സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മകന്‍ അഛനെ കൊലപ്പെടുത്തി

റൂര്‍ക്കല-സര്‍ക്കാര്‍ ജോലി ലഭിക്കാന്‍  55 കാരനായ അഛനെ  മകന്‍ കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ സിസിഎല്‍ കമ്പനിയിലെ ജീവനക്കാരനായ കൃഷ്ണ റാം ആണ് മരിച്ചത്. സംഭവത്തില്‍ 35 കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിയിലിരിയ്‌ക്കെ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ജോലി ലഭിയ്ക്കും എന്നതിനാല്‍ ജോലി ലഭിയ്ക്കാനായി മകന്‍ കഴുത്തറുത്ത് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. അഛനെ  കൊലപ്പെടുത്താന്‍ മകന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അഛന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയാണ് മകന്‍ അച്ഛനെ കൊലപ്പെടുത്തിയത്, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 

Latest News