Sorry, you need to enable JavaScript to visit this website.

അവകാശം: ലംഘനവും സംരക്ഷണവും

ചില കാലങ്ങളിൽ ചില ആളുകൾക്കും സ്ഥാപനങ്ങൾക്കും ചില അവകാശങ്ങൾ സംരക്ഷിച്ചു കൊടുക്കേണ്ടി വരും. അങ്ങനെയേ സന്തുലിതമായ ജനാധിപത്യ പ്രക്രിയ പുലർന്നു കാണുകയുള്ളൂ. ചില അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ എല്ലാം കുഴഞ്ഞു മറിയും. കൂടുതൽ അവകാശങ്ങളും കൂടുതൽ സംരക്ഷണവും ആയാലോ, എന്തിനു വേണ്ടിയാണോ അവകാശം സംരക്ഷിക്കുന്നത് അതു തന്നെ ആപത്താകും. വേറൊരു വിധത്തിൽ പറഞ്ഞാൽ ഏതൊരു ആളുടെയും സ്ഥാപനത്തിന്റെയും അവകാശം എത്ര കൂടുന്നുവോ അത്രത്തോളം ദുർബലമായിരിക്കും ജനാധിപത്യം.
പഴയ ഭാഗ്യക്കുറിത്തർക്കം ഓർത്തിട്ടാവും, തോമസ് ഐസക്കും വി.ഡി. സതീശനും വീണ്ടും കൊമ്പു കോർക്കുന്നു.  അന്ന് സതീശന് നല്ല ആത്മബലം ഉള്ളതു പോലെ തോന്നി. തന്റെ വാദം ഖണ്ഡിക്കാൻ ഒരു പരസ്യ പ്രകടനത്തിന് ഐസക് ഉമ്മൻ ചാണ്ടിയെ വെല്ലുവിളിച്ചു. തന്റെ ഭാഗം സതീശൻ പറയുമെന്നു ചാണ്ടി അറിയിച്ചപ്പോൾ ഐസക് അടവു മാറ്റി; സതീശനോട് തർക്കിക്കാൻ തന്റെ പ്രൈവറ്റ്  സെക്രട്ടറി മതിയെന്നായി മാർക്‌സിസ്റ്റ് ധനമന്ത്രി.
പുനം നമ്പൂതിരിയോട് തന്റെ തത്തയുമായി പോരാടാൻ ഉദ്ദണ്ഡ ശാസ്ത്രികൾ ആവശ്യപ്പെട്ടത് ഓർമിപ്പിക്കുന്നതായിരുന്നു ആ നിലപാട്. തത്തക്ക് എതിരായി 'അന്ത തത്തക്കിന്ത പൂനൈ:' എന്നു മൊഴിഞ്ഞ് പുനം ഒരു പൂച്ചക്കുഞ്ഞിനെ ഇറക്കിയപ്പോൾ വിരുന്നുകാരൻ പണ്ഡിതൻ വിരണ്ടുപോയി.


