Sorry, you need to enable JavaScript to visit this website.

സെൻസെക്‌സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം വാരവും മികവിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ രണ്ട് ദശകത്തിനിടയിലെ എറ്റവും കനത്ത നിക്ഷേപത്തിന് വിദേശ ഫണ്ടുകൾ ഈ മാസം മത്സരിച്ച് ഓഹരി ഇൻഡക്‌സുകളെ റെക്കോർഡ് തലത്തിലേയ്ക്ക് ഉയർത്തി. സെൻസെക്‌സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം വാരവും മികവിലാണ്. സെൻസെക്‌സ് 439 പോയന്റും നിഫ്റ്റി 139 പോയന്റും വർധിച്ചു. പ്രമുഖ ഫാർമ്മ കമ്പനിയായ ഫൈസർ പുതിയ കോവിഡ് വാക്‌സിൻ ഇറക്കുമെന്ന വിവരം സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിന് വേഗത പകരാം. സമ്പദ്ഘടനയിൽ ഉണർവ് പ്രതീക്ഷിച്ച് ക്രൂഡ് ഓയിൽ അഞ്ച് മാസത്തെ ഉയർന്ന റേഞ്ചിലേയ്ക്ക് പ്രവേശിച്ച് എണ്ണ ഉൽപാദന രാജ്യങ്ങൾക്ക് ആശ്വാസം പകർന്നു. ഇന്ത്യൻ മാർക്കറ്റിലെ ബുൾ തരംഗം കൂടുതൽ ശക്തിപ്രാപിച്ചതിനൊപ്പം ഹൈവിവെയിറ്റ് ഓഹരികളുടെ വിലയും ഉയർന്നു. നവംബറിൽ വിദേശ ഫണ്ടുകൾ 46,251 കോടി രൂപയുടെ നിക്ഷേപം നടത്തി. നടപ്പ് സാമ്പത്തിക വർഷത്തെ അവരുടെ മൊത്തം നിക്ഷേപം 1.34 ലക്ഷം കോടിയാണ്. കഴിഞ്ഞ ഏഴ് മാസമായി അവർ ഇന്ത്യയിൽ വാങ്ങലുകാരാണ്. വിദേശ ഓപറേറ്റർമാരുടെ നീക്കം കണക്കിലെടുത്താൽ പുതുവർഷത്തിലും നിഷേപകരായി തുടരാം. സാധാരണ ഓഹരി വിപണിക്ക് നവംബർ നഷ്ടത്തിന്റെ മാസമാണ്.
ആഭ്യന്തര ഫണ്ടുകൾ നവംബറിൽ ഇതിനകം 32,600 കോടി രൂപയുടെ വിൽപന നടത്തി. തുടർച്ചയായ ആറാം മാസമാണ് അവർ വിൽപനകാരാവുന്നത്. ഐ.ടി, ഫാർമ, എനർജി ഓഹരികളെ അൽപം പിന്നിലാക്കി രണ്ടാഴ്ചയായി ബാങ്കിംഗ്, ഇൻഫ്രാസ്ട്രക്ചർ, സ്റ്റീൽ, എഫ്. എം.സി.ജി, ഓട്ടോ വിഭാഗങ്ങൾ മുന്നേറി. ബോംബെ സൂചിക ചരിത്രത്തിൽ ആദ്യമായി 44,000 കടന്നു. സെൻസെക്‌സ് മുൻനിര ഓഹരികളിലെ കനത്ത വാങ്ങലുകളുടെ പിൻബലത്തിൽ റെക്കോർഡായ 44,220 പോയന്റ് വരെ ഉയർന്ന ശേഷം 43,882 ൽ ക്ലോസ് ചെയ്തു. ഈവാരം 43,480 ലെ താങ്ങ് ആദ്യ പകുതിയിൽ നിലനിർത്തിയാൽ 44,257 ലേക്കും തുടർന്ന് 44,632 പോയന്റിലേയ്ക്കും ഉയരാനാവും.  
വ്യാഴാഴ്ച നടക്കുന്ന നവംബർ സീരീസ് സെറ്റിൽമെൻറ്റിന് ഒരുങ്ങുന്നതിനാൽ സൂചികയിൽ വൻ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. നിഫ്റ്റി സൂചിക 12,720 ൽ നിന്ന് റെക്കോർഡായ 12,963 വരെ കയറിയ ശേഷം 12,859 ൽ ക്ലോസിംഗ് നടന്നു. കഴിഞ്ഞവാരം വ്യക്തമാക്കിയ പ്രതിരോധമായ 12,870 ന് മുകളിൽ വാരാന്ത്യം ഇടം പിടിക്കാനാവാഞ്ഞത് ദുർബലാവസ്ഥയ്ക്കും ചാഞ്ചാട്ടത്തിനും ആക്കം കൂട്ടാം. ഈ വാരം നിഫ്റ്റിക്ക് 12,971 ൽ തടസ്സം പ്രതീക്ഷിക്കാം. ഇത് മറികടന്നാൽ 13,083 പോയിന്റിലേയ്ക്കും ഡിസംബറിൽ 13,316 ലേയ്ക്കും സൂചികയുടെ ദൃഷ്ടി തിരിയാം. ഈ വാരം ആദ്യ ദിനങ്ങളിൽ വിൽപനക്കാർ പിടിമുറുക്കിയാൽ 12,738 ലും 12,617 പോയന്റിൽ സപ്പോർട്ടുണ്ട്. സെക്കൻന്റ് സപ്പോർട്ട് നിലനിൽക്കുവോളും ബുള്ളുകളുടെ ആധിപത്യം തുടരും. 
വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 48 പൈസ മെച്ചപ്പെട്ട് 74.11 ലേയ്ക്ക് നീങ്ങി. ഈവാരം വിനിമയ നിരക്ക് 73.50 75 രൂപ റേഞ്ചിൽ നീങ്ങാം. യു.എസ് ഫെഡ് റിസർവും, യുറോപ്യൻ കേന്ദ്ര ബാങ്കും, ബാങ്ക് ഓഫ് ഇംഗഌണ്ടും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക  പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജിനുള്ള ഒരുക്കത്തിലാണ്. കേന്ദ്ര ബാങ്കുകളുടെ നീക്കം ഓഹരി വിപണിയിലേയ്ക്ക് കൂടുതൽ പണം  എത്തിക്കാം.  
ആഗോള ക്രൂഡ് ഓയിലിൽ മുന്നേറ്റം. ഏപ്രിൽ മെയ് കാലയളവിൽ കനത്ത തകർച്ചയിൽ അകപ്പെട്ട എണ്ണ മാർക്കറ്റിന്റെ തിരിച്ചു വരവ് ഉൽപാദന രാജ്യങ്ങൾക്ക് നേട്ടമാവം. എണ്ണ വില രണ്ട് ഡോളർ ഉയർന്ന് ബാരലിന് 42 ഡോളറിലെത്തി. സാമ്പത്തിക മേഖല മികവ് കാണിക്കുമെന്ന വിലയിരുത്തൽ എണ്ണക്ക് ഡിമാന്റ്് ഉയർത്തി.
അന്താരാഷ്ട്ര സ്വർണ വില താഴ്ന്നു. ഫണ്ടുകൾ സ്വർണത്തിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ ട്രോയ് ഔൺസിന് 1890 ഡോളറിൽ നിന്ന് 1857 ലേക്ക് ഇടിഞ്ഞങ്കിലും പിന്നീട് 1870 ഡോളറായി.  

 


 

Latest News