Sorry, you need to enable JavaScript to visit this website.

പോലീസ് നിയമഭേദഗതി, തിരുത്തിച്ചത് യെച്ചൂരി

തിരുവനന്തപുരം - മുഖ്യധാരാ മാധ്യമങ്ങളെ അടക്കം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ട് ഭേദഗതി പിൻവലിക്കാൻ കാരണമായത് സി.പി.എം ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ. ഇന്നലെ രാത്രി തന്നെ ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഭേദഗതി ഒരു നിലക്കും നടപ്പിൽ വരുത്തരുതെന്ന ശക്തമായ നിലപാട് കേന്ദ്രം സ്വീകരിച്ചു. ദേശീയ തലത്തിൽ തന്നെ ഇത്തരം നിയമങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന സി.പി.എമ്മിന് കേരളത്തിൽ സമാനനിയമം നടപ്പാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവർ വ്യക്തമാക്കി. ഇതിന് പുറമെ സി.പി.എം അനുകൂല കേന്ദ്രങ്ങൾ പോലും നിയമത്തിനെതിരെ രംഗത്തെത്തി. കാര്യമായ ചർച്ചകളില്ലാതെയാണ് നിയമം നടപ്പാക്കിയത് എന്ന വിമർശനവും ഉയർന്നു. തുടർന്നാണ് ഇന്ന് രാവിലെ തന്നെ നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത്. അതേസമയം, ഭേദഗതി പിൻവലിച്ച് ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ നിയമം നിലനിൽക്കും. 
സ്ത്രീകൾക്കെതിരായുള്ള സൈബർ അതിക്രമങ്ങളെ ചെറുക്കാൻ എന്ന പേരിൽ കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതി മാധ്യമങ്ങളെ വരുതിയിലാക്കാനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്.  പോലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി കൊണ്ടുവന്നിരുന്നത്.  ഇതനുസരിച്ച് ഒരു വാർത്തക്കെതിരെ ആർക്കു വേണമെങ്കിലും മാധ്യമ പ്രവർത്തകർക്കെതിരെയോ മാധ്യമ സ്ഥാപനത്തിനെതിരെയോ ഏതു പോലീസ് സ്റ്റേഷനിലും പരാതി നൽകാം. ആരും പരാതി നൽകിയില്ലെങ്കിൽ പോലീസിന് സ്വമേധയാ കേസെടുക്കാം. വാർത്തയിലൂടെ ഒരാൾക്ക് മാനഹാനി ഉണ്ടായെന്ന് തോന്നിയാൽ മറ്റാർക്കു വേണമെങ്കിലും പരാതി നൽകാം.
ജാമ്യമില്ലാത്ത വകുപ്പ് ആയതിനാൽ അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യാൻ മജിസ്‌ട്രേറ്റിന്റെ അനുമതിയോ വാറണ്ടോ ആവശ്യവുമില്ല. ശിക്ഷയായി അഞ്ചു വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി എന്നിവ ഉൾക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസെടുക്കാം. ഭേദഗതിയിലൂടെ മാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള നീക്കമാണിതെന്ന് വിമർശനമുയർന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതി നടപ്പാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ അവകാശ വാദം.
 

Latest News