ഗ്രൂപ്പ്, സമുദായ സന്തുലനം ഉണ്ടായില്ലെന്നു പരിഭവം
കൽപറ്റ- പുനഃസംഘടിപ്പിച്ച കെ.പി.സി.സിയിൽ ഇടം കിട്ടാത്തതിൽ ഉള്ളുനൊന്ത് കഴിയുന്ന കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ നിരവധി. പാർട്ടിയുടെ അടുത്ത സംസ്ഥാന അധ്യക്ഷൻ കെ.പി.സി.സിയിലേക്ക് നടത്തുന്ന നാമനിർദേശത്തിലാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. കെ.പി.സി.സി അംഗങ്ങളെ നിർണയിച്ചപ്പോൾ ജില്ലയിൽ ഗ്രൂപ്പ്, സമുദായ സന്തുലനം പാലിച്ചില്ലെന്ന പരിഭവവും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യാപകമാണ്.
ജില്ലയിലെ കൽപറ്റ, മീനങ്ങാടി, ബത്തേരി, മാനന്തവാടി, പനമരം, വൈത്തിരി പാർട്ടി ബ്ലോക്കുകളിൽനിന്നു ആറു പേരാണ് നിലവിൽ പ്രദേശ കോൺഗ്രസ് കമ്മിറ്റിയിൽ. ഇതിൽ കെ.സി. റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, എൻ.ഡി. അപ്പച്ചൻ, പി.പി. ആലി എന്നിവർ പാർട്ടിയിലെ എ ഗ്രൂപ്പിൽനിന്നുള്ളവരാണ്. ഗ്രൂപ്പ് ബലത്തിൽ ജില്ലയിലെ കോൺഗ്രസ് പോക്കറ്റുകളിൽ പലേടത്തും ഒന്നാം സ്ഥാനത്തുള്ള ഐ വിഭാഗത്തിൽനിന്നു ഡി.സി.സി മുൻ പ്രസിഡന്റുമാരുമായ പി.വി. ബാലചന്ദ്രൻ, കെ.എൽ. പൗലോസ് എന്നീ രണ്ട് അംഗങ്ങൾ മാത്രമാണ് കെ.പി.സി.സിയിലുള്ളത്. ജില്ലയിൽനിന്നുള്ള കെ.പി.സി.സി അംഗത്വം തുല്യമായി വീതിക്കണമെന്ന ഐ ഗ്രൂപ്പിന്റെ ശാഠ്യം വിലപ്പോയില്ല.
പഴയ കെ.പി.സി.സിയിൽ ഉണ്ടായിരുന്നവരിൽ പലർക്കും പുതിയ കമ്മിറ്റിയിൽ ഇടം കിട്ടിയില്ല. കെ.കെ. രാമചന്ദ്രൻ, കെ.കെ. വിശ്വനാഥൻ, പ്രൊഫ.കെ.പി. തോമസ്, സി.പി. വർഗീസ്, മംഗലശേരി മാധവൻ, കെ.വി. പോക്കർ ഹാജി, എ. പ്രഭാകരൻ, അഡ്വ.എൻ.കെ. വർഗീസ് എന്നിങ്ങനെ നീളുന്നതാണ് ഇവരുടെ നിര. ജില്ലയിൽനിന്നുള്ള കെ.പി.സി.സി സെക്രട്ടറിമാരായിരുന്ന കെ.കെ. അബ്രഹാം, എം.സി. വിശ്വനാഥൻ എന്നിവരും പുതിയ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ കെ.പി.സി.സിയിൽ ജില്ലയിൽനിന്നു 14 പേരാണ് ഉണ്ടായിരുന്നത്.
കെ.പി.സി.സിയിൽ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ കുണ്ഠിതത്തിലാണ് ക്രൈസ്തവരിലെ യാക്കോബായ വിഭാഗം. ഈ വിഭാഗത്തിൽനിന്നുള്ളവരാണ് പ്രൊഫ.കെ.പി. തോമസ്, കെ.കെ. അബ്രഹാം, അഡ്വ.എൻ. കെ. വർഗീസ് എന്നിവർ. പുതിയ കമ്മിറ്റിയിൽ ജില്ലയിൽനിന്നു ഉൾപ്പെട്ടതിൽ എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, കെ.സി. റോസക്കുട്ടി എന്നിവർ റോമൻ കാത്തലിക് വിഭാഗക്കാരാണ്. പഴയ കെ.പി.സി.സിയിൽ ഉണ്ടായിരുന്നതിൽ ക്രൈസ്തവ സഭയിലെ മലങ്കര റീത്ത് വിഭാഗക്കാരനാണ് സി.പി. വർഗീസ്.
ആദിവാസി വിഭാഗങ്ങളിൽ എക്കാലവും കോൺഗ്രസിനു ഒപ്പം നിൽക്കുന്ന കുറുമ വിഭാഗവും നിരാശയിലാണ്. ആദിവാസികളിലെ കുറിച്യ സമുദായക്കാരിയാണ് കെ.പി.സി.സിയിലെത്തിയ മുൻ മന്ത്രിയായ പി.കെ. ജയലക്ഷ്മി. ഇതേ വിഭാഗക്കാരനാണ് ഡി.സി.സി പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. എന്നിരിക്കെ കോൺഗ്രസ് നേതൃത്വം പിന്നേയും തഴഞ്ഞുവെന്ന പരാതിയിലാണ് കുറുമ സമുദായം. കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ്. വിശ്വനാഥൻ, എടക്കൽ മോഹനൻ എന്നിവർ ഈ വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ്. ജില്ലയിൽനിന്നു ഈഴവ-തിയ്യ വിഭാഗങ്ങൾക്കും കെ.പി.സി.സിയിൽ പ്രാതിനിധ്യം ലഭിച്ചില്ല. എം.എം. രമേശൻ, ആർ.പി. ശിവദാസ്, പി.എം. സുധാകരൻ, ചന്ദ്രൻ വെള്ളമുണ്ട എന്നിവർ ഈ വിഭാഗങ്ങളിൽനിന്നുള്ള നേതാക്കളാണ്.
പാർട്ടി അധ്യക്ഷനാണ് കെ.പി.സി.സിയിലേക്ക് പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടത്. പുതിയ പ്രസിഡന്റ് ആരായിരിക്കുമെന്നും എപ്പോൾ ചുമതലയേൽക്കുമെന്നതിലും അവ്യക്തത നിലനിൽക്കുകയാണ്. കെ.പി.സി.സിയിലേക്ക് 45 പേരെ നാമനിർദേശം ചെയ്യാനാണ് നേതൃതലത്തിൽ ധാരണ. എ, ഐ ഗ്രൂപ്പുകളിൽനിന്നു 20 പേരെ വീതവും ഗ്രൂപ്പുകൾക്കു പുറത്തുനിന്നു അഞ്ചു പേരെയുമാണ് ഉൾപ്പെടുത്തുക. നാമനിർദേശം നടക്കുമ്പോൾ പരിഗണന ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ജില്ലയിലെ നേതാക്കളിൽ പലരും.