ജിദ്ദ- മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്ന ഭരണകൂടങ്ങളാണ് ലോകത്ത് സമാധാനമില്ലായ്മക്ക് പ്രധാന ഹേതുവെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി നജീബ് മൗലവി മമ്പാട് പറഞ്ഞു.
തങ്ങൾക്ക് ഹിതകരമായ കാര്യങ്ങൾ എഴുതുകയും പറയുകയും ചെയ്യാത്തവരെ ഈ ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യുക എന്നതാണ് ഇത്തരം ഭരണകൂടങ്ങളുടെ രീതി. ഇതിന് ഇരയാകുന്നത് മുസ്‌ലിംകൾ മാത്രമല്ല. ഫാസിസ്റ്റുകൾക്ക് മതമില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് ഗൗരി ലങ്കേഷ്, കൽബുർഗി, ബൻസാരെ തുടങ്ങിയവരുടെ കൊലപാതകങ്ങൾ. ഇതര മതങ്ങളെ ഇകഴ്ത്തുന്ന വിധത്തിലുള്ള ഇസ്‌ലാമിക പ്രബോധനം നബിചര്യക്ക് എതിരാണെന്നും അങ്ങനെ വരുമ്പോഴാണ് ഇതര മതസ്ഥരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്‌ലാമിക് കൾച്ചറൽ സൊസൈറ്റി (ഐ.സി.എസ്) ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച റോഹിംഗ്യൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ.സി.എസ് ജിദ്ദ കമ്മിറ്റി രക്ഷാധികാരി ഒ.കെ ഉമറിന്റെ അധ്യക്ഷതയിൽ സകരിയ്യ മൗലവി തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.കെ ശാക്കിർ (കെ.എം.സി.സി), സി.ടി.പി ഉമ്മർകുട്ടി (ഒ.ഐ.സി.സി), ശറഫുദ്ദീൻ ബാഖവി (കേരള മുസ്‌ലിം ജമാഅത്ത്), റസാഖ് മാസ്റ്റർ മമ്പുറം (പി.സി.എഫ്), ഹുസൈൻ ബാഖവി പൊന്നാട് (ഐ.ഡി.സി), കോയസ്സൻ ബീരാൻകുട്ടി (സോഷ്യൽ ഫോറം), സയ്യിദ് മുസമ്മിൽ ജിഫ്രി തങ്ങൾ (ഐ.സി.എസ് റിയാദ്), കെ.വി യൂനുസ് സലിം (ഐ.സി.എസ് ഖമീസ് മുഷൈത്ത്), ഇസ്ഹാഖ് ഖാസിമി (ജാമിഅ ഫലാഹിയ്യ നാദാപുരം), ഡോക്ടർ സുബൈർ (ഐ.സി.എസ് ജിദ്ദ) തുടങ്ങിയവർ സംസാരിച്ചു.
കെ.ടി സക്കീർ ഹുസൈൻ സ്വാഗതവും നാസർ മൗലവി ബത്തേരി നന്ദിയും പറഞ്ഞു.






