടെ തെരഞ്ഞെടുപ്പിനു മുമ്പ് ആരൊക്കെ കൊഴിഞ്ഞു പോകുമെന്ന കണക്കെടുപ്പാണ് ഹൈക്കമാൻഡാപ്പീസിൽ. നമ്മുടെ ലോക്‌സഭാ നേതാവ് ചൗധരി പറഞ്ഞതു പോലെ, പോകുന്നവർ നേരത്തേയങ്ങു പോണം, ലേറ്റായാൽ മറ്റു പാർട്ടികളിലേക്കും വണ്ടി കിട്ടില്ല. ലാസ്റ്റ് ബസ് എന്നൊന്ന് ചുരുങ്ങിയ പക്ഷം കോൺഗ്രസിനെങ്കിലും ഇല്ല, എല്ലാ സംസ്ഥാനങ്ങളും ലാസ്റ്റ് ബസ് തന്നെ. ഒന്നും കൈ കാണിച്ചിട്ടു നിർത്തുന്നുമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പാർട്ടിയിൽ മുറുക്കിയ ചിദംബരവും പിന്നാലെ സഞ്ചിയും തൂക്കി ചാടിക്കയറിയ പുത്രനും ഇന്നു മാതൃസംഘടനയുടെ നേതൃത്വത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു. ഒരു കാര്യം മറക്കരുത്, വിമർശനം മാത്രം മാഡം സഹിക്കില്ല.

****       ****       ****
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി/ ലുണ്ടായൊരിക്കൽ ബത: മിണ്ടാവതലല വമ'- എന്നു കവി പാടിയത് സി.എ.ജിയുടെ ഭാവികാല റിപ്പോർട്ടും അതിന്മേൽ പുലിവാലു പിടിച്ച തോമസ് ഐസക് മന്ത്രിയെയും മുൻകൂട്ടി സ്വപ്‌നം കണ്ടിട്ടാകണം. ഒരേ റിപ്പോർട്ട് ആദ്യം 'കരടാ'യും പിന്നെ 'അന്തിമ'മായും കാണപ്പെടുന്നത് അത്ര നല്ല ലക്ഷണമൊന്നുമല്ല. ധനമന്ത്രി ഉരുണ്ടു കളിച്ചെങ്കിലും ദേഹമാസകലം ചെളി പുരണ്ടു എന്നു പറഞ്ഞാൽ അധികമാവില്ല. ഇനി നിയമസഭയിൽ വെച്ച് ചർച്ച ചെയ്യുന്നത് ആരോഗ്യപരമായി നന്നാണ്. മുഖ്യമന്ത്രി അനുവദിച്ചാലല്ലേ ചർച്ച നടക്കൂ!

സ്പീക്കറദ്ദേഹം ഒരു വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്‌നേഹമുള്ള വികൃതികളെ മയിൽപീലി കൊണ്ടു തല്ലുന്നതു പോലെയേ ഉള്ളൂ. മാത്രമല്ല, വെറും പോസ്റ്റുമാനല്ല താനെന്ന് വാക്കാലും പ്രവൃത്തിയാലും മന്ത്രി തെളിയിക്കുകയും ചെയ്തു. കവർ പൊട്ടിക്കാതെ സി.എ.ജിയുടേതെന്നല്ല, സി.ഐ.എയുടേയതായാലും നിയമസഭയിൽ വെക്കാൻ ഐസക്കിനെ കിട്ടില്ല. അത് പഴയ സോവിയറ്റ് തെരഞ്ഞെടുപ്പ് പോലെ ആക്ഷേപം വിളിച്ചുവരുത്തും. അന്നാട്ടിൽ തെരഞ്ഞെടുപ്പിന്റെ വലിയ ക്യൂവിലേക്കു ശ്രദ്ധ ക്ഷണിക്കട്ടെ ഓരോ തൊഴിലാളിയുടെയും കൈയിൽ മടക്കിയ ബാലറ്റ് പേപ്പർ നൽകുന്നു. അകലെ കാണുന്ന പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങിക്കൊള്ളണം. ഒരുവൻ അതിനുള്ളിലെന്താണെന്നറിയാൻ വേണ്ടി പേപ്പറൊന്നു നിവർത്തി. അപ്പോൾ വരുന്നു, പോലീസിന്റെ കർശനമായ ചോദ്യം- എന്താണ് തുറന്നു നോക്കുന്നത്? ഇത് രഹസ്യ ബാലാറ്റാണെന്ന് അറിയുകയില്ലേ? സംഗതി അമേരിക്കയുടെ സോവിയറ്റ് വിരുദ്ധ പ്രചാരണം എന്ന് ഐസക്കിനറിയാം. അദ്ദേഹം വലതു കമ്യൂണിസ്റ്റല്ല. മാത്രമല്ല, ആകാശത്തു വട്ടമിട്ടു പറക്കുന്ന സർവ കേന്ദ്ര ഏജൻസികൾക്കും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമെതിരെ ഇടതു സർക്കാർ 'പൊട്ടൻ' കളിക്കാൻ തയാറുമല്ല. അതിനാൽ തന്നെ, 'ലൈഫ് മിഷൻ അഴിമതി' അന്വേഷണത്തിൽ ഇ.ഡിക്കെതിരെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഒരു നോട്ടീസ് അയക്കും. 'സൂചനയാണിതു സൂചന മാത്രം, സൂചന കണ്ടു പഠിച്ചില്ലെങ്കിൽ, കെട്ടു കെട്ടിക്കും കട്ടായം' എന്ന പഴയ മുദ്രവാക്യം നോട്ടീസിനു പുറത്തു ഒട്ടിച്ചിരിക്കും. സ്വന്തം 'ലൈഫിൽ'     കൊതിയുള്ളവർ അതോടെ കേരളം വിടും. സുരേന്ദ്രനുള്ളത് ഋഷിരാജ് സിംഗ്ജി കൊടുത്തോളും. അദ്ദേഹം മീശ പിരിച്ചാൽ, മറ്റൊരു മീശമാധവനാണ്, അതു പാഴാകില്ല. ഉണ്ടയില്ലാത്ത വെടി ശോഭാ സുരേന്ദ്രനോടും കൂട്ടരോടും പരിമിതപ്പെടുത്തിയില്ലെങ്കിൽ ആരോഗ്യത്തിനു ഹാനികരമാണെന്നു വരാം.

