Sorry, you need to enable JavaScript to visit this website.

പ്രളയബാധിതരായ ഒന്നര ലക്ഷം പേർക്ക് സഹായമെത്തിച്ച് ഹാബിറ്റാറ്റ്

കോർപറേറ്റ് ഫണ്ട് ഉപയോഗിച്ച് സന്നദ്ധ പ്രവർത്തനം

കോർപറേറ്റ് ബിസിനസ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിൽ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ എന്ന ഗവൺമെന്റേതര സംഘടന. 2018 ലെ പ്രളയത്തെത്തുടർന്ന് ദുരിതത്തിലായ കേരളത്തിലെ ഒന്നര ലക്ഷം കുടുംബങ്ങൾക്കാണ് ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ കൈത്താങ്ങായത്. ഇതിൽ പുതിയ വീട് ലഭിച്ചവരും തകർന്ന വീടുകൾ പുതുക്കിപ്പണിതു കിട്ടയവരും പണവും ജീവനോപാധികളും ലഭിച്ചവരുണ്ട്. 
രാജ്യത്തെ പ്രമുഖ കമ്പനികളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്. 2018 ൽ ആരംഭിച്ച റീബിൽഡിംഗ് കേരള പദ്ധതിയുടെ ഏറ്റവുമൊടുവിലത്തെ ഗുണഭോക്താക്കളായത് കോട്ടയം ജില്ലയിലെ മുണ്ടാർ ദ്വീപിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട 236 കുടുംബങ്ങളാണ്. ഇത്രയും പേർക്ക് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഭൂകമ്പവും പ്രളയവും ചെറുക്കുന്ന ചെലവുകുറഞ്ഞ വീടുകളാണ് ഹാബിറ്റാറ്റ് നിർമിച്ചു നൽകിയത്. ഇതിന്റെ അവസാന ഘട്ടമായി 26 വീടുകളുടെ താക്കോൽ കഴിഞ്ഞ ദിവസം കൈമാറി. എച്ച്.ഡി.എഫ്.സി ബാങ്കാണ് മുണ്ടാറിലെ വീടുകളുടെ നിർമാണ ചെലവ് ഏറ്റെടുത്തത്. 
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളടക്കം പ്രളയം നാശം വിതച്ച കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിൽ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുടെ പ്രവർത്തകർ സന്നദ്ധ സേവനവുമായി എത്തിയിരുന്നു. പ്രളയജലം ഇറങ്ങിയ ഉടൻ ജീവനോപാധികൾ വിതരണം ചെയ്താണ് ഇതിന് തുടക്കം കുറിച്ചത്. ആലുവയിൽനിന്ന് തുടങ്ങിയ ദൗത്യം പിന്നീട് കേരളമാകെ വ്യാപിപ്പിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി നടപ്പിലാക്കിയ റീബിൽഡ് കേരള പദ്ധതി അതിന്റെ പൂർത്തീകരണത്തോടടുക്കുകയാണ്. കർണാടക സ്വദേശിയായ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി മാനേജിംഗ് ഡയറക്ടർ രാജൻ സാമുവലാണ് ദൗത്യത്തിന് നായകത്വം വഹിക്കുന്നത്. പ്രളയത്തിന് ശേഷം രാജൻ സാമുവലിന്റെ പ്രവർത്തനം പ്രധാനമായും കേരളത്തിലാണ് കേന്ദ്രീകരിച്ചത്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ പ്രകൃതിദുരന്തം നേരിടുന്നവർക്ക് കൈത്താങ്ങായി എത്തുന്ന സംഘടനയാണ് ഹാബിറ്റാറ്റ്. 2014 ൽ ഉണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് നാമവശേഷമായ ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പെഡ്ഡ ബിദ്ദ ഗ്രാമത്തെ മാതൃകാ ഗ്രാമമായി പുതുക്കിപ്പണിതത് ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യയാണ്. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാബിറ്റാറ്റിന്റെ വളണ്ടിയർ സേന പ്രവർത്തിക്കുന്നു. ജാക്വിലിൻ ഫെർണാണ്ടസിനെ പോലുള്ള ബോളിവുഡ് താരങ്ങളാണ് ഹാബിറ്റാറ്റിന്റെ ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കുന്നത്. മുണ്ടാറിലെ വീടുകൾ കൂടി കൈമാറിയതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്ഥാനം നേടിയ ഈ മാതൃകാ പുനരധിവാസ പദ്ധതിയുടെ സമാപനം കുറിച്ചതായി രാജൻ സാമുവൽ അറിയിച്ചു. സി.കെ. ആശ എം.എൽ.എ വെർച്വൽ പ്ലാറ്റ്ഫോം വഴി വീടുകളുടെ താക്കോൽ ദാന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. എച്ച്.എസ്.ബി.സി ഇന്ത്യ കോർപറേറ്റ് സസ്്റ്റെയനബിലിറ്റി വിഭാഗം മേധാവി അലോഗ മജൂംദാർ മുഖ്യാതിഥിയായിരുന്നു. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ സാമുവൽ, സ്വയം ശിക്ഷൺ പ്രയോഗ് സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രേമാ ഗോപാലൻ, മരിയ പെരേസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രവീൺ പോൾ, ബേബി ടി വർഗീസ് എന്നിവർ വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു. പി. ചന്ദ്രൻ നന്ദി പറഞ്ഞു.
 

Latest News