ഏഴാം കടലിനക്കരെ -3
ഫെറിയിലൂടെ ഞങ്ങൾ സറ്റാട്ടൻ ഐലന്റിലെ താമസ സ്ഥലത്ത് തന്നെ തിരിച്ചെത്തി. തോമസ് അച്ചായന്റെ വീട്ടിൽ നിന്ന് തന്നെയായിരുന്നു ഭക്ഷണം. താറാവ് പപ്പാസും ചപ്പാത്തിയും, മറ്റു പഴവർഗങ്ങളുമായി വിസ്തരിച്ച ഒരു ഡിന്നർ. അന്നത്തെ പകൽ മുഴുവൻ ചുറ്റി കറങ്ങലുമായി നല്ല ക്ഷീണമുണ്ട്. ടൂർ പാക്കേജ് പ്രകാരം രാവിലെ ഒൻപതു മണിക്ക് തന്നെ ന്യൂ യോർക്ക് ടൈം സ്‌ക്വയറിൽ എത്തണം. നേരത്തെ തന്നെ കിടക്കാം എന്ന് കരുതി. ഇന്നത്തെ യാത്രയെ കുറിച്ചുള്ള ചില ചിന്തകൾ തികട്ടി വരാൻ തുടങ്ങിയപ്പോഴേക്കും ഉറക്കം തന്നെ കീഴ്‌പെടുത്തിക്കഴിഞ്ഞു.
അതിരാവിലെ അഞ്ചു മണിക്ക് തന്നെ ഉറക്കമുണർന്നു. തണുപ്പിന്റെ കാഠിന്യം തന്നെ പുതപ്പു മാറ്റിയിടാൻ വയ്യാത്ത മടി. എന്തായാലും നേരത്തെ ടൂർ പരിപാടി തുടങ്ങേണ്ടതല്ലേ എന്ന് കരുതി തന്റെ സുഹൃത്ത് പോൾ വർഗീസിനെ വിളിച്ചുണർത്തി. ഒരു മണിക്കൂറിനകം തന്നെ യാത്രക്ക് തയ്യാറായി. തലേ ദിവസത്തെ യാത്ര പോലെ തന്നെ വീണ്ടും ഫെറിയിലൂടെ ടൈം സ്‌ക്വയറിലേക്ക്. ഇന്നത്തെ യാത്രയിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ എംപയർ ബിൽഡിംഗ്, സെൻട്രൽ പാർക്ക്, മെട്രോ പോളിട്ടൻ മ്യൂസിയം ഓഫ് ആർട്ട്, മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ഗ്രാന്റ് സെൻട്രൽ സ്‌റ്റേഷൻ, ബാറ്ററി ടണൽ, ചൈന ടൗൺ, അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസറ്ററി, വാക്‌സ് മ്യൂസിയം, റൂസ്‌വെൽറ്റ് ഐലന്റിലെ ട്രാംവേ തുടങ്ങിയ സ്ഥലങ്ങൾ പട്ടികയിലുണ്ട്. ടൂർ പാക്കേജ് അനുസരിച്ച് ഇത്രയും സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ട് തന്നെ സന്ദർശിച്ചു മടങ്ങാം അല്ലെങ്കിൽ വിശദമായി തന്നെ നടന്നു കണ്ടു മടങ്ങാം. അതിനു ഒറ്റ വഴിയേ ഉള്ളൂ അതാത് സ്ഥലങ്ങളിൽ എത്തിയാൽ ഈ ബസിൽ നിന്നും ഇറങ്ങി. സന്ദർശനം ആവോളം ആസ്വദിച്ചതിനു ശേഷം ഇതേ ടൂർ പാക്കേജിൽ ഉള്ള ബസുകൾ വേറെയും അവിടെയുണ്ടാകും, അടുത്ത കേന്ദ്രത്തിലേക്ക് ഇവരുടെ സർവീസ് ഉപയോഗപ്പെടുത്താം.
ഇന്നത്തെ ദിവസം എന്തോ തെളിച്ചമുള്ളതായി കാണപ്പെട്ടു. സൂര്യൻ പുഞ്ചിരിച്ചുകൊണ്ട് കിഴക്കൻ ചക്രവാളത്തിൽ ഉദയം കൊണ്ടുനിൽക്കുന്നു. ഇന്നലെ ഈ സമയത്ത് പോലും തണുത്ത കാറ്റ് വല്ലാതെ പ്രയാസത്തിലാക്കിയെങ്കിലും ഇന്ന് ഒരു ഇളം തെന്നൽ മാത്രം. ഞങ്ങൾ തുറന്ന ബസിൽ കയറി നഗരത്തിലൂടെ യാത്ര തുടർന്നു. പടുകൂറ്റൻ ബിൽഡിംഗ് സമുച്ചയങ്ങളുടെ ഇടയിലെ പാതയിലൂടെ യാത്ര ഗൈഡ് വിശദമായി തന്നെ അവലോകനം ചെയ്യുന്നുണ്ട്. പെട്ടെന്നാണ് ബസ് ഒരു റോഡരികിലേക്ക് മാറ്റി നിറുത്തിയത്. അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപിന്റെ ഹോട്ടൽ സമുച്ചയം, അതിനോട് എതിർ വശത്തായി അദ്ദേഹത്തിന്റെ തന്നെ ട്രംപ് ടവർ. ഇതിന്റെയെല്ലാം ചിത്രങ്ങൾ പകർത്താൻ ഗൈഡ് ഞങ്ങളോട് നിർദ്ദേശിച്ചു.
