Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

സമ്പൂർണ സ്വരാജ് ആശയത്തിലൂന്നി  യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം- 'പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ' എന്ന മുദ്രാവാക്യം ഉയർത്തി സമ്പൂർണ ഗ്രാമസ്വരാജ് എന്ന ആശയത്തിലൂന്നിയ യു.ഡി.എഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പ്രകാശനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. സുതാര്യവും സുസ്ഥിര വികസനവും മുന്നിൽ കണ്ടുള്ള സത്യസന്ധമായ ഭരണമാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ തങ്ങൾ ജനങ്ങൾക്കു നൽകുന്ന വാഗ്ദാനമെന്ന് അദ്ദേഹം പ്രസ്താവിച്ചു. 
കോവിഡ് മഹാമാരിയുടെ കാലത്ത് തദ്ദേശ സ്ഥാപനങ്ങളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച സർക്കാരാണിത്. കോവിഡ് പ്രതിരോധത്തിനും സുരക്ഷാ മാനദണ്ഡങ്ങൾക്കും മറ്റുമായി തദ്ദേശ സ്ഥാപനങ്ങളെയാണ് സർക്കാർ മുന്നിൽ നിർത്തിയത്. എന്നാൽ അവർക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചില്ല. തനതു ഫണ്ടിൽ നിന്നു പണം കണ്ടെത്താനായിരുന്നു നിർദേശം. തനതു ഫണ്ടിൽ പണമില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽ നിന്നു പണം വകയിരുത്തി. ഇതുമൂലം കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ മിക്ക പഞ്ചായത്ത് നഗരസഭകളിലും വികസന പദ്ധതികളെല്ലാം മുടങ്ങിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 


യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ സ്ഥിതിക്കു മാറ്റമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ദാരിദ്ര്യമില്ലാത്ത കേരളമാണ് തദ്ദേശ സ്ഥാപനങ്ങളിലൂടെ ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. കയർ, കശുവണ്ടി, കൈത്തറി, മത്സ്യബന്ധനം എന്നീ മേഖലകളിലെ ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകും. അഴിമതിയും കൊള്ളയും സ്വജന പക്ഷപാതവും അവസാനിപ്പിക്കും, അഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കും. അധികാരം തിരുവനന്തപുരത്തു കേന്ദ്രീകരിക്കുന്നതിന് പകരം ഗ്രാമങ്ങളിലേക്കു വഴിതിരിച്ചുവിടുമെന്നും ചെന്നിത്തല വിശദീകരിച്ചു.


01. പൗരസമൂഹത്തോട് പൂർണ ഉത്തരവാദിത്തം 02. ദാരിദ്ര്യമില്ലാത്ത കേരളം, 03. എസ്.സി, എസ്.ടി, മത്സ്യത്തൊഴിലാളി, കൈത്തറി ഉപപദ്ധതി 04. സ്ത്രീകൾക്ക് തുല്യത, സുരക്ഷ, വളർച്ച 05. സമ്പൂർണ മാലിന്യമുക്തി 06. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രത്യേക സഹായം 07. ഉയർന്ന പൗരബോധം ലക്ഷ്യം 08. തർക്കരഹിത ഗ്രാമങ്ങൾ, നഗരങ്ങൾ 09. അനാഥരെ ദത്തെടുക്കുന്ന സംവിധാനം 10. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനും, സുരക്ഷിതത്വത്തിനും, ആരോഗ്യപരിപാലത്തിനും പ്രത്യേക പദ്ധതികൾ എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകടന പത്രിക ഏറ്റുവാങ്ങി. ഇതിനുപുറമെ, അതതു പ്രദേശത്തിന്റെ വികസനം മുൻനിർത്തി പ്രാദേശിക പ്രകടന പത്രിക തയാറാക്കി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.


അഴിമതി ആചാരമാക്കിയ ഇടതു ഭരണത്തിൽനിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ആദ്യപടിയാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. സി.പി.എം. ഭരണത്തിൽ ത്രിതല പഞ്ചായത്തുകളെ വികസനത്തിന്റെ ശവപ്പറമ്പുകളാക്കി മാറ്റി. സാമ്പത്തികമായി വീർപ്പുമുട്ടിച്ച് ത്രിതല പഞ്ചായത്ത് സംവിധാനത്തെ തകർത്തു. പഞ്ചായത്ത് രാജ് സംവിധാനമായി ഒരു വൈകാരിക ബന്ധവും സി.പി.എമ്മിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അദ്ധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, സി.എം.പി. നേതാവ് എം.പി. സാജു, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സംബന്ധിച്ചു.

 

Latest News