പുറത്താക്കിയ ഡിഎംകെ നേതാവ് ബിജെപിയില്‍ ചേര്‍ന്നു; അഴഗിരിയും ഉടന്‍ എത്തുമെന്ന്

ചെന്നൈ- മുതിര്‍ന്ന ഡിഎംകെ നേതാവും മുന്‍ എംപിയുമായ കെ പി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാര്‍ച്ചില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രാമലിംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ വിമത നേതാവും സ്റ്റാലിന്റെ സഹോദരനുമായ എംകെ അഴഗിരിയുമായി അടുപ്പമുള്ള നേതാവാണ് രാമലിംഗം. അഴഗിരിയേയും ഉടന്‍ ബിജെപിയിലെത്തിക്കുമെന്ന് രാമലിംഗം പറഞ്ഞു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗന്‍, സംസ്ഥാന ചുമതലയുള്ള നേതാവ് സി.ടി രവി എന്നിവരുടെ സാന്നിധ്യത്തിലാണ് രാമലിംഗം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

കൊറോണ വൈറസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എംകെ സ്റ്റാലിന്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ചില്‍ രാമലിംഗത്തിനെതിരെ ഡിഎംകെ അച്ചടക്കനടപടി സ്വീകരിച്ചത്. 

ഡിഎംകെ ടിക്കറ്റില്‍ 1996ലാണ് രാമലിംഗം ലോക്‌സഭാംഗമായത്. പിന്നീട് 2010ല്‍ രാജ്യസഭ എംപിയായി. ഡിഎംകെയില്‍ ചേരുന്നതിന് മുമ്പ് 1980 മുതല്‍ 1984 വരെ അണ്ണാ ഡിഎംകെ എംഎല്‍എ ആയിരുന്നു രാമലിംഗം.
 

Latest News