സമീപ കാലത്തൊന്നും കേട്ടുകേൾവിയില്ലാത്ത വിധം ലോക ജനതതിയെ പിടിച്ചുലച്ചു ഭീതിയിലാഴ്ത്തുകയും ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കുകയും ചെയ്ത കൊറോണ വൈറസ്, അത് മനുഷ്യ ശരീരത്തിൽ ബാധിച്ചതായി കണ്ടുപിടിച്ച നാളിന്റെ കണക്കു വെച്ച് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം കൊറോണ വൈറസ് 2 കാരണമായുണ്ടായ കൊറോണ വൈറസ് രോഗമാണ് കോവിഡ്19 എന്നറിയപ്പെടുന്നത്. മൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകർന്നതായി കണ്ടെത്തിയിരിക്കുന്നത്. സാധാരണ പകർച്ചവ്യാധികൾക്കു മലയാള ഭാഷയിൽ മഹാമാരി എന്നും ഇംഗ്ലീഷ് ഭാഷയിൽ എപിഡെമിക് എന്നുമാണ് പറയാറ്. എന്നാൽ കോവിഡ്19 എന്ന മഹാമാരിയെ ഇംഗ്ലീഷ് ഭാഷയിൽ പാൻഡെമിക് എന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നു ലോകരാജ്യങ്ങളെ ഏതാണ്ട് പൂർണമായും ഗ്രസിച്ചിട്ടുള്ളതിനാലാണ് പാൻഡെമിക് എന്ന് വിശേഷിപ്പിക്കുന്നത്. ചൈനയിലെ വുഹാൻ നഗരത്തിൽ 2019 നവംബർ 17 നാണ് ഒന്നാമത്തെ കൊറോണ വൈറസ് ബാധിച്ച രോഗിയെ കണ്ടെത്തുന്നത്. വുഹാൻ നഗരവും കടന്ന് ചൈനയിലെ മറ്റു പ്രദേശങ്ങളിലും തുടർന്ന് മറ്റു രാജ്യങ്ങളിലേക്കും രാജ്യങ്ങൾ കടന്നു ഭൂഖണ്ഡങ്ങളിലേക്കും അങ്ങനെ ലോകത്തെ മിക്ക രാജ്യങ്ങളിലും കോടിക്കണക്കിന് ജനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് ഈ വൈറസ്.
2020 മാർച്ച് 11 നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. 2020 ഏപ്രിൽ ആദ്യവാരത്തിലുള്ള കണക്കുകൾ പ്രകാരം 209 രാജ്യങ്ങളിലും
മറ്റു പ്രദേശങ്ങളിലുമായി 70.38 ലക്ഷം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 4.03 ലക്ഷം ആളുകൾ മരണപ്പെടുകയും 3,46,000 പേർ രോഗമുക്തി നേടുകയും ചെയ്തതായാണ് കണക്കുകൾ പറയുന്നത്.
ലോകത്ത് 5,56,71,441 പേരെ ബാധിച്ചതായാണ് ഏതാനും ദിവസം മുമ്പു വരെയുള്ള കണക്കുകൾ പറയുന്നത്. 13,37,998 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. രോഗബാധിതരിൽ 3,88,16,563 പേർ രോഗ മുക്തരായി ജീവിതത്തിലേക്ക് മടങ്ങിയിട്ടുമുണ്ട്.
പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് രോഗബാധിതരിൽ സാധാരണയായി പ്രകടമാകുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഗുരുതരമായി ന്യുമോണിയ, ശ്വാസകോശത്തെ ബാധിക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രം എന്നിവയായി മാറുകയും ചെയ്യുന്നു. ഒരാളുടെ ശരീരത്തിൽ കൊറോണ രോഗാണു പ്രവേശിച്ചാൽ ശരാശരി അഞ്ചു ദിവസം അയാളിൽ അടയിരിക്കുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ രോഗാണു ഒരാളുടെ ശരീരത്തിൽ രണ്ട് മുതൽ പതിനാല് ദിവസം വരെ നിലനിൽക്കാനും സാധ്യതയുള്ളതായി വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.
