കൊച്ചി- മനുഷ്യ ശരീരത്തിലെ ഒരിനം ബാക്ടീരിയയെ ജനിതക മാറ്റത്തിലൂടെ വയറിളക്കത്തിന് കാരണമാകുന്ന മറ്റൊരു ബാക്ടീരിയക്കെതിരെ ഉപയോഗിക്കാമെന്ന് അമേരിക്കയിലെ മേരിലാന്റ് സ്‌കൂൾ ഓഫ് മെഡിസിൻ സർവകലാശാലയിലെ പ്രമുഖ ആരോഗ്യ വിദഗ്ധൻ പ്രൊഫ. കോളിൻ സ്‌റ്റൈൻ അഭിപ്രായപ്പെട്ടു.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി കൊച്ചിയിൽ സംഘടിപ്പിച്ച പതിനാലാമത് ഏഷ്യൻ കോൺഫറൻസ് ഓൺ ഡയേറിയൽ ഡിസീസ് ആൻഡ് ന്യൂട്രീഷൻ(അസ്‌കോഡ്) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടൽ സംബന്ധിയായ രോഗങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിയ പ്രൊഫ. സ്‌റ്റൈൻ ശരീരത്തിനുള്ളിലും പ്രകൃതിയിലും ജനിതകഘടന പുനഃക്രമീകരിച്ച് അതിസാരത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു.
ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന അതിസാരം ശമിപ്പിക്കാനാണ് ഈ ആന്റിബയോട്ടിക് രീതി ഉപയോഗിക്കുന്നത്. ആമാശയത്തിനും കുടലിനുമിടയിൽ കാണപ്പെടുന്ന ലാക്ടോബാസിലസ് സലൈവേരിയസ് എന്ന ബാക്ടീരിയയിലാണ് ജനിതകമാറ്റം വരുത്തുന്നത്. ഇത് ഷിഗെല്ലയുടെ കോശഭിത്തിയിൽ ഹൈഡ്രോളിസിസ് എന്ന പ്രക്രിയ നടത്തുകയും രോഗാണു വ്യാപനം തടയുകയും ചെയ്യും.
ഇരു ബാക്ടീരിയയെയും ഒരു രാത്രി മുഴുവൻ കൾച്ചർ ചെയ്തു ലഭിച്ച ദ്രാവകത്തിൽ ഷിഗെല്ലയുടെ വളർച്ച ലാക്ടോബാസിലസ് സലൈവേരിയസ് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. ഷിഗെല്ല ബാധിതരായ കുട്ടികളെ രക്ഷിക്കാൻ ഈ രീതി സഹായിക്കുമെന്ന് പ്രൊഫ. കോളിൻ സ്‌റ്റൈൻ പറഞ്ഞു.
ആന്തരിക രോഗപ്രതിരോധ ശേഷിയും പ്രതിരോധ തുള്ളിമരുന്നും കുടൽ സംബന്ധിയായ രോഗങ്ങളിൽ നിന്നുള്ള പരിരക്ഷ, പ്രതിരോധ മരുന്നുകൾ, സുരക്ഷാ പരിശോധനകൾ, ആർസനികും ആരോഗ്യവും, രോഗാണു പ്രതിരോധം, അതിസാരരോഗ നിയന്ത്രണം, പ്രാദേശിക അനുഭവങ്ങൾ എന്നീ വിഷയങ്ങളിൽ രണ്ടാം ദിനം വിവിധ സെഷനുകൾ നടന്നു.
ഈ മേഖലയിലെ പ്രശസ്തമായ ബംഗ്ലാദേശിലെ ഇന്റർനാഷനൽ ഡയേറിയൽ ഡിസീസ് റിസർച്ച് സെന്റർ(ഐസിഡിഡിആർ), ഫരീദാബാദിലെ ട്രാൻസ്‌ലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റിയൂട്ട്(ടിഎച്ച്എസ്ടിഐ), ഇൻക്ലെൻ ട്രസ്റ്റ് ഇന്റർനാഷനൽ(ഇൻക്ലെൻ ഇന്റ്), കൊൽക്കത്ത നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോളറ ആൻഡ് എൻട്രിക് ഡിസീസസ് എന്നിവയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് സമ്മേളനവുമായി സഹകരിക്കുന്നത്.