****        ****         **** 
കിഫ്ബി ഒരു പിടികിട്ടാ പ്രതിഭാസമായി വളർന്ന കാഴ്ച ചുരുങ്ങിയപക്ഷം ധനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെങ്കിലും രോമാഞ്ചദായകമാണ്. കൊച്ചിൻ ദേവസ്വത്തിന്റെ കീഴിലുള്ള തൃശൂർ കേരള വർമ കോളേജിൽ പോലും 'കിഫ്ബി' കടന്നു കയറി ഇരിക്കുന്നു. 13 കോടി രൂപ അവിടേക്ക് അനുവദിച്ച കിഫ്ബി, അത്രയും തുക എടുത്തു പൊക്കാൻ കഴിവില്ലാത്ത പ്രിൻസിപ്പലിനെ ഏൽപിക്കുമോ? അവിടെയാണ് അടിയന്തരമായി വികസനം വേണ്ടിവരുന്നത്. അതോടെ 'വൈസ് പ്രസിസിപ്പൽ' തസ്തികയുണ്ടായി. മുൻ മേയർ ആർ. ബിന്ദു വെറുമൊരു 'അക്കാദമിക'യല്ല. എൽ.ഡി.എഫ് കൺവീനറും സി.പി.എമ്മിന്റെ നടപ്പു സെക്രട്ടറിയുമായ വിജയരാഘവന്റെ ധർമദാരങ്ങളാണ്. മൂന്നു ഭാഗ്യങ്ങളാണ് അങ്ങനെ ദമ്പതിമാരെ തേടിയെത്തിയത്.

'ഭാഗ്യം കേറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞോ? എന്നു പാടണമെങ്കിൽ ലോട്ടറി ടിക്കറ്റിന്റെ ഇടപാടു വേണം. ഇവിടെ ഒന്നും വേണ്ടിവന്നില്ല. ഓരോ ദിവസവും കണ്ണു തുറക്കുമ്പോൾ ഓരോ പുതിയ പദവി കുടുംബത്തിലേക്ക്! മുജ്ജന്മ സുകൃതം' എന്ന് അന്ധവിശ്വാസികൾ പറയും. പക്ഷേ, എന്തോ ഒരു സത്യം അതിലുണ്ട്. അല്ലെങ്കിൽ, ഇമ്മിണി ബല്യസഖാവായ എം.വി. ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മുറിയുടെ താക്കോൽ ലഭിക്കാതെ പോയതെന്തേ? മൂടില്ലാതാളി, ആകാശ ഗരുഡൻ എന്നൊക്കെ വിളിപ്പേരുള്ള വേരില്ലാച്ചെടി പോലെ വർഷങ്ങളായി ദില്ലിയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുന്ന മറ്റൊരു സഖാവുണ്ട്- എസ്. രാമചന്ദ്രൻ പിള്ള. അങ്ങോർക്കും സ്വന്തം മണ്ണ് കാണാനുള്ള ആഗ്രഹം കാണും. എന്നിട്ടെന്തേ ഇതുവരെ കേരളത്തിൽ കാലുകുത്താനാകാതെ പോയത്? അതു തന്നെയാണ് പറഞ്ഞത്, ബിന്ദു - വിജയരാഘവ സഖാക്കളുടെ ഭാഗ്യം! ആരും അസൂയപ്പെടേണ്ടതില്ല.