മനുഷ്യർ തമ്മിലുള്ള സമ്പർക്കത്തിലൂടെയും അതുപോലെ പലയാളുകളിലൂടെ കൈമാറ്റം ചെയ്തു വരുന്ന വസ്തുക്കളിലൂടെയും വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ കരുതലോടെ ജീവിക്കാനുള്ള നിർദേശമാണ് സർക്കാരുകളും ആരോഗ്യ പ്രവർത്തകരും സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി കൊടുത്തുകൊണ്ടിരിക്കുന്നത്. സോപ്പുപയോഗിച്ചു കൈകൾ കഴുകിയും സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണം നടത്തിയും വൈറസിനെ പ്രതിരോധിക്കാനും നിരന്തരമായി നിർദേശം നൽകുന്നു. മറ്റു വ്യക്തികളുമായോ വിവിധയാളുകൾ കൈകാര്യം ചെയ്യുന്ന വസ്തുക്കളിലോ കൂടുതലായി സ്പർശനമുണ്ടാകുന്ന കൈകൾ ശുദ്ധിയായി സൂക്ഷിക്കുകയും കണ്ണ് , മുഖം തുടങ്ങിയ അവയവങ്ങളിൽ ശുദ്ധിയില്ലാതെ സ്പർശിക്കുന്നത് ഒഴിവാക്കാനും ആരോഗ്യ മേഖലയിലുള്ളവർ നിരന്തരം നിർദേശം നൽകിക്കൊണ്ടിരിക്കുന്നു. അതേപോലെ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌കുപയോഗിച്ചു വായയും മൂക്കും മറയ്ക്കുവാനും കർശന നിർദേശം നൽകിക്കൊണ്ടാണ് പ്രതിരോധ നടപടികൾ ഭരണകൂടവും അധികൃതരും സ്വീകരിച്ചു വരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം ലോകത്തെ കോവിഡ് റിപ്പോർട്ട് ചെയ്ത 217 രാജ്യങ്ങളിൽ മരണ നിരക്കിൽ അമേരിക്ക തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇതുവരെയായി 1,16,95,711 പേർ രോഗബാധിതരായതിൽ 2,54,255 പേർ കോവിഡ് മൂലം മരണമടഞ്ഞതായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം തൊട്ടടുത്ത സ്ഥാനത്തുള്ളത് ബ്രസീലാണ്. അവിടെ മരണ സംഖ്യ 1,66,743 ആണ് കണക്കുകളിൽ പറയുന്നത്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന നമ്മുടെ രാജ്യത്ത് രോഗബാധിതർ 89,12,907 ഉം അതിൽ മരണപ്പെട്ടവർ 1,31,031 പേരുമാണ്. മെക്‌സിക്കോ, യു.കെ., ഇറ്റലി, ഫ്രാൻസ്, റഷ്യ, സ്‌പെയിൻ, അർജന്റീന, ഇറാൻ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധയുടെ കെടുതികൾ കൂടുതലായി അനുഭവിക്കുന്നതും മരണ സംഖ്യയിൽ തൊട്ടുപിറകിലായി നിൽക്കുന്നതും. കൊറോണ വൈറസ് ബാധ രൂക്ഷമായിത്തുടങ്ങിയതു മുതൽ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരും ലോക സംഘടനയും കോവിഡ് മഹാമാരിക്കെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള പ്രയത്‌നത്തിലാണ്.
റഷ്യയും ഇറ്റലിയിലും ഇസ്രായിലിലും അമേരിക്കയിലും ബ്രിട്ടനിലും ഇന്ത്യയിലുമെല്ലാം പ്രതിരോധ വാക്‌സിൻ കണ്ടുപിടിച്ചുവെന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും പൂർണമായും കൊറോണ വൈറസിനെ പ്രതിരോധിക്കാനുതകുന്ന മരുന്ന് കണ്ടുപിടിച്ചതായി അറിവില്ല. പൂർണമായും തുടച്ചു നീക്കാൻ കഴിയാത്ത വിധം മനുഷ്യ ശരീരത്തിലും ചില പ്രതലങ്ങളിൽ പടരുകയും നിലനിൽക്കുന്നതുമായ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതും നമ്മുടെ അശ്രദ്ധ മൂലം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള കടമ നമുക്കോരോരുത്തർക്കും തന്നെയാണ്. കൊറോണയുടെ തീവ്രതയും മനുഷ്യ ശരീരത്തിൽ അത് പകർന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെയും അവജ്ഞയോടെ കാണുന്ന പക്ഷം അതിഗുരുതരമായ സ്ഥിതിവിശേഷമാണ് സംജാതമാവുക.