സതീശനാകട്ടെ, ധനമന്ത്രിയുടെ ശിപായിയോടു പോലും തർക്കിച്ചു നോക്കാൻ തയാറാണെന്നു പറഞ്ഞപ്പോൾ ഏതാണ്ട്  വിരുന്നുകാരൻ പണ്ഡിതന്റെ പരുവത്തിലായി ഐസക്.  പിന്നെ പരസ്യ വാദപ്രതിവാദം വേണ്ടെന്നു വെക്കുകയായിരുന്നു.കിഫ്ബിയെപ്പറ്റിയുള്ള പരാമർശമടങ്ങിയ സി.എ.ജി റിപ്പോർട്ട് ധനമന്ത്രി പുറത്തുവിട്ടത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന് ആക്ഷേപിക്കുമ്പോൾ സതീശന്റെ മുഖത്ത് ആ പഴയ വിജയശ്രീലാളിത ഭാവമായിരുന്നു. ഒറ്റക്കേൾവിയിൽ സതീശൻ പറയുന്നത് പച്ച സത്യമാണെന്ന് ആരും തലയാട്ടി സമ്മതിക്കുകയും ചെയ്യും. അതുകൊണ്ടാണല്ലോ തന്റെ ആദ്യത്തെ നിലപാട് ഐസക് ചെറുങ്ങനെ പരിഷ്‌കരിച്ചത്.  പിന്നെ, നിയമസഭയുടെ ചട്ടത്തിനപ്പുറം രാഷ്ട്രീയ സത്യവും ധർമവും തനിക്കനുകൂലമാക്കാമെന്നു തോന്നിയപ്പോഴാകും ധനമന്ത്രിക്ക് ശ്വാസം നേരേ വീണത്.
ചുമ്മാ അങ്ങു തോറ്റു കൊടുക്കാൻ ഐസക് തയാറല്ല. കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) ഗരിമയെപ്പറ്റിയുംഅവകാശത്തിന്റെ പവിത്രത്തെപ്പറ്റിയുമൊക്കെ നിയമധുരന്ധരനായ ഫാലി നരിമാന്റേയും മറ്റും ഉപദേശം തേടി മുന്നോട്ടു പോകാനാണ് സംസ്ഥാന സർക്കാരി െഉദ്ദേശ്യം. ലക്ഷക്കണക്കിനു രൂപ അവകാശ വ്യവഹാരത്തിനു ചെലവാകുമെങ്കിലും സതീശൻ ഐക്യജനാധിപത്യ മുന്നണിക്കു വേണ്ടി ഉന്നയിച്ചിരിക്കുന്ന വാദമുഖങ്ങളെ പൊളിച്ചുകളയാൻ അത് ഉപകരിക്കുമെന്നാണ് ഇടതു ജനാധിപത്യ മുന്നണിയുടെ വിശ്വാസം. അവകാശത്തർക്കത്തിൽ ഒരു തീർപ്പുണ്ടാക്കാൻ അത്ര വലിയ നിയമപ്പോരാട്ടം വേണമോ എന്നതും പ്രശ്‌നമാകാം.  പഴയ ഒരു അവകാശക്കേസിൽ സതീശന്റെ പാർട്ടിക്കനുകൂലമായി സി.പി. എം  നിലപാട് എടുത്ത  കഥ ഐസക്കിന് തന്ത്രപൂർവം അനുസ്മരിക്കാവുന്നതേയുള്ളൂ.


എഴുപതുകളുടെ അവസാനം.  ഇന്ദിരാഗാന്ധിയെ തറ പറ്റിച്ച തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നൊന്നര കൊല്ലമായി കാണും. തകർന്നുവെന്നു പലരും, പ്രതിപക്ഷ വീരന്മാർ മിക്കവരും കരുതിയിരുന്ന ഇന്ദിര അതാ തിരിച്ചുവരുന്നു, പൂർവാധികം നിശ്ചയദാർഢ്യത്തോടെ. കാപ്പിത്തോട്ടങ്ങളുടെ മണ്ഡലമായ ചിക്കമംഗളൂരുവിൽ അവർ വീണ്ടും മൽസരിക്കുന്നു. അവരെ എതിർക്കാൻ അറച്ചുനിന്ന തന്റെ പീക്കിരി പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് കൊച്ചുകേരള കഥ. ആന്റണി തറ്റുടുത്ത് ഇന്ദിരയുടെ തട്ടകത്ത് ഉതിരം കൊള്ളാൻ പിന്നെയും മൂന്നു കൊല്ലം വേണ്ടി വന്നിരുന്നു.


