Sorry, you need to enable JavaScript to visit this website.

പള്ളി ഏറ്റെടുക്കുന്നതിനെതിരെ  കിടങ്ങ് തീർത്ത് യാക്കോബായ വിശ്വാസികൾ

പള്ളിക്കു മുന്നിൽ കടങ്ങ് തീർത്ത് കാവലിരിക്കുന്ന യാക്കോബായ വിശ്വാസികൾ. 

പത്തനംതിട്ട- പത്തനംതിട്ട കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കുന്നതിനെതിരേ യാക്കോബായ വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം. പ്രവേശന കവാടത്തിന്റെ മുൻഭാഗത്തെ മണ്ണ് നീക്കം ചെയ്ത് പള്ളി ഏറ്റെടുക്കലിനെതിരെ യാക്കോബായ വിഭാഗം പള്ളി പരിസരത്ത് രാത്രി വൈകിയും ക്യാമ്പ് തുടരുകയാണ്. പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം വൈദികനും സഭാ അംഗങ്ങളും സ്ഥലത്തേക്ക് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അവർ വരില്ലെന്ന് അറിയിച്ചതോടെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തിൽ അൽപം ശമനം വന്നിരുന്നു. അതേസമയം ഓർത്തഡോക്‌സ് വൈദികനും സംഘവും വരില്ലെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ പിരിഞ്ഞു പോവുകയുള്ളൂ എന്ന് യാക്കോബായ വിഭാഗം പോലീസിനെ അറിയിച്ചു. പള്ളി ഏറ്റെടുക്കുന്നതിനായി ജില്ലാ ഭരണകൂടം പോലീസിന്റെ സഹായം തേടിയിരുന്നു. പള്ളിയിലേക്കുള്ള പ്രവേശന കവാടത്തിന്റെ മുൻഭാഗത്തെ മണ്ണ് നീക്കം ചെയ്ത നിലയിലാണ് ഉണ്ടായിരുന്നത്. പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണ് നീക്കിയതാണെന്നും അല്ലാതെ മനഃപൂർവം കിടങ്ങ് തീർത്തതല്ലെന്നുമായിരുന്നു വിശ്വാസികൾ പറയുന്നത്.


കോടതി വിധി അനുസരിച്ച് ഓർത്തഡോക്‌സ് വിഭാഗത്തിലെ പുരോഹിതൻ സ്ഥലത്ത് എത്തിയാൽ അദ്ദേഹത്തെ തടയാനോ ഉപദ്രവിക്കാനോ ശ്രമിക്കുകയില്ലെന്ന് യാക്കോബായ വിശ്വാസികളിൽ ഒരാൾ പ്രതികരിച്ചിരുന്നു. പ്രദേശത്ത് താമസിക്കുന്നവർ മുഴുവൻ യാക്കോബായ വിഭാഗക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഒരു കാരണവശാലും പള്ളി ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികൾ. പള്ളി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ ഭരണകൂടം പോലീസിന്റെ സംരക്ഷണവും തേടിയിട്ടുണ്ട്. മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. 1907 ൽ സ്ഥാപിതമായതാണ് നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള വി കോട്ടയം പള്ളി. അതുകൊണ്ടുതന്നെ യാക്കോബായ വിഭാഗം കടുത്ത വൈകാരിക വിക്ഷോഭത്തിലാണ്.

 


 

Latest News