Sorry, you need to enable JavaScript to visit this website.

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെഡിക്കൽ  ബോർഡ് പരിശോധിച്ചു, റിപ്പോർട്ട് ഉടൻ നൽകും

കൊച്ചി - പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ റിമാന്റിൽ കഴിയുന്ന മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മെഡിക്കൽ ബോർഡ് പരിശോധിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വി. കെ. ഇബ്രാഹിംകുഞ്ഞ് റിമാന്റിൽ കഴിയുന്നത്. മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശപ്രകാരമായിരുന്നു മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ചു വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്. ഇന്നലെ രാവിലെ 11 ഓടെയാണ് മെഡിക്കൽ ബോർഡ് അംഗങ്ങളായ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ എത്തി ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ചത്. ഒപ്പം ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിന്റെ ചികിൽസയ്ക്ക് നേതൃത്വം കൊടുക്കുന്ന ഡോക്ടർമാരിൽനിന്നും വിശദാംശങ്ങൾ ശേഖരിക്കുകയും ചികിത്സാ രേഖകൾ പരിശോധിക്കുകയും ചെയ്തു. ഏകദേശം രണ്ടര മണിക്കൂറോളം പരിശോധന നീണ്ടു നിന്നു.

പരിശോധന റിപോർട്ട് വിലയിരുത്തിയ ശേഷം മെഡിക്കൽ ബോർഡ് ചേർന്ന് വിശദമായ റിപോർട് തയാറാക്കി കോടതിയിൽ സമർപ്പിക്കുന്നതിനായി എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറും. ഈ മാസം 24 ന് രാവിലെ 11 ന് മുമ്പായി മെഡിക്കൽ റിപോർട് സമർപ്പിക്കണമെന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശിച്ചിരിക്കുന്നത്. വി.കെ. ഇബ്രാഹിംകുഞ്ഞിനെ നാലു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും 24 ന് കോടതി പരിഗണിക്കുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന് നേരത്തെ വിജിലൻസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആശുപത്രിയിൽ ചികിത്സയിലായതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപോർട്ട് ലഭിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപോർട്ട് ഹാജരാക്കാൻ കോടതി എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകിയത്. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഏതാനും ദിവസം മുമ്പ് അറസ്റ്റു ചെയ്തത്. ചികിത്സ തുടരേണ്ടത് ആവശ്യമായതിനാൽ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്നും മാറ്റുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിൽ എത്തിയാണ് റിമാന്റ് ചെയ്തത്. മെഡിക്കൽ ബോർഡിന്റെ റിപോർടിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതി തുടർ നടപടി സ്വീകരിക്കുക.


 

Latest News