ചിക്കമംഗളൂരിൽ പ്രതീക്ഷിച്ചതു പോലെ ഇന്ദിരാഗാന്ധി ജയിച്ചു. അവരെ ന്യൂറംബർഗ് മാതൃകയിൽ യുദ്ധവിചാരണ നടത്തണമെന്നൊക്കെ ആക്രോശിച്ചിരുന്നവരുടെ മുഖത്തടിച്ച പോലെയായി ആ വിജയം. പഴയൊരു അവകാശക്കേസ് പുളിച്ചു തേട്ടി വന്നത് അതിനിടെയായിരുന്നു. അത്രയും പ്രമാദമായ ഒരു അവകാശ ലംഘനക്കേസ് അതിനു മുമ്പോ പിന്നീടോ ഉണ്ടായിട്ടില്ല. അവകാശ വിദ്യാർഥികൾക്ക് പഠിക്കാവുന്ന പാർലമെന്റ് നിയമവും രാഷ്ട്രീയവും അതിൽ വായിച്ചെടുക്കാം.അതിനു മുമ്പത്തെ ലോക്‌സഭയിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പറഞ്ഞ ചില കാര്യങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെടാൻ അവസരമുണ്ടായില്ല.  അതിനു മുമ്പ് സഭ പിരിഞ്ഞു.  മാരുതിയെപ്പറ്റിയായിരുന്നു ചോദ്യം. സംഘടനയിൽ മൂപ്പില്ലെങ്കിലും ഒന്നാം നിരയിൽ തന്നെ വെട്ടിത്തിളങ്ങിയ നേതാവായിരുന്നു ജ്യോതിർമയ് ബസു. തേയിലയുടെ രുചി നോക്കി ഗുണം തിട്ടപ്പെടുത്തുന്ന വിദഗ്ധനായിരുന്നു അദ്ദേഹം. പിന്നെ രാഷ്ട്രീയ നാണയങ്ങളുടെ മാറ്റുരച്ചു നോക്കുകയും പുതിയ കമ്മട്ടങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യുന്നയാളായി. പിന്നെ ഡയമണ്ട് ഹാർബറിൽനിന്ന് മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി. പൊതുമേഖലാ സംരംഭങ്ങളെപ്പറ്റി പഠിക്കുന്ന പാർലമെന്റ് സമിതിയുടെ അധ്യക്ഷനായിരിക്കേ ഉദ്യോഗസ്ഥന്മാരെ, പലപ്പോഴും മന്ത്രിമാരെയും, ജ്യോതിർമയ് ബസു വിരട്ടി, വിറപ്പിച്ചു. ആ ബസു ഉന്നയിച്ച ഒരു മാരുതി ചോദ്യത്തിന് പ്രധാനമന്ത്രി കൊടുത്ത മറുപടിയിൽ എന്തോ പിശകുണ്ടായിരുന്നു. അടുത്തൊരു അവസരത്തിൽ അത് തിരുത്തിയെടുക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. അവർ തോറ്റു. അവിടെയാണ് അവകാശ ലംഘനക്കേസിന്റെ തുടക്കം. പുതിയ സഭയിൽ നേതാജി സുഭാഷ് ബോസ് ഇനിയും മരിച്ചിട്ടില്ലെന്നു വിശ്വസിക്കുന്ന സമുന്നത ഫോർവേഡ് ബ്ലോക് നേതാവ് സമർ ഗുഹയായിരുന്നു അവകാശ സമിതിയുടെ അധ്യക്ഷൻ. ഇന്ദിരാ ഗാന്ധിയെ ഒതുക്കാനും ഒടുക്കാനും ഒരുങ്ങിയിരുന്നവരെല്ലാം കൂടി അവകാശലംഘനം വലിയൊരു കുറ്റമായി അവതരിപ്പിച്ചു.  ആർക്കും അറിയമായിരുന്നതുപോലെ, സഭയുടെ അവകാശം ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന വിധി വന്നു. അതിനു കൊടുക്കാവുന്ന ശിക്ഷ മുഴുവൻ കൊടുക്കണമെന്ന പക്ഷക്കാരിൽ മുമ്പനായിരുന്നു പ്രധാനമന്ത്രി മൊറാർജി ദേശായി. തടവിലിട്ടാൽ പോരാ, സഭയിൽനിന്നു പുറത്താക്കുകയും വേണമെന്നായിരുന്നു സഭയുടെ നിശ്ചയം.

