Sorry, you need to enable JavaScript to visit this website.

അമേരിക്കക്കാരെ റഷ്യ സ്വാധീനിച്ചത് ഫേസ്ബുക്ക് വഴി

ന്യൂയോര്‍ക്ക്- അമേരിക്കയിലെ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ റഷ്യ നടത്തിയ നീക്കങ്ങള്‍ക്ക് തെളിവായി പുതിയ ഫേസ്ബുക്ക് ഡാറ്റ.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റഷ്യയില്‍ നിന്നുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുന്ന കണ്ടന്റ് അമേരിക്കയിലെ 126 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കള്‍ കണ്ടുവെന്ന് ഫേസ്ബുക്ക് പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും ഫേസ്ബുക്കിനെ റഷ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 80,000 പോസ്റ്റുകള്‍ 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമായിരുന്നെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

സ്വീകാര്യതയുള്ള സൈറ്റുകളില്‍ റഷ്യയുടെ സ്വാധീനം അന്വേഷിക്കുന്ന സെനറ്റ് സമിതിക്ക് കണക്കുകള്‍ കൈമാറുന്നതിന് മുന്നോടിയയാണ് ഫേസ്ബുക്ക് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഫേസ്ബുക്കിനെ കൂടാതെ ട്വിറ്റര്‍, ഗൂഗിള്‍ എന്നീ കമ്പനികളില്‍ നിന്നുള്ള ഡാറ്റയും സമിതി പരിശോധിക്കുന്നുണ്ട്.

ഹിലരി ക്ലിന്‍നെ തോല്‍പിച്ച് ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ തെരഞ്ഞെടുപ്പില്‍ പൊതുജനാഭിപ്രായം സ്വാധീനിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് ഈ ഫേസ്ബുക്ക് പോസ്റ്റുകളുടെ കണക്കുകള്‍ പുറത്തു വരുന്നത്.

റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുള്ള ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയാണ് 2015 ജൂണിനും 2017 ഓഗസ്റ്റിനുമിടയില്‍ 12.6 കോടി അമേരിക്കക്കാരിലേക്ക് ഫേസ്ബുക്ക് വഴി സന്ദേശങ്ങളെത്തിച്ചത്. അമേരിക്കയിലെ മൊത്തം വോട്ടര്‍മാരുടെ പകുതിയോളം വരുമിത്. ഇതോടെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് റഷ്യ ട്രംപിന് അനൂകലമായ ഓളം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ബലപ്പെട്ടിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള പോസ്റ്റുകള്‍ 29 ദശലക്ഷം അമേരിക്കക്കാരിലേക്ക് നേരിട്ടെത്തിയിട്ടുണ്ട്. ഇത് ഏകദേശം 126 ദശലക്ഷം പേര്‍ കണ്ടിട്ടുണ്ടാകുമെന്നും ഫേസ്ബുക്ക് അഭിഭാഷകന്‍ സെനറ്റ് സമിതിക്കു സമര്‍പ്പിച്ച റിപ്പേര്‍ട്ടില്‍ പറയുന്നു.

2015നും 2017നും ഇടയില്‍ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്ത പരസ്യങ്ങള്‍ 11.4 ദശലക്ഷം പേര്‍ കണ്ടതായും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ഈ ഏജന്‍സിയുമായി ബന്ധമുള്ള പേജുകളിലെ ഉള്ളടക്കമെത്തിയത് പത്തിരട്ടി അധികം പേരിലാണ്. എന്നാല്‍ ഈ പേജിലെ ഉള്ളടക്കം ഫേസ്ബുക്കിന്റെ മൊത്തം ഉള്ളടക്കത്തിന്റെ ചെറിയൊരു അംശം മാത്രമാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. റഷ്യന്‍ ബന്ധമുള്ള ഉള്ളടക്കത്തിന്റേയും പോസ്റ്റുകളുടേയും പരസ്യങ്ങളുടേയും കണക്കുകള്‍ ട്വിറ്ററും ഗൂഗിളും സെനറ്റ് സമിതിക്കു സമര്‍പ്പിച്ചിട്ടുണ്ട്.

 

Latest News