നേരെ പോകുന്നത് ചരിത്ര പ്രസിദ്ധമായ അമേരിക്കൻ മ്യൂസിയം ഓഫ് നാച്യുറൽ ഹിസറ്ററി എന്ന മ്യൂസിയത്തിലേക്കാണ്. മുപ്പതു ഡോളർ നൽകി പാസ് എടുത്തു അകത്തു കയറി. എന്നെ ഏറെ ആകർഷിച്ചത് ലോകത്തെ അത്ഭുത ജീവിയെന്ന് അറിയപ്പെടുന്ന മാംസഭോജിയായ ദിലോഫറിന്റെ കൃത്രിമമായ അസ്ഥികൂടമാണ്. ഏകദേശം മൂന്നു മണിക്കൂറിനു ശേഷം അവിടെ നിന്നും ഇറങ്ങി നേരെ വാക്ക്‌സ് മ്യൂസിയത്തിലേക്ക് നീങ്ങി. ലോക പ്രശസ്തരായ കലാ കായിക സിനിമാ പ്രതിഭകൾക്കൊപ്പം രാഷ്ട്രത്തലവന്മാരുടെ മെഴുകു പ്രതിമകളാണ് ഇവിടുത്തെ ആകർഷണം. ഗാന്ധിജി, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ ഇന്ത്യക്കാരുടെ പ്രതിമകൾ ഏറെ ശ്രദ്ധയാകർഷിച്ചു. ഒറിജിനലിനെ വെല്ലുന്ന ഈ മെഴുകു പ്രതിമകൾ നല്ല ഒരു കാഴ്ചാനുഭവം തന്നെ.
ഏകദേശം രണ്ടു മണി കഴിഞ്ഞു. ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഒരു ഇന്ത്യൻ ഹോട്ടൽ തിരഞ്ഞു. തെരുവോരത്ത് ഇന്ത്യക്കാരനെന് തോന്നിക്കുന്ന ഒരു കച്ചവടക്കാരനോട് അന്വേഷിച്ചു. രണ്ടു ക്രോസിനപ്പുറത്ത് ഉണ്ടെന്ന് വിവരം. അവിടം ലക്ഷ്യം വെച്ചു നടന്നു തുടങ്ങി. ഇന്ത്യൻ റെസ്റ്റോറന്റ് എന്ന സൈൻ ബോർഡ് കണ്ടു. സമാധനത്തോടെ അകത്തു കയറി മീൽസ് കഴിച്ചു. മലയാളികൾക്ക് ലോകത്തിന്റെ ഏതു കോണിൽ പോയാലും അൽപം ചോറും കറിയും കണ്ടാൽ തന്നെ വയറു നിറയുമല്ലോ. ഭക്ഷണം കഴിഞ്ഞു തിരിച്ചിറങ്ങി. എന്റെ സുഹൃത്തിനു ടൈം സ്‌ക്വയർ ഒന്ന് കൂടി കാണണമെന്നായി. ഞാൻ മനസ്സിൽ വിചാരിക്കുമ്പോഴാണ് അദ്ദേഹം ഈ ആഗ്രഹം എന്നോട് പറയുന്നത്. ലോകത്തിലെ വിവിധ രാജ്യക്കാരുടെ സംഗമ കേന്ദ്രമായ ടൈം സ്‌ക്വയറിൽ എത്തിയാൽ വല്ലാത്തൊരു അനുഭൂതിയാണ്. രണ്ടു മണിക്കൂർ അവിടെയും ചെലവഴിച്ചു. വൈകുന്നേരത്തിനു മുമ്പ് യു.എസിലെ പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് കൂടി സന്ദർശിച്ചേക്കാം എന്ന് കരുതി യാത്ര തുടർന്നു.
സബ് വേ എന്നറിയപ്പെടുന്ന ഭൂഗർഭ ട്രെയിൻ സർവീസിലൂടെ ഞങ്ങൾ ബോട്ട് ജെട്ടിയിലെത്തി. എംപയർ സ്റ്റേറ്റ് ബിൽഡിംഗ് കാണുന്നതിനായി ബോട്ടിൽ കയറി. അത് നിലകൊള്ളുന്ന ചെറു ദീപിലെത്തി ആകാശം മുട്ടി നിൽക്കുന്ന ആ കെട്ടിടത്തിനകത്തേക്ക് നീങ്ങി. ഉയരം കൂടിയ കെട്ടിടമായ 102 നിലകളുള്ള എംപയർ സ്‌റ്റേറ്റ് ബിൽഡിങ് ആകാശം തുളച്ചു മേഘങ്ങളെ തൊട്ടു തലയുയർത്തിയാണ് നിൽപ്. അര നൂറ്റാണ്ടിലേറെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമ്മിതി എന്ന ബഹുമതിയുമായി ഈ കെട്ടിടം നിലനിന്നു. 1250 അടി ഉയരത്തിൽ നില കൊള്ളുന്ന ഈ കെട്ടിടം 1930 ലാണ് പണിയാരംഭിച്ചത്. 14 മാസം കൊണ്ട് പണി പൂർത്തിയാക്കി ഉദ്ഘാടനവും നടത്തപ്പെട്ടു. ഇതിന്റെ 86 ാം നിലയിലെ ഒബ്‌സർവേറ്ററിയിൽ നിന്നാൽ ന്യൂയോർക്ക് സിറ്റിയുടെ ദൃശ്യങ്ങൾ കാണാൻ കഴിയും. ഇത്രയും ഉയരം താണ്ടാൻ എലിവേറ്ററിന് ഒരു മിനിറ്റ് മാത്രമേ വേണ്ടൂ.
(അവസാനിച്ചു)