 

അതിനുള്ള മറുപടിയായി ഇന്ദിരാ ഗാന്ധി ചെയ്ത പ്രസംഗം അവരുടെ ഉജ്വലമായ തിരിച്ചുവരവിന്റെ വിളംബരമായിരുന്നു. ഇന്ദിരാ ഗാന്ധിക്കെതിരെ സഭ കൈക്കൊണ്ട ആ തീരുമാനത്തിൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് പങ്കുണ്ടായിരുന്നില്ല. എന്തു ശിക്ഷ കൊടുത്താലും സഭാംഗത്വം റദ്ദാക്കിക്കൂടെന്നായിരുന്നു പാർട്ടിയുടെ അഭിപ്രായം.  ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ച ഒരാളെ പുറത്താക്കുന്നത് ജനങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യലാണെന്ന് പാർട്ടി വാദിച്ചു. സഭ ജനങ്ങളുടെ സൃഷ്ടിയാണ്, സഭയും ജനവും തമ്മിൽ വൈരുധ്യമുണ്ടാകുന്ന അവസ്ഥയിൽ ജനത്തിനൊപ്പമേ പാർട്ടി നിൽക്കുകയുള്ളൂ. സഭയുടെ അവകാശലംഘനത്തിന്റെ  പേരിൽ ജനപ്രതിനിധിയുടെ സഭാംഗത്വം റദ്ദാക്കിക്കൂടാ. സി.പി.എം ഔപചാരികമായി ആ നിലപാടെടുത്തപ്പോഴും മറ്റു ഭരണകക്ഷികൾ ഇന്ദിരാ ഗാന്ധിയെ പുറത്താക്കിയേ അടങ്ങൂ എന്ന വാദവുമായി മുന്നോട്ടു പോയി. അന്ന് സതീശന്റെ പാർട്ടിയുടെ വരിഷ്ഠ നേതാവിനു വേണ്ടി സി.പി.എം നിലകൊണ്ടത് അദ്ദേഹത്തിനോർമയുണ്ടോ? അദ്ദേഹത്തിന്റെ  അവകാശലംഘന പ്രമേയം നിയമസഭയിലെത്തിയാൽ മുഴങ്ങിക്കേൾക്കാവുന്നതാണ് ആ ചോദ്യം.


അവകാശലംഘനത്തെ പോലും പരിഹസിക്കുന്ന നിലപാടെടുത്തവരുടെ കഥയും പറയണം.അവകാശലംഘനത്തിന്റെ പേരിൽ സഭയിൽ വരുത്തി ശാസിക്കപ്പെട്ട ഒരേയൊരു പതാധിപരായിരുന്നില്ല തനിനിറം കൃഷ്ണൻ നായർ.  മന്ത്രിയായിരുന്ന സി.എം. സുന്ദരത്തെ അവഹേളിച്ചു എന്നൊരു കേസുണ്ടായി ചേറൂസ് എന്ന കുട്ടിപ്പത്രത്തിന്റെ അധിപനെതിരെ. കുറ്റം
തെളിയിക്കപ്പെട്ട്, ശിക്ഷിക്കപ്പെട്ട ചേറൂസ് സഭയിൽ ഹാജരാകാൻ കൂട്ടാക്കിയില്ല.  പിന്നെ വാറന്റ് ആയി.  സ്പീക്കറുടെ ആജ്ഞ പ്രകാരം പോലീസ് ചേറൂസിനെ പിടികൂടി സഭയിലെത്തിക്കാൻ ചെന്നു. ചേറൂസ് കുലുങ്ങിയില്ല. ശിക്ഷ ഏറ്റുവാങ്ങാൻ തിരുവനന്തപുരത്തേക്കുള്ള യാത്ര പോലീസകമ്പടിയോടെ നടത്തുന്ന വിനോദ സഞ്ചാരമാക്കി ചേറൂസ്.  അതിനിടെ ചില പത്രങ്ങൾക്ക് അഭിമുഖവും അനുവദിച്ചു.  ഒരു തരത്തിൽ നോക്കിയാൽ അത്രയേ ഉള്ളൂ അവകാശലംഘനവും ശിക്ഷയും എന്നു സ്ഥാപിക്കുകയായിരുന്നു ആ വികട പത്രാധിപർ!

Latest News