Sorry, you need to enable JavaScript to visit this website.

സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫും  ബി.ജെ.പിയും ഒന്നിക്കുന്നു -വിജയരാഘവൻ

മലപ്പുറം- വികസന പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ ബി.ജെ.പിയും യു.ഡി.എഫും കേന്ദ്ര അന്വേഷണ ഏജൻസികളും സംയുക്തമായി സംസ്ഥാന സർക്കാരിനെതിരെ പ്രവർത്തിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ സത്യം പുറത്ത് കൊണ്ടുവരാൻ വേണ്ടിയാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസിയെ ക്ഷണിച്ചത്. എന്നാൽ സത്യം കണ്ടെത്താതെ ഇ.ഡി രാഷ്ട്രീയമായി പെരുമാറുകയാണ് ചെയ്യുന്നതെന്ന് വിജയരാഘവൻ മലപ്പുറം പ്രസ്‌ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വികസനങ്ങളല്ല പകരം നാടിനുതകുന്ന വികസനം എന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാരിന്റെതെന്ന് അദ്ദേഹം പറഞ്ഞു. റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെട്ടവർക്ക് മികച്ച രീതിയിലാണ് നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് കിഫ്ബി മുഖേന വികസന കുതിപ്പാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിചേർത്തു. യു.ഡി.എഫ് ദുർബലമായ അവസ്ഥയിലാണ്. കേരളാ കോൺഗ്രസ് (എം) വിട്ട് പോയത് അവരെ കൂടുതൽ ദുർബലപ്പെടുത്തി. നേരത്തെ എൽ.ജെ.ഡിയും വിട്ടുപോയിരുന്നു. രാഷ്ട്രീയ തിരിച്ചടികൾക്ക് മുമ്പിൽ തീർത്തും ആത്മവിശ്വാസം നഷ്ടപ്പെട്ട് പരിഭ്രാന്തരായ യു.ഡി.എഫിനെയാണ് കേരളം കാണുന്നത്. 


അധികാരം അഴിമതിക്കും വർഗീയത വളർത്താനുമാണ് മുസ്‌ലിം ലീഗ് ഉപയോഗിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ശിഷ്യത്വം സ്വീകരിച്ച് മത മൗലിക വാദത്തിലേക്ക് അടുക്കുകയാണ് അവർ ചെയ്യുന്നത്. കോൺഗ്രസ് പിന്തുണയോടെയുള്ള ലീഗിന്റെ പ്രവർത്തനം തീവ്ര ഹിന്ദുത്വത്തെ വളർത്തും. രണ്ട് എം.എൽ.എമാർ അറസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞിട്ടും അഴിമതിയെ ന്യായീകരിക്കാനാണ് ലീഗിന്റെ ശ്രമം. ലീഗ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന് വീഴ്ചകൾ ഉണ്ടായതിന്റെ ഉത്തമ ഉദാഹരണമാണ് പാലാരിവട്ടം പാലം. യു.ഡി.എഫ് നേതാക്കൾക്കെതിരെ പ്രതികാരത്തോടെയല്ല കേസുകൾ എടുക്കുന്നത്. മറിച്ച് തെളിവുകളുടെയും പരാതിയുടേയും അടിസ്ഥാനത്തിലാണ്. തെളിവുകൾ കിട്ടുന്നത് അനുസരിച്ചാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. പ്രതിപക്ഷനേതാവിനെതിരെ ആക്ഷേപം പരസ്യമായി ഉയർന്നതാണ്. ഇതിൽ ഒരു രാഷ്ട്രീയവും ഇല്ലെന്നും വിജയരാഘവൻ പറഞ്ഞു. ആരോപണങ്ങൾ വരുമ്പോൾ അനേഷണം നടത്തി നടപടികളും സ്വീകരിക്കും. സംസ്ഥാനത്തെ വികസനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ 25 ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് 'കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി പ്രതിരോധം സൃഷ്ടിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

 

Latest News