****         ****       ***
'കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്' എന്നു പറയുമ്പോൾ, അത് കോടിയേരിയെ ഉദ്ദേശിച്ചാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, ധരിച്ചവരെ തിരുത്താനും കഴിയില്ല. അമിതമായ പുത്രവാത്സല്യത്താൽ, ജന്മനാ അന്ധനായ ധൃതരാഷ്ട്രർക്ക് മനസ്സിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. തലസ്ഥാനത്ത് കയറൂരിവിട്ട നേതൃ-സന്താനങ്ങളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനത്തായിരുന്നു കോടിയേരി സന്താനം. എവിടെ എത്തി എന്ന് ഇനി ചോദിക്കേണ്ട, പരപ്പന അഗ്രഹാര ജയിലിൽ എന്നു ഏതു സ്‌കൂൾ പിള്ളേർക്കുമറിയാം. തമിഴ്‌നാട്ടിൽ ജയലളിതാ ഭരണകാലത്ത് ഉപജാപങ്ങൾക്ക് മന്ത്രിവാദിനിയുടെ റോളിൽ ശോഭിച്ചിരുന്ന ശശികലയെയും മറ്റ് അനേകം വീരപാരക്രമികളും കിടന്നിരുന്ന നിലത്ത് കേരളക്കരയുടെ വീരപുത്രന്റെ മകനും അഭയം കൊടുത്തത് നീതിന്യായ വ്യവസ്ഥയുടെ ഭാഗം, ഭാഗ്യം ഔദാര്യം.
ഇവിടെ 'തൻകുഞ്ഞ് പൊൻകുഞ്ഞ്' രാഷ്ട്രീയം കുറച്ചു രസം പകരുന്നത് പ്രാദേശിക തെരഞ്ഞെടുപ്പുകളിലാണ്. ഭാര്യയും ഭർത്താവും അടുത്തടുത്ത വാർഡുകളിൽ മത്സരിക്കുന്നു. സഹോദരങ്ങൾ ഇരുമുന്നണികളിലായി പോർക്കളത്തിൽ.

അപ്പൻ മരിക്കുന്നതിനു മുമ്പ് അറിയിച്ചിരുന്ന അന്ത്യാഭിലാഷം അനുസരിച്ച് മുന്നണി പുത്രനെ മത്സരിപ്പിക്കുന്നു. അങ്ങനെ സർവത്ര ബന്ധുമയം! ചിലടേത്ത് കല്യാണം പറഞ്ഞുറപ്പിച്ച യുവഹൃദയങ്ങളും ഭാഗ്യ പരീക്ഷണം നടത്തുന്നുണ്ട്. ചുരുക്കത്തിൽ, നെഹ്‌റു കുടുംബം വകസിച്ച് വികസിച്ച് രാഷ്ട്രീയത്തിന്റെ താഴേത്തട്ടിൽ വരെ എത്തി മലർക്കെ ചിരിച്ചു കാട്ടുന്ന കാലം! ഇനിയാരും കുടുംബ വാഴ്ചയെക്കുറിച്ച് കമാന്നൊരക്ഷരം ഇന്ത്യയിൽ മിണ്ടില്ല. ബിഹാറിലെ യാദവരും ബംഗാളിലെ ചാറ്റർജിയും മുക്കർജിമാരും മുതൽ ഇങ്ങു തെക്കേയറ്റത്തെ കേര നാട്ടിലെ ഓരോ പാർട്ടിയും ജാതിയും പോലും ഒരേ 'തരംഗദൈർഘ്യ'ത്തിൽ തന്നെ ചിന്തിക്കുന്നു, ചലിക്കുന്നു! ഇതിനെ സോഷ്യലിസത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായി ആരെങ്കിലും കണ്ടുപോയാൽ അവരുടെ മെക്കിട്ടു കയറാൻ വരരുത്.

****          ****        ****
ഡിസംബർ തെരഞ്ഞെടുപ്പിൽ വെളിച്ചത്തിലു, നട്ടുച്ചയ്ക്കു പോലും മറുപടിയില്ലാത്ത ഒരു ചോദ്യമുണ്ട്. വി.വി. രാജേഷ് എന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി എന്തിനാണ് പൂജപ്പുര വാർഡിൽ മത്സരിക്കുന്നത്? രാപ്പകൽ ടോർച്ച് തെളിയിച്ച് അന്വേഷിക്കുകയാണ് എതിർ മുന്നണികൾ. കാര്യം ഇത്രയേയുള്ളൂ, എവിടെയെങ്കിലും നിർത്തി ഒന്നു ജയിപ്പിക്കണ്ടേ? രാജഗോപാലിനെ നേമത്തു നിർത്തി ജയിപ്പിച്ചെടുക്കാൻ ബി.ജെ.പി പെട്ടപ്പാടു സി.പി.എമ്മിലെ ഒരു വിഭാഗത്തിനു കൂടി മാത്രമേ അറിയൂ!

Latest News