Sorry, you need to enable JavaScript to visit this website.

റബർ വിലയുടെ ഉയർച്ചക്ക് ടയർ ലോബി തടയിടുന്നു

ഇന്ത്യൻ റബർ വില രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിന് ടയർ ലോബി തടയിടുന്നു. നാളികേര ക്ഷാമം രൂക്ഷം, സ്റ്റോക്കിസ്റ്റുകൾ കൊപ്രയിൽ പിടിമുറുക്കി. വിളവെടുപ്പ് അടുത്തതോടെ കുരുമുളക് പുതിയ ദിശയിലേയ്ക്ക് തിരിയുമെന്ന പ്രതീക്ഷയിൽ വാങ്ങലുകാർ. കോവിഡ് വാക്‌സിൻ വരവ് കണ്ട് ഫണ്ടുകൾ സ്വർണ വിൽപനയ്ക്ക് ഉത്സാഹിച്ചു. 
അന്താരാഷ്ട്ര റബർ വില ഉയരുന്നത് നേട്ടമാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ കർഷകരെങ്കിലും വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ ടയർ ലോബി നീക്കം തുടങ്ങി. ബാങ്കോക്കിൽ ഇന്ത്യൻ നിരക്കിനെക്കാൾ ക്വിൻറ്റലിന് 1250 രൂപ ഉയർന്ന് 16,859 രൂപയിലാണ്. ആഭ്യന്തര റബർ മാർക്കറ്റിനെ തഴഞ്ഞ് ഇറക്കുമതിക്ക് മുതിർന്നാൽ കൈപൊള്ളുമെന്ന്  ടയർ നിർമാതാക്കൾക്ക് വ്യക്തമായി അറിയാം. അതേ സമയം കേരളത്തിൽ ഷീറ്റ് വില ഉയരുന്നത് വ്യവസായികളെ സമ്മർദത്തിലുമാക്കി. ഇവിടെ നിന്നുള്ള സംഭരണം കുറച്ച് വിലക്കയറ്റത്തെ പിടിച്ചു നിർത്താനുള്ള നീക്കത്തിലാണ് വ്യവസായികൾ. നാലാം ഗ്രേഡ് റബർ 15,600 രൂപയിലും അഞ്ചാം ഗ്രേഡ് 15,000 രൂപയിലുമാണ്. ലാറ്റക്‌സ് 10,000 രൂപയിൽ സ്റ്റെഡി. നാളികേര കർഷകർ പുതിയ സീസണിനെ ഉറ്റുനോക്കുന്നു. അടുത്ത മാസം വിളവെടുപ്പിന് സജ്ജമായ തെങ്ങിൽ തോപ്പുകളിൽ നിന്നുള്ള പച്ചതേങ്ങയുടെ വരവിനായി കാത്ത് നിൽക്കുകയാണ് കൊപ്ര ഉൽപാദകർ. അതേ സമയം കൈവശമുള്ള കൊപ്ര വിൽപനക്ക് ഇറക്കാൻ സ്റ്റോക്കിസ്റ്റുകൾ താൽപര്യം കാണിച്ചില്ല. വരവ് കുറഞ്ഞതോടെ കൊപ്ര വില 11,680 ൽ നിന്ന് 11,925 രൂപയായി. ഉൽപാദനം കുറയുമെന്ന സൂചനകളാണ് സ്റ്റോക്കിസ്റ്റുകളെ ചരക്ക് പിടിക്കാൻ പ്രേരിപ്പിക്കുന്നത്. പുതിയ ചരക്ക് സജ്ജമായാലും ക്രിസ്തുമസ് വരെ 10,500 ലെ താങ്ങ് നിലനിർത്താൻ കൊപ്രയ്ക്കാവും. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 400 രൂപ വർധിച്ച് 17,800 രൂപയായി. 
തെക്കൻ കേരളത്തിൽ മൂപ്പ് കുറഞ്ഞ കുരുമുളക് വിളവെടുപ്പ് തുടങ്ങി. ഹൈറേഞ്ചിലും വയനാട്ടിലും മറ്റ് ഭാഗങ്ങളിലും മുളക് മണികൾ മൂത്ത് തുടങ്ങുന്നതേയുള്ളു. മഴയുടെ അഭാവം വിളവിനെ ബാധിക്കുമെന്നതിനൽ ഉൽപാദനം കുറയുമെന്നാണ് കർഷകരുടെ പക്ഷം. ക്രിസ്തുമസ് ന്യൂ ഇയറിനുള്ള മുളക് സംഭരണം രാജ്യാന്തര വിപണിയിൽ പുരോഗമിക്കുന്നു. ഇന്ത്യൻ മുളകിന് വിദേശ ആവശ്യക്കാരില്ല, നിരക്ക് ടണ്ണിന് 5000 ഡോളറായി ഉയർന്ന് നിൽക്കുന്നതാണ് വിദേശ ഓർഡറിന് തടസ്സമായത്. ബ്രസീലും ഇന്തോനേഷ്യയും ടണ്ണിന് 3000 ഡോളറിനും വിയെറ്റ്‌നാം 2900 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കയുടെ നിരക്ക് 4000 ഡോളർ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 33,000 രൂപ. സ്വർണ വില താഴ്ന്നു. പവൻ 38,160 രൂപയിൽ നിന്ന് 37,520 ലേയ്ക്ക് ഇടിഞ്ഞ ശേഷം ശനിയാഴ്ച പവൻ 37,680 രൂപയിലാണ്. ഗ്രാമിന് വില 4710 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1889 ഡോളറിൽ നിന്ന് 1870 ഡോളറായി.
 

Latest News